ചേരാനല്ലൂർ: ഇരുപത്തിമൂന്നു ദിവസത്തെ ഇടവേളയ്ക്കുശേഷം ചിറ്റൂരിലെ തട്ടുകടയിലേക്ക് ജയബാലകൃഷ്ണനില്ലാതെ, ഭാര്യ ബിന്ദുവും മക്കളായ ഭദ്രകീർത്തിയും ഭരത്ശങ്കറും ഭാഗ്യദർശനുമെത്തി. ഇനിമുതൽ കട പതിവുപോലെ തുറന്നു പ്രവർത്തിക്കും. ജയബാലകൃഷ്ണന്റെ അസാന്നിധ്യം നികത്താനാകാത്തതെങ്കിലും വേറെ വഴിയില്ല, ഇനിയത് മക്കൾക്കൊപ്പം ചെയ്യണം. ജയബാലകൃഷ്ണന്റെ ഭാര്യ ബിന്ദു ഏറെ കരുത്തോടെയാണത് പറഞ്ഞത്. 25 വർഷക്കാലം തട്ടുകടയിൽ ജയബാലകൃഷ്ണന്റെ നിഴലായി ബിന്ദുവും ഒപ്പമുണ്ടായിരുന്നു. കച്ചവടം നടത്തിയിരുന്നതും കടയടച്ചു രാത്രി വീട്ടിലേക്കു പോയിരുന്നതുമെല്ലാം ഒരുമിച്ചുതന്നെയായിരുന്നു. ബിന്ദു ഒപ്പമില്ലാതിരുന്ന ഒരു രാത്രിയിലാണ് കണ്ടെയ്‌നർ റോഡിൽ 17-കാരൻ ഓടിച്ച കാറിടിച്ചു ജയബാലകൃഷ്ണൻ മരിച്ചത്.

To advertise here,

അതേപ്പറ്റി ഓർക്കുമ്പോൾ ഒരാന്തലാണ് നെഞ്ചിൽ നിന്നും വരുന്നതെന്നു ബിന്ദു പറയുന്നു. എന്നാലും അതിജീവിച്ചല്ലെ പറ്റൂ. എല്ലാം നേടിയത് ഈ തട്ടുകടയിൽ നിന്നുമാണ്. മൂന്നു മക്കളെ നല്ലനിലയിൽ പഠിപ്പിച്ചതും സ്വന്തമായൊരു വീടുവെച്ചതും വായ്പ തിരച്ചടയ്ക്കുന്നതും വീട്ടുകാര്യങ്ങളെല്ലാം നടത്തിയിരുന്നതുമൊക്കെ തട്ടുകടയിലെ വരുമാനത്തിൽ നിന്നായിരുന്നു. താൻ ഒപ്പമുണ്ടായിരുന്നെങ്കിലും എല്ലാം ചെയ്തത് ജയബാലകൃഷ്ണനായിരുന്നു. ഇനിയത് മക്കളെക്കൂട്ടി ചെയ്യണം. കടയിലേക്ക് സാധനങ്ങൾ വാങ്ങുന്നതിനുൾപ്പെടെ എല്ലായിടത്തും തന്നെ കൊണ്ടുപോകുമായിരുന്നു. എല്ലാം പരിചയപ്പെടുത്തി തന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ കട നടത്തിക്കൊണ്ടുപോകാൻ പ്രശ്‌നമാകില്ല. വൈകീട്ട് ആറിനു തുടങ്ങുന്ന കച്ചവടം രാത്രി ഏറെ വൈകിയാണ് അവസാനിപ്പിക്കുന്നത്. ചിലപ്പോഴത് പാതിരാത്രിയും കഴിയും. ഭക്ഷണം തേടിയെത്തുന്ന അവസാനത്തെയാൾക്കും അതു കൊടുക്കണമെന്നത് ജയബാലകൃഷ്ണനു നിർബന്ധമായിരുന്നു. ഇനിയത് എത്രമാത്രം കഴിയുമെന്നറിയില്ല. എന്നാലും പരമാവധി സമയം തട്ടുകട പ്രവർത്തിപ്പിക്കാൻ തന്നെയാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

മകൾ ഭദ്രകീർത്തി ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ചു. മറ്റൊരു ജോലി കിട്ടുന്നതുവരെ സഹോദരങ്ങളായ ഭരത് ശങ്കറിനും ഭാഗ്യദർശനുമൊപ്പം കടയിൽ സഹായത്തിനായി ഒപ്പമുണ്ടാകുമെന്നും ബിന്ദു പറഞ്ഞു.

ചിറ്റൂരിലെ തറവാട്ടു വീതമായി കിട്ടിയിട്ടുള്ള രണ്ടു സെന്റിലുള്ള വീട്ടിൽ ഇനിമുതൽ സ്ഥിരതാമസമാക്കും. ജയബാലകൃഷ്ണനുള്ളപ്പോൾ മാഞ്ഞാലിയിലെ വീട്ടിലാണ് താമസിച്ചിരുന്നത്. കടപൂട്ടി രാത്രിയേറെ വൈകിയാണ് പതിവായി അവിടേക്ക് പോയിരുന്നത്. ഇനിയതിനു കഴിയില്ല. ജയബാലകൃഷ്ണന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരാനും പരമാവധി ശിക്ഷ വാങ്ങി നൽകാനും തങ്ങളാലാവും വിധം പോരാടുമെന്നും ബിന്ദു പറഞ്ഞു.