തിരുവനന്തപുരം: കേരള പോലീസിലെ ഓരോ ഉദ്യോഗസ്ഥരും വളരെ സമര്‍പ്പിതരാണെന്ന് തിങ്കളാഴ്ച വിരമിക്കുന്ന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ്. തിരുവനന്തപുരത്ത് നടന്ന വിരമിക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള പോലീസില്‍ ഒരു പരാതി പറഞ്ഞാല്‍, മറ്റേതൊരു സംസ്ഥാനത്തെക്കാളുമുപരി കാര്യക്ഷമമായി നടപടിയുണ്ടാവും. മികച്ച വിദ്യഭ്യാസമുള്ള ഉദ്യോഗസ്ഥരാണുള്ളത് എന്നതും കേരളാ പോലീസിന്റെ മേന്മയാണ്. ഇത് സൈബര്‍ കുറ്റകൃത്യങ്ങള്‍ പോലുള്ളവ കൈകാര്യം ചെയ്യുന്നതിന് ഉപകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

35 വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് ഈ പദവിയില്‍നിന്ന് വിരമിക്കുകയാണ്. ചുമതല ഏല്‍പ്പിച്ച എല്ലാവരോടും കടപ്പാടുണ്ട്. തുടക്കംമുതല്‍ ഇന്നുവരെ കൂടെനിന്ന ഓരോരുത്തര്‍ക്കും നന്ദി. പ്രൊഫഷണലിസം, പ്രതിബദ്ധ, ത്യാഗസന്നദ്ധ എന്നിവകൊണ്ട് കേരള പോലീസ് ഇന്ത്യയിലെതന്നെ മികച്ച പോലീസ് സംവിധാനമാണ്. ക്രമസമാധാനത്തിലായാലും കുറ്റാന്വേഷണത്തിലായാലും കേരളാ പോലീസിന് പ്രശംസകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു. സംസ്ഥാന പോലീസിന് ലഭിച്ച പലവിധ പുരസ്‌കാരങ്ങളും അദ്ദേഹം പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. 

സൈബര്‍ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പുകളും നാര്‍ക്കോട്ടിക് ഡ്രഗ്‌സുമാണ് സംസ്ഥാന പോലീസ് ഭാവിയില്‍ നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളി. ഇവ നിയന്ത്രിക്കാനുള്ള പല നടപടികളും ആരംഭിച്ചു. പല കേസുകളും തെളിയിക്കാനുമായി. ഒരു ഓഫീസില്‍ പോയാല്‍ അവിടത്തെ ഓഫീസര്‍ നമ്മോട് എങ്ങനെ പെരുമാറണമെന്നാണോ പ്രതീക്ഷിക്കുന്നത്, അതുപോലെയാണ് നമ്മള്‍ അങ്ങോട്ടും സേവനം ചെയ്യേണ്ടത്. യൂണിഫോം ഉണ്ടായാലും ഇല്ലെങ്കിലും രാജ്യത്തിനും സംസ്ഥാനത്തിനുമായുള്ള സേവനത്തില്‍ എപ്പോഴും ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

കേരള ജനതയെ സേവിക്കാന്‍ അവസരം നല്‍കിയതിന് ദൈവത്തിന് നന്ദി പറഞ്ഞ അദ്ദേഹം, മുഖ്യമന്ത്രി പിണറായി വിജയന്‍, തന്റെ സര്‍വീസിലുടനീളമുള്ള മറ്റു മുഖ്യമന്ത്രിമാര്‍, വിവിധ വകുപ്പ് മന്ത്രിമാര്‍, സഹപ്രവര്‍ത്തകര്‍, മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും നന്ദിയറിയിച്ചു. തിങ്കളാഴ്ച വൈകീട്ടോടെയാണ് ഷെക്ക് ദര്‍വേഷ് സാഹിബ് സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നത്. രണ്ടുവര്‍ഷമാണ് അദ്ദേഹം ഈ പദവിയില്‍ ഉണ്ടായിരുന്നത്.