ബർലിൻ: ജർമനിയിൽ ബോഹും നഗരത്തിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് യുവതികളടക്കം മൂന്ന് മലയാളികൾ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം കൊച്ചെടാട്ട് നോവ സാബു (23), കൊല്ലം ചാമക്കാട് സ്വദേശിനി അ‍ഞ്ജലി ഷീല ജോയ് (27), കാലടി സ്വദേശി സ്വിൻ ജോണി (26) എന്നിവരാണ് മരിച്ചത്.

To advertise here,

കട്ടപ്പന ശാന്തിഗ്രാം കൊച്ചടാട്ടേൽ കെ.പി. സാബു-പി.എൻ. ജ്യോതി ദമ്പതികളുടെ മകളാണ് നോവ സാബു. ജർമനിയിൽ ജിം ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു നോവ. ജൂലൈ മൂന്നിനാണ് ജർമനിക്ക് പോയത്. അച്ഛൻ സാബു റിട്ട. എസ്‌ഐയും അമ്മ ജ്യോതി ചെമ്പകപ്പാറ പിഎച്ച്‌സിയിലെ പബ്ലിക് ഹെൽത്ത് നഴ്‌സുമാണ്. ബുധനാഴ്ച വൈകീട്ടാണ് വീട്ടുകാർ വിവരമറിഞ്ഞത്. ഇന്ത്യൻ എംബസിയുമായി ബന്ധുക്കൾ ബന്ധപ്പെട്ടിട്ടുണ്ട്.

ചെമ്മക്കാട് അശ്വനി നിവാസിൽ ജോയി (റിട്ട. കൃഷി വകുപ്പ്) യുടെയും ഷീലാ ജോയിയുടെയും (റിട്ട. ഓഫീസ് അസിസ്റ്റന്റ്, രജിസ്ട്രേഷൻ വകുപ്പ്) മകളാണ് മരിച്ച അഞ്ജലി എസ്. ജോയി. കഴിഞ്ഞ ജൂലായിലാണ് ജോലി ലഭിച്ച് ജർമ്മനിയിലേക്ക് പോയത്. അശ്വനിയാണ് സഹോദരി.

ബോഹുമിലെ ഹോഫ്സ്റ്റെഡെ ഏരിയയിലെ ബഹുനില പാർപ്പിട കെട്ടിടത്തിൽ ചൊവ്വാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. കെട്ടിടത്തിലെ രണ്ടാം നിലയിലെ അപ്പാർട്ട്മെന്റിലാണ് മൂന്ന് ഇന്ത്യക്കാരെയും മരിച്ചനിലയിൽ അഗ്നിശമന സേനാംഗങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പുക ശ്വസിച്ചതിനെ തുടർന്ന് പരിക്കേറ്റ അഞ്ചുപേരെ ബോഹുമിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരുടെ പൗരത്വം സ്ഥിരീകരിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന 41 വയസ്സുകാരനായ റൊമാനിയൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു.

കോണിപ്പടിയിലൂടെ തീ പെട്ടെന്ന് മുകളിലത്തെ നിലകളിലേക്ക് പടർന്നുപിടിച്ചതാണ് രക്ഷാപ്രവർത്തനത്തിന് തടസ്സമായത്. ഇതുമൂലം ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് അപ്പാർട്ട്മെന്റുകളിലേക്ക് പ്രവേശിക്കാനും മുകളിലത്തെ നിലകളിലുള്ള താമസക്കാരുടെ അടുക്കലേക്ക് എത്താനും സാധിച്ചില്ല.

തീപിടിത്തത്തിന് കാരണം സാങ്കേതിക തകരാറല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. ആരോ തീ വെച്ചതാണെന്നാണ് പൊലീസിന്റെ സംശയം. എന്നാൽ, തീ മനഃപൂർവം കൊളുത്തിയതാണോ അതോ അബദ്ധത്തിൽ ഉണ്ടായതാണോ എന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.