
പയ്യന്നൂർ: പാർട്ടിയിൽ നിന്ന് പുറത്താക്കിയ സിപിഎം മുൻ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനംചെയ്തു. ജോസഫ് സി. മാത്യുവാണ് വി. കുഞ്ഞികൃഷ്ണൻ എഴുതിയ 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്. വി.എസ്. അനിൽകുമാർ പുസ്തകം ഏറ്റുവാങ്ങി. പയ്യന്നൂരിൽ സംഘടിപ്പിച്ച പുസ്തകപ്രകാശനച്ചടങ്ങിൽ വൻ ജനാവലിയാണ് പങ്കെടുത്തത്.
പുസ്തക പ്രകാശനച്ചടങ്ങിൽ ആളുകൾ പങ്കെടുക്കാതിരിക്കാൻ ശ്രമങ്ങളുണ്ടായതായി ചടങ്ങിൽ സംസാരിച്ച വി. കുഞ്ഞികൃഷ്ണൻ ആരോപിച്ചു. ''രണ്ടുദിവസം മുൻപ് പോലീസിൽനിന്ന് പുസ്തകപ്രകാശന ചടങ്ങ് മാറ്റിവെച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചു. മാറ്റിവെച്ചിട്ടില്ല. നിശ്ചയിച്ചതുപോലെ നടക്കുമെന്ന് പറഞ്ഞു. അതിനുശേഷം രണ്ട് മൂന്ന് മാധ്യമപ്രവർത്തകരും ഇതേകാര്യം അന്വേഷിച്ചു. എന്താ ചോദിക്കാൻ കാരണമെന്ന് ചോദിച്ചപ്പോൾ നവമാധ്യമങ്ങളിൽ പ്രകാശനം മാറ്റിവെച്ചെന്ന പ്രചരണമുണ്ടെന്നും അതുകൊണ്ട് അന്വേഷിച്ചതാണെന്നും പറഞ്ഞു. വൈകുന്നേരമായപ്പോൾ സുഹൃത്തുക്കളും ഇതേകാര്യം അന്വേഷിച്ച് വിളികളായി. അങ്ങനെ മാറ്റിവെയ്ക്കാൻ ഒട്ടും തീരുമാനിച്ചിട്ടില്ല. മാറ്റിവെക്കേണ്ട കാര്യവുമുണ്ടായിരുന്നില്ല. ഈ പ്രകാശനച്ചടങ്ങിലേക്ക് വരുന്നവരെ തടയുക എന്നതായിരുന്നു ഇതിനുപിന്നിലെ ഉദ്ദേശ്യം.
ഈ പ്രശ്‌നം ആരംഭിച്ചതുമുതൽ പയ്യന്നൂരിൽ ഒരു സംഘർഷാന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ്. ഇവിടെ രണ്ട് പാർട്ടികളുടെ പ്രകടനം നടന്നപ്പോൾ അതിന് നേരേ ആക്രമണമുണ്ടായി. എന്റെ വീടിന് മുന്നിൽ പ്രകടനം നടത്തി. ഗേറ്റിന് മുന്നിൽ പടക്കംപൊട്ടിക്കുന്ന അവസ്ഥയുണ്ടായി. എന്നെ അനുകൂലിക്കുന്ന സഖാവ് പ്രസന്നന്റെ ബൈക്ക് രാത്രി തീവെച്ച് നശിപ്പിച്ചു. ഇതുപോലെയുള്ള ഒട്ടേറെ സംഭവങ്ങളുണ്ടായി. പ്രകാശനച്ചടങ്ങ് അലങ്കോലമാക്കാൻ ചിലർ പരിശ്രമിക്കുമോ എന്ന സംശയം ഞങ്ങൾക്കുണ്ടായി. അതിന്റെ ഭാഗമായി ഹൈക്കോടതിയെ സമീപിച്ച് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു. ഹൈക്കോടതി അത് അനുവദിച്ചു. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ പരിപാടി നടക്കുന്നത്.
ഞാൻ ഉന്നയിച്ച വിഷയങ്ങൾക്കൊന്നും മറുപടി പറയാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല, മാത്രമല്ല, ഏതുവിധത്തിലും ആളുകളെ ദ്രോഹിക്കുകയെന്ന സമീപനം തുടരുന്നു. ഇന്നലെ വെള്ളൂരിലെ പ്രധാന നാടകപ്രവർത്തകനായ സർഗം ദാമുവിന്റെ കുറേ ഫോട്ടോകൾ ഉൾപ്പെടുത്തി കൊട്ടണച്ചേരി ഉത്സവസ്ഥലത്ത് ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചിരുന്നു. ചിലർ ഇന്നലെ അത് തടസപ്പെടുത്തി. അസത്യം പ്രചരിക്കുന്നനിലയിലേക്ക് കാര്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നു. നവമാധ്യമങ്ങൾ വഴി വ്യക്തിപരമായി ആക്ഷേപിക്കുന്നു. തേജോവധം ചെയ്യാൻ ശ്രമിക്കുന്നു. പുതിയകാലത്ത് പുതിയരീതിയിൽ ഫാസിസം നടപ്പാക്കുകയാണ്'', വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.
പയ്യന്നൂരിലെ സിപിഎമ്മിലെ ഫണ്ട് വിവാദത്തെക്കുറിച്ചാണ് പുസ്തകത്തിലൂടെ വി. കുഞ്ഞികൃഷ്ണൻ വിശദീകരിക്കുന്നത്. ഏരിയ കമ്മിറ്റി ഓഫീസ് നിർമാണത്തിലും രക്തസാക്ഷി ധനരാജിന്റെ ഫണ്ടിലും മാത്രമായി പാർട്ടിക്ക് നഷ്ടമായത് 91 ലക്ഷത്തോളം രൂപയാണെന്നാണ് കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തൽ. ഇതൊരു കൂട്ടക്കവർച്ചയാണ്. പാർട്ടിയെ സംരക്ഷിക്കണോ നേതാവിനെ സംരക്ഷിക്കണോ എന്നതായിരുന്നു തന്നെ അലട്ടിയ വിഷയം. നേതാവിനെയല്ല, പാർട്ടിയെയാണ് സംരക്ഷിക്കേണ്ടതെന്നായിരുന്നു താൻ എത്തിച്ചേർന്ന ഉറച്ച തീരുമാനം. എന്നാൽ, പാർട്ടി എന്തായാലും വേണ്ടില്ല നേതാവിനെ സംരക്ഷിക്കുക എന്ന നിലപാടാണ് നേതൃത്വത്തിന്റെത്. അതിനാലാണ് തനിക്ക് ഈ നിലയിൽ തുറന്നെഴുതേണ്ടി വന്നതെന്നും പുസ്തകത്തിൽ വി. കുഞ്ഞികൃഷ്ണൻ പറയുന്നു.
പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കിയത്.
Content Highlights: Former CPM leader V. Kunhikrishnan`s book `Leaders Must Be Corrected by Cadres` launched in Payyanur. Details on party fund allegations.
Published: 04 Feb 2026, 06:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented