ഏറ്റുമാനൂർ: തേപ്പുപെട്ടി പൊട്ടിത്തെറിച്ച് വീട്ടിലെ രണ്ട് മുറികൾ തകർന്നു. സ്വിച്ച് ബോർഡിൽനിന്ന് ഓഫ് ചെയ്യാതെ വീട്ടുകാർ യാത്ര പോയതിനെ തുടർന്ന്, പെട്ടി ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നു. അതിരമ്പുഴ പഞ്ചായത്തിൽ അനമല ഭാഗത്ത് താമസിക്കുന്ന രാജീവ് മാത്യുവിന്റെ വീടിനാണ് തീ പിടിച്ചത്. ശനിയാഴ്ച പുലർച്ചെ വീട്ടുകാർ എല്ലാവരും തിരുവനന്തപുരത്തേക്ക് പോയിരുന്നു. എന്നാൽ, ഉപയോഗശേഷം തേപ്പുപെട്ടി ഓഫാക്കാൻ മറന്നു പോയതാണ് അപകടത്തിന് കാരണമായത്.

To advertise here,

ഒൻപത് മണിയോടെ വീട്ടിൽനിന്ന് പുക ഉയരുന്നതായി കണ്ട് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കോട്ടയത്തുനിന്ന് അഗ്‌നിരക്ഷാസേന എത്തിയാണ് തീ കെടുത്തിയത്. വലിയ രീതിയിലുള്ള പുക ഉണ്ടായിരുന്നതിനാൽ ഏറെ ശ്രമകരമായി വീടിനകത്ത് കയറിയാണ് തീ പൂർണമായി കെടുത്തിയത്. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ നിഷാദിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തി. മുറിയിൽ ഉണ്ടായിരുന്ന രണ്ട് കട്ടിൽ, മെത്ത, തുണികൾ എന്നിവ പൂർണമായി കത്തിനശിച്ചു. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ രഞ്ജിത്, അബ്ബാസി, അരുൺ, അനീഷ് ജി. നായർ, ഷഫീക്, ഹോം ഗാർഡ് ദിലീപ് എന്നിവർ പങ്കെടുത്തു.