വലിയ സ്വപ്നങ്ങളും പ്രതീക്ഷകളും നെഞ്ചിലേറ്റിയാണ് ഇടുക്കി ശാന്തിഗ്രാം സ്വദേശിനി നോവാ സാബു മൂന്ന് മാസങ്ങൾക്ക് മുൻപ് ജർമനിയിലേക്ക് വിമാനം കയറിയത്. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ തീപ്പിടിത്തം നോവയുടെ ജീവനെടുത്തുവെന്ന വാർത്ത ശാന്തിഗ്രാമിനെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് ദുരന്തവിവരം ശാന്തിഗ്രാമിലെ കുടുംബത്തിന് ലഭിക്കുന്നത്. നോവയുടെ വിയോഗ വാർത്തയുടെ നടുക്കത്തിലാണ് അവളുടെ പ്രിയപ്പെട്ടവർ.

To advertise here,

കൊല്ലം സ്വദേശിയായ സുഹൃത്ത് അഞ്ജലിയെ കാണാനായാണ് നോവ അപ്പാർട്ട്‌മെന്റിൽ എത്തിയത്. അഞ്ജലി താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമകളും സമീപത്തെ കെട്ടിട ഉടമകളും തമ്മിൽ നിലനിന്നിരുന്ന തർക്കമാണ് നോവ ഉൾപ്പെടെ മൂന്ന് മലയാളികളുടെ ദാരുണാന്ത്യത്തിന് കാരണമായത്. തർക്കം മൂർച്ഛിച്ചതോടെ എതിരാളികൾ അഞ്ജലി താമസിച്ചിരുന്ന കെട്ടിടത്തിന് മനഃപൂർവം തീയിടുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. അപകടസമയത്ത് ഏഴുപേരാണ് കെട്ടിടത്തിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ ജർമൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

നോവയുടെ മൃതദേഹം എത്രയും വേഗം ജന്മനാട്ടിലെത്തിക്കുന്നതിനായി ഉന്നതതലത്തിൽ നയതന്ത്ര ഇടപെടലുകൾ പുരോഗമിക്കുകയാണ്. ഇടുക്കി എംപി ഡീൻ കുര്യാക്കോസ് കേന്ദ്ര വിദേശകാര്യമന്ത്രിക്കും കോൺസുലേറ്റ് ജനറലിനും കത്ത് അയച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വിഷയത്തിൽ സജീവമായി ഇടപെട്ടിട്ടുണ്ട്. ഇതിനുപുറമേ, നിലവിൽ ജർമനിയിലുള്ള ഇടുക്കി രൂപതാ ബിഷപ്പും ഔദ്യോഗിക നടപടികൾ ഏകോപിപ്പിക്കാൻ രംഗത്തുണ്ട്. എന്നാൽ, മൃതദേഹം വിട്ടുകിട്ടാൻ കെട്ടിടത്തിന് തീയിട്ട സംഭവത്തിൽ ജർമൻ പോലീസിന്റെ അന്വേഷണവും ഫോറൻസിക് നടപടിക്രമങ്ങളും പൂർത്തിയാകേണ്ടതുണ്ട്. ജർമനിയിലെ സങ്കീർണ്ണമായ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ ഒരു മാസത്തോളം കാലതാമസം വന്നേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.

ജിം ട്രെയിനറായിരുന്ന നോവ അതീവ ഊർജ്ജസ്വലയും ആരെയും ആകർഷിക്കുന്ന വ്യക്തിത്വത്തിന് ഉടമയുമായിരുന്നുവെന്നാണ് പരിചയക്കാർ പറയുന്നത്. ശാന്തിഗ്രാം സ്വദേശി സാബുവിന്റെ രണ്ടു മക്കളിൽ ഒരാളായ നോവയുടെ സഹോദരൻ കാനഡയിലാണ്. ഒരു ആൺകുട്ടിക്ക് തുല്യമായി വീട്ടിലെ മുഴുവൻ ഉത്തരവാദിത്വങ്ങളും സന്തോഷത്തോടെ ചുമലിലേറ്റിയ മിടുക്കിയായിരുന്നു നോവയെന്നാണ് ഒരു അയൽവാസി നോവയെ ഓർമിക്കുന്നു. രോഗബാധിതയായി കിടപ്പിലായ അമ്മയെ ചേർത്തുപിടിച്ച് കുടുംബത്തിന്റെ താങ്ങായി നിന്ന പെൺകുട്ടി പെട്ടെന്നൊരുനാൾ ഇല്ലാതായെന്ന സത്യം ഉൾക്കൊള്ളാൻ ആർക്കും സാധിക്കുന്നില്ല. നാടിന്റെയും കുടുംബത്തിന്റെയും പ്രതീക്ഷയായി വിമാനം കയറി, ഒടുവിൽ നിശ്ചലശരീരമായി മടങ്ങിയെത്തുന്ന പ്രിയപ്പെട്ട നോവയുടെ ഓർമ്മകൾക്ക് മുന്നിൽ കണ്ണീരണിഞ്ഞു നിൽക്കുകയാണ് ഒരു നാട് മുഴുവൻ.