ഒരാൾക്കെങ്ങനെ ഒരേസമയം സ്വപ്നജീവിയായ എഴുത്തുകാരനും ക്രൂരനായ കഥാപാത്രവുമാകാൻ കഴിയും? തെളിച്ചു പറയാം. അന്തർമുഖനായിരുന്ന ഹുവാൻ റൂൾഫോയും അദ്ദേഹത്തിന്റെ കുടിലനായ കഥാപാത്രം പെദ്രോ പരാമോയും ഒരാൾ തന്നെയായിരുന്നോ? അല്ലെന്നു പറയാൻ വരട്ടെ. ഈ ചോദ്യത്തിന് ഉത്തരം നൽകുന്ന ഒരു പുസ്തകമുണ്ട്: Aire de las colinas (മലനിരകളിൽ നിന്നുള്ള കാറ്റ്) എന്നാണാ പുസ്തകത്തിന്റെ പേര്. റൂൾഫോ തന്റെ കാമുകിയും പിൽക്കാലത്ത് ഭാര്യയുമായിത്തീർന്ന ക്ലാര ആൻഹെലീന അപ്പാരീസ്യോക്ക് എഴുതിയ എൺപത്തിയൊന്ന് പ്രണയലേഖനങ്ങളുടെ സമാഹാരം. തന്നിലേക്ക് എപ്പോഴും ഒതുങ്ങിക്കൂടിയ റൂൾഫോയുടെ ആരും കണ്ടിട്ടില്ലാത്ത മനോവ്യാപാരങ്ങളുടെ പ്രതിഫലനം കൂടിയാണ് ഈ പുസ്തകം.

To advertise here,

1941ലാണ് റൂൾഫോ ക്ലാരയെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. ശക്തമായ രാഷ്ട്രീയമാറ്റങ്ങളുടെ കാലം കൂടിയായിരുന്നു അത്. മെക്‌സിക്കൻ വിപ്ലവവും തുടർന്നുണ്ടായ ക്രിസ്‌തെറോസ് യുദ്ധവും രാജ്യത്തെയാകെ പിടിച്ചുലച്ചു. തൊഴിലില്ലായ്മയും അരക്ഷിതത്വവുമായിരുന്നു നാടുനീളെ. റൂൾഫോയും ഈ അവസ്ഥയുടെ ഒരു ഇരയായിരുന്നു. സമരങ്ങൾ കാരണം യൂനിവേഴ്‌സിറ്റി അടച്ചതിനാൽ അദ്ദേഹത്തിന് പഠനം പൂർത്തിയാക്കാനായില്ല. തൊഴിൽ ലഭിച്ചെങ്കിലും ഒരിടത്തും സ്ഥിരമായി നിൽക്കാനും കഴിഞ്ഞില്ല . ക്ലാരയുമായുള്ള വേർപാടിന്റെ വർഷങ്ങൾകൂടിയായിരുന്നു അത്. മെക്‌സിക്കൻ എഴുത്തുകാരൻ കാർലോസ് ഫുവെന്തെസ്(Carlos Fuentes) അദ്ദേഹത്തിന്റെ Where the Air is Clear എന്ന നോവലിൽ പറഞ്ഞതുപോലെ ''ക്ഷമാപണങ്ങളോ നാണക്കേടോ ഇല്ലാതെ പ്രണയിക്കാനും ജീവിക്കാനും കാണാനും കാണപ്പെടാനും'' പറ്റുന്ന ഒരിടമായിരുന്നില്ല അക്കാലത്തെ മെക്‌സിക്കോ. അതുകൊണ്ടുതന്നെ റൂൾഫോ ക്ലാരയ്ക്കയച്ച കത്തുകളിൽ പലപ്പോഴും പ്രണയത്തേക്കാൾ ആന്തരികവും ബാഹ്യവുമായ ക്ഷോഭങ്ങളും സങ്കടങ്ങളും കടന്നുവന്നു.

അതുകൊണ്ടുതന്നെ El Llano en llamas (കത്തുന്ന സമതലം), തുടർന്നെഴുതിയ 'പെദ്രോ പരാമോ' എന്നീ കൃതികളിലെ പല ആശയങ്ങളും പശ്ചാത്തലവും ഈ കത്തുകളിൽ കാണാൻ കഴിയും. മാത്രമല്ല ആ കഥകളിലെ കൊമാല, ലുവീന, തൽപ തുടങ്ങിയ സാങ്കല്പികവും അല്ലാത്തതുമായ പ്രദേശങ്ങളുടെ മാന്ത്രികമായ, ഇരുണ്ട ഭൂമിശാസ്ത്രത്തിന്റെ രൂപരേഖകളും ഈ എഴുത്തുകളിലുണ്ട്.'

''ഞാൻ നിന്നെ അറിഞ്ഞിടത്തോളം, നിന്റെ പേരിനെ ആവർത്തിക്കുന്ന പ്രതിധ്വനികളുണ്ട് ഓരോ മരച്ചില്ലയിലും. ഉയരങ്ങളിലെ ശിഖരങ്ങളിൽ, അടുത്തുള്ള ചില്ലകളിൽ എല്ലായിടത്തും ഞാനതു കേൾക്കുന്നു. സ്വപ്നത്തിൽ നിന്നുണരും പോലെയാണത്. ഇലകളിലൂടെ നീ ശ്വസിക്കുന്നു, ജലമിറ്റുന്നതു പോലെ നീ നീങ്ങിപ്പോകുന്നു. ക്ലാരാ: ഹൃദയമേ, പനിനീർപ്പൂവേ, പ്രണയമേ. നിന്റെ പേരിനരികെ വേദനയെന്നത് അപരിചിതമായ ഒന്നാകുന്നു. നമ്മെ നോക്കിയിട്ട് വിട്ടുപോകുന്ന ഒന്ന്. ജീവിതത്തിൽ നിന്ന് മരണം വിട്ടുപോകുന്നതുപോലെ. മുറിവിൽ നിന്ന് രക്തം പോകുന്നതു പോലെ. ജീവിതം നിന്റെ പേരിനാൽ നിറയുന്നു: ക്ലാര, ഉറക്കത്തിൽ നിന്റെ പേരു പറയാൻ ഇപ്പോഴെനിക്കറിയാം. മരങ്ങളും സായാഹ്നവും അത് എപ്പോഴേ പഠിച്ചുകഴിഞ്ഞു.' ഇങ്ങനെയാണ് ആദ്യത്തെ എഴുത്ത് തുടങ്ങുന്നത്. അവിടെയും പ്രണയത്തിനിടയിലേക്ക് മരണം കടന്നുവരുന്നു. പോകപ്പോകെ ആ കലുഷമായ സാന്നിദ്ധ്യം കൂടുതൽ തീവ്രമാകുന്നു. 'ഇന്ന് കുറച്ചുനേരത്തേക്ക് എന്റെ പ്രണയം മരിച്ചു.അതിന്റെ കൂടെ ഞാനും മരിച്ചവനായി' എന്ന് തുടർന്നുള്ള കത്തിൽ അദ്ദേഹം എഴുതി. ''നിന്റെ നിഴലിൽ നിന്നു നോക്കുമ്പോൾ എന്റെ ഏകാന്തത കൂടുതൽ ഏകാന്തമായതു പോലെ തോന്നുന്നു' എന്നും ആ എഴുത്ത് തുടരുന്നു.

placeholder
ഹുവാൻ റൂൾഫോ

1946ൽ ഒരു ടയർ കമ്പനിയിൽ റൂൾഫോക്ക് ജോലി കിട്ടി. അവിടുത്തെ ഇരുണ്ട, ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷത്തിൽ നിന്നായിരിക്കാം കൊമാലയെന്ന പൊള്ളുന്ന ഭൂപ്രദേശം അദ്ദേഹത്തിന്റെ എഴുത്തിലേക്ക് കടന്നുവന്നത്. കത്തുകളിലും വിപരീത ചിന്തകൾ നിറയുന്നു: ''അവർ ആകാശം കാണുന്നതേയില്ല അവർ പുകകൊണ്ട് കൂടുതൽ കറുത്ത നിഴലുകളിൽ ജീവിക്കുന്നു. അവർക്കു കാണാൻ ആകാശത്തിൽ സൂര്യനോ മേഘങ്ങളോ ഇല്ലാത്തതുപോലെ. മരിക്കുമ്പോൾ മാത്രമേ വിശ്രമിക്കാനാവൂ എന്നാണവർ കരുതുന്നത്.' എന്ന് താൻ ജോലി ചെയ്തിരുന്ന റബ്ബർ ഫാക്ടറിയിലെ തൊഴിലാളികളെക്കുറിച്ച് റൂൾഫോ എഴുതി. ഇതുതന്നെയാണ് 'പെദ്രോ പരാമോ,യിലെ കഥാപാത്രം പറയുന്നതും: ''ഒരിക്കലും തലയുയർത്താതെ എത്രയോ വർഷങ്ങൾ കഴിഞ്ഞതിനാൽ ഞാൻ ആകാശത്തെ മറന്നു പോയിരിക്കുന്നു.'' ഫാക്ടറിയിൽ ചിന്തകളും സ്‌നേഹവും അപരിതമായ കാര്യങ്ങളാണ്. ഇവിടെ റൂൾഫോ ക്ലാരയോട് സഹായം അഭ്യർത്ഥിക്കുന്നുണ്ട്: സാന്ത്വനത്തിനു വേണ്ടി. തനിക്കെതിരെ നിൽക്കുന്ന എല്ലാത്തിനോടും കലാപത്തിലേർപ്പെടാതിരിക്കാൻ വേണ്ടി.

റൂൾഫോയിലെ പെദ്രോ പരാമോ ഉണരുന്നത് ഇവിടെയാണ്. നോവലിലെ പെദ്രോ പരാമോയുടെ അച്ഛനെപ്പോലെ റൂൾഫോയുടെ അച്ഛനും വധിക്കപ്പെടുകയാണുണ്ടായത്. അച്ഛന്റെ മരണത്തിനുള്ള പ്രതികാരമാണ് നോവലിലുടനീളം പെദ്രോ പരാമോ ചെയ്തുകൂട്ടുന്നത്. റൂൾഫോയും പ്രതികാരത്തിനാഗ്രഹിച്ചിരിക്കാം. അതദ്ദേഹം തന്റെ നോവലിലൂടെ നിർവഹിച്ചതുമാവാം. ക്ലാരയുടെ സാമീപ്യം കൊണ്ടായിരിക്കാം, പെദ്രോ പരാമോയെപ്പോലെ എതിരെ നിൽക്കുന്ന എല്ലാത്തിനും നേരെ സമരം ചെയ്യാൻ റൂൾഫോ മുതിരാതിരുന്നത്. ഏറെ ആഗ്രഹിച്ചതും എന്നാൽ ലഭിക്കാതെ പോയതുമായ അത്തരമൊരു സാന്നിധ്യമാണ് പെദ്രോ പരാമോയെ ക്രൂരനാക്കിയതും: കാമുകിയായ സുസാന സാൻ ഹുവാന്റെ സാന്നിധ്യം. 'ഞാനിവിടം ഇഷ്ടപ്പെടുന്നത് നീയിവിടെയുള്ളതുകൊണ്ട് മാത്രമാണ്' എന്ന് പെദ്രോ പരാമോയോട് ഒരിക്കൽ മന്ത്രിച്ചിരുന്ന അതേ സുസാന സാൻ ഹുവാന്റെ.

:ജീവിതം ക്ഷണികമാണെന്നും വളരെക്കാലമായി കുഴിച്ചുമൂടപ്പെട്ടവരാണ് നമ്മളെന്നുമൊക്കെ ക്ലാരയ്ക്ക് ഒരിക്കലും അയക്കാത്ത ഒരു കത്തിൽ റൂൾഫോ എഴുതുന്നുണ്ട്. പെദ്രോ പരാമോയിലെ കഥാപാത്രങ്ങളും അങ്ങനെ തന്നെ. അവരും വളരെക്കാലമായി മണ്ണിനടിയിൽ കിടക്കുന്നു - മരിച്ചിട്ടും മരിക്കാതെ.

ലോകസാഹിത്യത്തിലെ ഏറ്റവും മനോഹരമായ പ്രണയകാവ്യങ്ങളിലൊന്നാണ് സ്പാനിഷ് കവി പെദ്രോ സാലിനാസ് (Pedro Salinas) രചിച്ച Memory in My Hands എന്ന പുസ്തകം. ''രാത്രിയുടെ കായലിലൂടെ നീങ്ങുന്ന തോണിയിൽ നമ്മൾ കയറുന്നു. മറുകരയിൽ, മരണതീരത്തായി ഒരു കിടപ്പറ എല്ലാ കണക്കുകൂട്ടലും തലകീഴായി വീഴുന്ന ഒരു അഗാധഗർത്തം നമുക്ക് തുറന്നുതരുന്നു'വെന്ന് സാലിനാസ് എഴുതി. പ്രണയത്തിനും മരണത്തിനുമിടയിൽ സമചിഹ്നത്തിന്റെ പടവുകൾ തീർക്കുന്ന ആ കൈപ്പട തന്നെയാണ് റൂൾഫോയുടെ കത്തുകളിലും തെളിയുന്നത്.