തൊടുപുഴ (ഇടുക്കി): തൊടുപുഴ പോലീസ് സ്റ്റേഷൻ അങ്കണത്തിൽ പ്രവർത്തിച്ചിരുന്ന ഹെൽത്ത് ക്ലബ്ബുമായി ബന്ധപ്പെട്ട ആരോപണം അന്വേഷിക്കുന്നതിന് ദക്ഷിണമേഖലാ ഐ.ജി. ഇറക്കിയ രഹസ്യ ഉത്തരവ് ഉദ്യോഗസ്ഥർക്ക് ലഭിക്കും മുൻപേ തൊടുപുഴ മുനിസിപ്പാലിറ്റിയിലെ മുസ്‌ലിം ലീഗ് വാർഡ് കൗൺസിലർ ഫെയ്‌സ് ബുക്ക്‌ പേജിൽ പങ്കുവെച്ചതായി പരാതി. കൗൺസിലർ കെ.എം.നിഷാദിനെതിരേയാണ് ആരോപണം.

To advertise here,

പ്രശ്‌നത്തിലുൾപ്പെട്ട പോലീസുകാർക്ക് ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ ഈ ഉത്തരവ് ഇദ്ദേഹം സമൂഹ മാധ്യമത്തിൽ എത്തിച്ചു. സീനിയർ പോലീസ് ഓഫീസർ ടി.എം. ബിനോയ്, സിവിൽ പോലീസ് ഓഫീസർ എം.എസ്. റിയാദ് എന്നിവരാണ് ജില്ലാ പോലീസ് സൂപ്രണ്ടിന് ഇതു സംബന്ധിച്ച് പരാതി നൽകിയത്.

ഈ വിഷയത്തിലുൾപ്പെട്ട 10 പോലീസുകാരുടെയും പെൻ നമ്പർ സഹിതം ഉത്തരവിന്റെ പകർപ്പാണ് മോശം പരാമർശങ്ങളോടെ നിഷാദ് പ്രചരിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. ഇത് നിയമവിരുദ്ധമാണെന്നും പോലീസിന്റെ രഹസ്യരേഖ ചോർത്തി നൽകിയതിനെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നു.

10 പോലീസ് ഉദ്യോഗസ്ഥർക്കെതിരേ ദക്ഷിണമേഖലാ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസിന്റെ അന്വേഷണ ഉത്തരവ് ഇറങ്ങിയതായി അറിഞ്ഞുവെന്നും, എന്നാൽ നാളിതുവരെ പകർപ്പ് ലഭിച്ചിട്ടില്ലെന്നും 28-ന് ഇരുവരും നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ, കെ.എം.നിഷാദ് തന്റെ ഫെയ്‌സ് ബുക്കിൽ 27-ന് ഈ ഉത്തരവിന്റെ പകർപ്പ് പങ്കുവെച്ചു.

പോലീസിന്റെ കോൺഫിഡൻഷ്യൽ ഉത്തരവ് ഒരു സാധാരണ പൗരന് കിട്ടിയതുവഴി പെൻ നമ്പർ ഉൾപ്പെടെയുള്ള ഔദ്യോഗിക സർവീസ് രേഖകൾ പുറത്തായെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. രണ്ട് ദശാബ്ദത്തിലേറെ നീണ്ട സർവീസിനിടയിൽ യാതൊരു തരത്തിലുമുള്ള അച്ചടക്ക നടപടികളോ മറ്റോ നേരിട്ടിട്ടില്ല. എന്നിട്ടും ഈ ഉത്തരവ് പുറത്തുവന്നതോടെ ആദ്യമേതന്നെ കുറ്റക്കാരനെന്ന് സമൂഹമാധ്യമങ്ങൾ തീർപ്പുകൽപ്പിക്കുന്ന നിലയുണ്ടായി. സഹപ്രവർത്തകർക്കിടയിലും കുടുംബക്കാർക്കിടയിലും വലിയ അവമതിപ്പുമുണ്ടാക്കി. ഈ സാഹചര്യത്തിൽ ഐ.ജിയുടെ ഉത്തരവ് എങ്ങനെയാണ് ചോർന്നതെന്ന് കണ്ടെത്തണമെന്നും പരാതിയിൽ അഭ്യർഥിക്കുന്നു.

പരാതി കിട്ടിയാൽ അന്വേഷിക്കും -എസ്.പി.

ഇത്തരത്തിൽ പോലീസുകാരുടേതായി പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. പരാതി തന്റെ മുന്നിലെത്തിയാൽ അന്വേഷിക്കുമെന്നും ജില്ലാ പോലീസ് മേധാവി ഡോ. എ.നസീം പറഞ്ഞു.