തിരുവനന്തപുരം: വർക്കലയിൽ മത്സ്യം കഴിച്ച് ഒട്ടേറെപ്പേർ ആശുപത്രിയിലായ സംഭവം ‘സിഗ്വാറ്റെറ’ എന്ന മത്സ്യവിഷബാധയാകാമെന്ന് സംശയം. വറ്റ മത്സ്യമാണ് വിഷബാധയ്ക്കു കാരണമായതെന്നാണ് കരുതുന്നതെന്ന് കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല (കുഫോസ്) വൈസ് ചാൻസലർ പ്രൊഫ. എ. ബിജുകുമാർ പറഞ്ഞു. എന്നാൽ, രോഗകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പവിഴപ്പുറ്റുകൾക്കും പാറക്കെട്ടുകൾക്കും സമീപമുള്ള വലിയ ഇരപിടിയൻ മത്സ്യങ്ങളിൽ അടിഞ്ഞുകൂടുന്ന സിഗ്വാറ്റോക്സിൻ എന്ന പ്രകൃതിദത്ത വിഷമാണ് വില്ലനാകുന്നത്. നിറമോ മണമോ രുചിയോ ഇല്ലാത്ത ഈ വിഷം പാചകംചെയ്താലോ ശീതീകരിച്ചാലോ ഉണക്കിയാലോ നശിക്കില്ല.

To advertise here,

പവിഴപ്പുറ്റുകളും പാറക്കെട്ടുകളുമുള്ള കടൽഭാഗങ്ങളിൽ കാണുന്ന ഗാംബിയർഡിസ്കസ്, ഫുകുയോവ തുടങ്ങിയ സൂക്ഷ്മജീവികളിൽനിന്നാണ് വിഷം ഉണ്ടാകുന്നത്. സസ്യഭുക്കുകളായ മത്സ്യങ്ങളിലൂടെ ഭക്ഷ്യശൃംഖലയിൽ കടക്കുന്ന വിഷം ചെമ്പല്ലി (വെളമീൻ), കലവ (ഹമൂർ), നെടുവ (ചീലാവ്), വറ്റ (പാര) തുടങ്ങിയ മത്സ്യങ്ങളിൽ അടിഞ്ഞുകൂടും. ഛർദി, വയറിളക്കം, വയറുവേദന, ശരീരത്തിൽ തരിപ്പ്, ചൊറിച്ചിൽ, തലകറക്കം, ചൂടും തണുപ്പും തിരിച്ചറിയുന്നതിൽ അസ്വാഭാവികത എന്നിവയാണ് ലക്ഷണങ്ങൾ. ഗുരുതര കേസുകളിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങളുമുണ്ടാകാം. പ്രതിവിഷമില്ലെങ്കിലും ചികിത്സയിലൂടെ ലക്ഷണങ്ങൾ നിയന്ത്രിക്കാം.

മത്സ്യം കഴിച്ച എല്ലാവർക്കും ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. ഓരോ മത്സ്യത്തിലും ശരീരഭാഗങ്ങളിലും വിഷത്തിന്റെ അളവ് വ്യത്യാസപ്പെടും. കടൽമത്സ്യങ്ങളിലെ ജൈവവിഷങ്ങളും ഹാനികരമായ ആൽഗകളുടെ വ്യാപനവും നിരീക്ഷിക്കാൻ ദേശീയ സമുദ്രഗവേഷണ സ്ഥാപനങ്ങൾ, ഭക്ഷ്യസുരക്ഷാ വകുപ്പ്, ആരോഗ്യവകുപ്പ്, ഗവേഷണ-അക്കാദമിക് സ്ഥാപനങ്ങൾ എന്നിവയെ ഉൾപ്പെടുത്തി സംസ്ഥാനം ഏകോപിത പദ്ധതി തുടങ്ങണമെന്ന് വൈസ് ചാൻസലർ ആവശ്യപ്പെട്ടു.

കേരളത്തിൽ മുൻപും

2016 ജനുവരിയിൽ തിരുവനന്തപുരത്ത് ചെമ്പല്ലി കഴിച്ച ആറുപേർ ആശുപത്രിയിലായിരുന്നു. ഐ.സി.എ.ആർ.-സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയും (സിഫ്റ്റ്) തിരുവനന്തപുരം മെഡിക്കൽ കോളേജും ചേർന്നു നടത്തിയ അന്വേഷണത്തിൽ ഡി.എൻ.എ. ബാർകോഡിങ്ങിലൂടെ മത്സ്യം ’ലൂട്ട്ജാനസ് ബോഹാർ’ ആണെന്ന് കണ്ടെത്തി. ജൈവപരിശോധനയിൽ സിഗ്വാറ്റോക്സിന്റെ സാന്നിധ്യം സംശയിക്കുകയും ചെയ്തു. കർണാടക തീരത്തും സമാന സംഭവങ്ങളുണ്ടായിട്ടുണ്ട്.

വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന ആൾ മരിച്ചു

വർക്കല: വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞുവന്ന മത്സ്യത്തൊഴിലാളി മരിച്ചു. വർക്കല ചിലക്കൂർ ഗ്രാലിയിൽകുന്ന് തൈക്കാവിൽ വീട്ടിൽ സുധീർ (40) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബർ 28-നാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സുധീറിനെ വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.

മത്സ്യം കഴിച്ചശേഷം സുധീറിന് ശ്വാസംമുട്ടും അലർജി പ്രശ്‌നങ്ങളും ഉണ്ടായി. സുധീറിന്റെ ബന്ധുക്കളിൽ ചിലർക്കും ഇതേ പ്രശ്നങ്ങളും നേരിട്ടിരുന്നു. ബന്ധുവായ മുഹമ്മദ് ഹാഷിമിനെ അന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ആശുപത്രി വിട്ടു.

ഒക്ടോബർ 26 മുതൽ പെരുമാതുറ, മുതലപ്പൊഴി ഭാഗത്ത് വറ്റ മത്സ്യത്തിന്റെ ചാകരയുണ്ടായിരുന്നു. വിപണിയിൽ നിന്നും മത്സ്യം വാങ്ങി ഉപയോഗിച്ച ചിലർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. മത്സ്യം വാങ്ങുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്ന് വർക്കല നഗരസഭ നിർദേശവും പുറത്തിറക്കിയിരുന്നു. വെട്ടൂർ പഞ്ചായത്ത് പരിധിയിൽ വറ്റ മത്സ്യത്തിന്റെ വില്പന പഞ്ചായത്തും ആരോഗ്യ വിഭാഗവും പോലീസിന്റെ സഹായത്തോടെ തടയുകയും ചെയ്തിരുന്നു.

ആരോഗ്യപ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ വിപണിയിൽ എത്തിയ മത്സ്യത്തിന്റെ സാമ്പിളുകൾ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ ശേഖരിച്ചു. തുടർന്ന് കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിൽ പരിശോധനയ്ക്കും അയച്ചു. ഇതിന്റെ ഫലം വരാനിരിക്കെയാണ് മത്സ്യത്തൊഴിലാളിയുടെ മരണം സംഭവിച്ചത്. സുധീറിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ: ഷംഷീന. മക്കൾ: മുഹമ്മദ് സൈഫാൻ, സിയാന ഫാത്തിമ, മുഹമ്മദ് സിനാൻ.