
ഓമല്ലൂര്‍: അച്ചന്‍കോവിലാര്‍ ബുധനാഴ്ച ഒഴുകിയത് കണ്ണീരുപ്പുമായി. നോക്കിനിന്നാല്‍ കണ്ണുപറിക്കാനാകാത്ത കാഴ്ചകളാണ് തീരത്തുനിന്ന് മാഞ്ഞത്. മലയോര നാട്ടിലെ ആനപ്രേമികള്‍ക്ക് ജൂലായ് രണ്ട് ഉണ്ടാക്കിയ മുറിവ് മായാന്‍ കാലങ്ങളേറെയെടുക്കും. കാരണം അവരുടെ ഹൃദയമായിരുന്നു ഓമല്ലൂരിലെ മണികണ്ഠൻ. തൃശ്ശൂര്‍ എഴുത്തച്ഛന്‍ ഗ്രൂപ്പിന്റെ കൈയില്‍ നിന്ന് വാങ്ങിയാണ് നടി കെ.ആര്‍.വിജയ മണികണ്ഠനെ ശബരിമലയില്‍ നടയ്ക്കിരുത്തിയത്.
ഓമല്ലൂരുകാരുടെ കരളും പറിച്ചാണ് മണികണ്ഠന്റെ മടക്കം. കാരണം അവര്‍ അവനെ അത്രയേറെ സ്‌നേഹിച്ചിരുന്നു. നടയ്ക്കുവെച്ച ശബരിമലയില്‍നിന്ന് ഓമല്ലൂര്‍ രക്തകണ്ഠസ്വാമിയുടെ മതിലകത്തേക്ക് മണികണ്ഠനെത്തുമ്പോള്‍ പ്രായം ഏകദേശം 15 മാത്രം. പീന്നീട് അവിടെ കണ്ണിലുണ്ണിയായി വളര്‍ച്ച. ഇടയ്ക്ക് ചില കുസൃതികളും ഇടങ്ങേറുകളുമുണ്ടാക്കുമ്പോഴും നാട്ടുകാരവനെ നമ്മുടെ മണികണ്ഠനെന്നുകരുതിത്തന്നെ വളര്‍ത്തി. ഇടയ്ക്ക് വൈക്കത്തേക്ക് കുറച്ചുകാലം അവനെ കൊണ്ടുപോയപ്പോഴുള്ള ആ യാത്ര ഓമല്ലൂരുകാരുടെ ചങ്കും പറിച്ചായിരുന്നു. പകരം നല്‍കിയ ആന ചരിഞ്ഞതോടെ മറ്റൊന്നിനെപ്പറ്റിയും നാട്ടുകാര്‍ ചിന്തിച്ചില്ല. അവര്‍ക്ക് വേണ്ടത് മണികണ്ഠനെത്തന്നെയായിരുന്നു. പത്തടിയിലേറെ തലപ്പൊക്കമായിരുന്നു അവന്റെ പ്രത്യേകത.
വീണ്ടും രക്തകണ്ഠസ്വാമിയുടെ വിശ്വസ്തനായെത്തിയ മണികണ്ഠന്‍ പലപ്പോഴും പഴയ കുസൃതികളും പിണക്കകേടുകളും ആവര്‍ത്തിച്ചു. ദേവസ്വം ബോര്‍ഡിന് ഇതൊന്നും ക്ഷമിക്കാനുള്ള മനസ്സുണ്ടായിരുന്നില്ല. അവര്‍ മണികണ്ഠനെ ലേലത്തില്‍വെയ്ക്കാന്‍ തീരുമാനിച്ചു. എന്നാല്‍, ആനപ്രേമികള്‍ അവനുവേണ്ടി അണിനിരന്നു. ആനയുടെ സംരക്ഷണം അവര്‍ ഏറ്റെടുത്തു. പിന്നീടിങ്ങോട്ട് മണികണ്ഠന്റെ ദിനചര്യകളില്‍പ്പോലും നാട്ടുകാരുടെ ഇടപെടലുകള്‍ കണ്ടിരുന്നു.
കഴിഞ്ഞ മാസം അസുഖം തുടങ്ങിയപ്പോള്‍മുതല്‍ അവര്‍ കെട്ടുമൂട്ടില്‍നിന്ന് മാറാതെ അവനൊപ്പം നിന്നു. വിദഗ്ധ ചികിത്സയ്ക്കായി ഡോക്ടര്‍മാരെ ഇടപാടാക്കി. എന്നാല്‍, ബോര്‍ഡ് അധികൃതരുടെ തണുപ്പന്‍ പ്രതികരണത്തില്‍ എല്ലാം തകിടം മറിഞ്ഞെന്നാണ് അവര്‍ പറയുന്നത്.
Content Highlights: elephant manikandan dies at omallur temple after illness reported
Published: 03 Jul 2025, 08:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented