
''ഓ, പേടിപ്പിക്കാൻ ഇതെന്താ പഞ്ചാബാണോ?''. കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂരിന്റെ വടക്കുഭാഗത്ത് നിന്ന് 41 വർഷം മുമ്പുയർന്ന ചോദ്യമാണിത്.
1984-85 കാലം. അസ്സൻകോയക്കയുടെ ചായമക്കാനിയായിരുന്നു അന്നത്തെ കേന്ദ്രം. രാവിലെ ചായയും പുട്ടും പപ്പടവും, മാതൃഭൂമി വായനയും, നാട്ടുവർത്തമാനവും രാഷ്ട്രീയചർച്ചയും. വാഴക്കൃഷിയെച്ചൊല്ലിയുള്ള തർക്കമോ പൊതുപ്രശ്‌നമോ നിർത്താതെ പോകുന്ന ബസ്സുകാരോടുള്ള ദേഷ്യമോ, എന്തായാലും അവിടെ വലിയ ചർച്ചയാകും.
അതൊക്കെ കേട്ട് മക്കാനിയുടെ മരബെഞ്ചിൽ സ്ഥിരമായി ഇരിക്കുന്ന രണ്ട് കൗമാരക്കാരുണ്ടായിരുന്നു: മാതാംവീട്ടിൽ ബാലകൃഷ്ണനും പീടികക്കണ്ടി അബ്ദുള്ളയും (കുഞ്ഞാല്യാക്കന്റെ അബ്ദുള്ള). എന്റെ സഹപാഠികൾ. വായനപ്പാടത്ത് ഒന്നിച്ച് ഫുട്‌ബോൾ കളിച്ച് വളർന്ന കൂട്ടുകാർ. മക്കാനിയിൽനിന്ന് മുതിർന്നവർ പിരിഞ്ഞുപോയാലും ഇരുട്ടുവരെയും അവർ ആ ബെഞ്ചിൽ കാണും.
ചായക്കടയിലെ വർത്തമാനങ്ങളിൽ അക്കാലത്ത് പഞ്ചാബും ഭിന്ദ്രൻവാലെയും ബ്ലൂ സ്റ്റാർ ഓപ്പറേഷനുമൊക്കെ സ്ഥിരം വിഷയങ്ങളായിരുന്നു. കേന്ദ്ര അവഗണനയ്‌ക്കെതിരേ പഞ്ചാബിലേതുപോലുള്ള സമരമാർഗം വേണമെന്ന അന്നത്തെ വൈദ്യുതി മന്ത്രി ആർ. ബാലകൃഷ്ണപിള്ളയുടെ 'പഞ്ചാബ് മോഡൽ' പ്രസംഗം വിവാദമായ കാലവും. ചുരുക്കത്തിൽ, 'പഞ്ചാബ്' എന്ന് കേട്ടാൽ തന്നെ സംഘർഷം മനസ്സിലെത്തുന്ന കാലം.
അക്കാലത്ത് ഒരു മതവിദ്യാർഥി സംഘടനയുടെ പോസ്റ്റർ സ്ഥിരമായി ആരോ മക്കാനിയുടെ മുമ്പിൽ ഒട്ടിക്കും. ഒരു ദിവസം അത് കണ്ട അബ്ദുള്ള പറഞ്ഞു:
''ഇവിടെ ഈ പോസ്റ്റർ പറ്റില്ല, അത് ഞാൻ കീറും.''
പോസ്റ്റർ ഒട്ടിക്കുന്ന ആൾ തിരിച്ചു ചോദിച്ചു: ''അതെന്താ, ഇത് പഞ്ചാബാണോ?''
ആ ചോദ്യം കേട്ടവർക്ക് അതൊരു തമാശയായി തോന്നി. കുറച്ചുദിവസം കഴിഞ്ഞാണ് ബസ്സുകാരുമായി അബ്ദുള്ളയും ബാലകൃഷ്ണനും ഉരസുന്നത്. ഇടയ്ക്കിടെ ആ ഭാഗത്തേക്കുള്ള ട്രിപ്പ് കട്ട് ചെയ്യുന്ന ഒരു ബസ്സുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച് അബ്ദുള്ളയും ബാലകൃഷ്ണനും ഒരു ദിവസം മക്കാനിയുടെ മുമ്പിൽ ബസ് തടഞ്ഞു.
''എന്താടോ, ഇടയ്ക്കിടെ ചേന്ദമംഗല്ലൂർ അങ്ങാടി വരെ വന്ന് ഇങ്ങോട്ട് വരാതെ ട്രിപ്പ് കട്ടാക്കി മടങ്ങുന്നത്?'' അബ്ദുള്ളയുടെ പൊട്ടിത്തെറിച്ച ചോദ്യം.
''നീയെന്താ പേടിപ്പിക്കുകയാണോ? ഇതെന്താ പഞ്ചാബാണോ? ഈ ബസിന്റെ ഉടമ സർക്കിൾ ഇൻസ്‌പെക്ടറാണ്, നോക്കി കളിച്ചോ?'' ഡ്രൈവർ തിരിച്ചടിച്ചു.
പിന്നെ വന്നത് ബാലകൃഷ്ണന്റെ മറുപടിയാണ്: ''ഇത് പഞ്ചാബല്ല. പക്ഷേ മിനി പഞ്ചാബാണ്. എല്ലാ ട്രിപ്പും ഇത് വഴി പോയില്ലെങ്കിൽ ബസിന് ചില്ലുണ്ടാകില്ല.''
ആ തമാശ അവിടെ നിന്നില്ല. ബാലകൃഷ്ണനും അബ്ദുള്ളയും ടാറും കക്കത്തോടും കൂട്ടിച്ചേർത്ത് റോഡിൽ വലിയ അക്ഷരത്തിൽ എഴുതി-
മിനി പഞ്ചാബ്.
പിന്നാലെ ഒരു പലകബോർഡും നാട്ടി: ''മിനി പഞ്ചാബ് ബസ് സ്റ്റോപ്പ്!''
അവിടെനിന്നാണ് കഥ മാറുന്നത്. ബസ് ജീവനക്കാരും യാത്രക്കാരും നാട്ടുകാരും ആ പേര് ഏറ്റെടുത്തു.''മിനി പഞ്ചാബിൽ ഇറങ്ങണം.''
''മിനി പഞ്ചാബ് എത്തിയോ?''. അങ്ങനെ അത് നിത്യസംഭാഷണത്തിന്റെ ഭാഗമായി. പേരില്ലാതിരുന്ന ഒരു ഇടത്തിന് ഒരാൾ വിളിച്ച പേര് മറ്റൊരാൾ ഏറ്റെടുത്തു. പിന്നെ അത് നാടിന്റെ പൊതു പേരായി.
ഇന്ന് കടകളുടെ ബോർഡിലും കത്തുകളിലെ വിലാസങ്ങളിലും ഗൂഗിൾ മാപ്പിലും 'മിനി പഞ്ചാബ്' എന്ന പേരുണ്ട്.
കൗതുകമെന്നു തോന്നാം, വർഷങ്ങൾക്കുശേഷം ആ പ്രദേശത്തുകാർ തന്നെ മുൻകൈയെടുത്ത് ആ റൂട്ടിൽ ഒരു ബസ് ഇറക്കി. ആ ബസിന്റെ പേരും 'പഞ്ചാബി' എന്നായിരുന്നു.
മാതാംവീട്ടിൽ ബാലകൃഷ്ണൻ ഇന്നും ആ പരിസരത്തുണ്ട്. അബ്ദുള്ള കുറച്ചുകാലം ഖത്തറിലും സൗദിയിലുമായി. ഇപ്പോൾ താമസം തിരുവമ്പാടിയിൽ.
ആ പഴയ മരബെഞ്ചിൽ ഇരുന്നിരുന്ന അന്നത്തെ മറ്റു കൗമാരക്കാരായ പാലക്കൽ ബാബു, ഗോപാലൻ, സുരേന്ദ്രൻ, വത്സൻ, സുബ്രഹ്‌മണ്യൻ, ജബ്ബാർ, ജയരാജൻ, രവി, മുഹമ്മദ് എന്നിവരൊക്കെ ഇന്ന് അച്ഛന്മാരും മുത്തച്ഛന്മാരുമായി.
പ്രകൃതിഭംഗി തുളുമ്പുന്ന മിനി പഞ്ചാബിൽ ഇപ്പോൾ 2013-ൽ ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക കൗൺസിലിന്റെ (ECOSOC) പ്രത്യേക കൺസൾട്ടേറ്റീവ് പദവി നേടിയ ചൈതന്യ സാംസ്‌കാരിക വേദിയുണ്ട്, ജനസേവാ കേന്ദ്രമുണ്ട്, അഞ്ചാറു കടകളുണ്ട്. കരിംകാളികാവ് ക്ഷേത്രവും മസ്ജിദുൽ മനാറും സജീവമാണ്. അൻവർ മുത്താപ്പുമ്മൽ ഉൾപ്പെടെ ഏതു സേവനത്തിനും തയ്യാറായ ഒരുപാട് ചെറുപ്പക്കാരുമുണ്ട്.
പലരും ഗൾഫിലേക്ക് ചേക്കേറി. പ്രവാസത്തിലും അവർ ആ പേര് വിട്ടില്ല. ഖത്തറിലും യു.എ.ഇയിലും 'മിനി പഞ്ചാബീസ്' കൂട്ടായ്മയുണ്ട്. പ്രത്യേക അവസരങ്ങളിലും ഏതെങ്കിലും 'മിനി പഞ്ചാബി'ക്ക് പൊതുവായ ബുദ്ധിമുട്ടോ ആവശ്യമോ വരുമ്പോഴൊക്കെ അവർ വട്ടം കൂടും.
കാനഡയിലും ഓസ്‌ട്രേലിയയിലും അങ്ങനെ വിവിധ രാജ്യങ്ങളിൽ മിനി പഞ്ചാബുകൾ ഉണ്ട്. പക്ഷേ അവിടെ യഥാർഥ പഞ്ചാബി സമൂഹമുണ്ട്.
എന്നാൽ ഈ മിനി പഞ്ചാബിൽ അതില്ല. പഞ്ചാബി സാന്നിധ്യമോ കുടിയേറ്റചരിത്രമോ ഇല്ലാത്ത, മലബാറിലെ മറ്റേതൊരു നാട്ടിൻപുറത്തെയും പോലെ ചായക്കടയും വയലുകളും ബസ് കാത്തുനിൽപ്പുകളും ശുദ്ധഗ്രാമീണരും മാത്രമുള്ള ഒരു സാധാരണ ഇടം. എന്നിട്ടും പേര് മിനി പഞ്ചാബ്. അങ്ങനെയൊരു സ്ഥലം തപ്പിയാൽ ലോകത്ത് വേറെ കിട്ടണമെന്നില്ല.
മിനി പഞ്ചാബിൽനിന്ന് നാലു കിലോമീറ്റർ വടക്കോട്ട് നടന്നാൽ മുക്കത്തെത്താം. ഒരു കിലോമീറ്റർ തെക്കോട്ട് നടന്നാൽ ചേന്ദമംഗല്ലൂർ അങ്ങാടിയിലും. ആ പേരിന്റെ പിന്നിൽ മറ്റൊരു ഓർമ കൂടിയുണ്ട്. ഒരിക്കൽ മുക്കം പോലീസ് സ്റ്റേഷനിൽ കേട്ട ഒരു ചോദ്യം. ''മിനി പഞ്ചാബ് എന്ന പേരിന്റെ പിന്നിലെന്താണ്? പഞ്ചാബുമായി വല്ല ബന്ധവുമുണ്ടോ? നിങ്ങൾ അവിടെയാണല്ലോ താമസിക്കുന്നത്?''
1987ൽ ഞാൻ ഡിഗ്രി വിദ്യാർഥിയായിരുന്നു. പ്രാദേശിക ന്യൂസ് റിപ്പോർട്ടിങ്ങും ഒപ്പം ചെയ്തിരുന്നു. അതിന്റെ ഭാഗമായി മുക്കം പോലീസ് സ്റ്റേഷനിൽ വിവരശേഖരണത്തിന് എത്തിയപ്പോഴായിരുന്നു ആ ചോദ്യം. ഞാൻ അറിയാവുന്ന കഥ പറഞ്ഞു. അന്ന് അതൊരു സാധാരണ ചോദ്യമായേ എനിക്ക് തോന്നിയുള്ളൂ. അതുകൊണ്ട് അത് കാര്യമായി എടുത്തതേയില്ല. ആരോടും പറഞ്ഞതുമില്ല. പക്ഷേ അന്നത്തെ പഞ്ചാബ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ, ആ ചോദ്യം വെറും കൗതുകത്തിനപ്പുറമുള്ളതായിരുന്നോ എന്ന് തോന്നാറുണ്ട്.
ഒരു നാട്ടുപേരിന്റെ പിന്നിലും ചിലപ്പോൾ കാലത്തിന്റെ രാഷ്ട്രീയനിഴൽ വീണേക്കാം. പേരുകൾ ഇങ്ങനെയും പിറക്കും. ഒരു സ്ഥലപ്പേരിന് പിന്നിൽ എപ്പോഴും വലിയ ചരിത്രം വേണമെന്നില്ല. ഒരു തെറ്റിദ്ധാരണ. ഒരു തമാശ. കോപത്തിൽ ആരെങ്കിലും വിളിച്ചുപറഞ്ഞ ഒരു വാക്ക്. അത്ര മതി.
കൊളംബസ് ഏഷ്യയുടെ ഭാഗമാണെന്ന് കരുതിയ പുതിയ ഭൂഭാഗത്തിന് പിന്നീട് അമേരിഗോ വെസ്പുച്ചിയുടെ പേരിൽനിന്ന് 'അമേരിക്ക' എന്ന പേര് ലഭിച്ചതും പേരുകൾ ചിലപ്പോൾ എങ്ങനെ അപ്രതീക്ഷിതമായി പിറക്കുന്നു എന്നതിന്റെ ഉദാഹരണമാണ്. ചരിത്രരേഖയേക്കാൾ നാട്ടുവഴക്കമായിരിക്കും പലപ്പോഴും ഒരു പേരിന് പിന്നിൽ.
കാലവും കഥയും ആളുകളും മാറി. അസ്സൻകോയക്കയുടെ മകൻ സലാം പഴയ ഓടിട്ട മക്കാനി പൊളിച്ച് പുതിയ കെട്ടിടം പണിതു. ഒരുകാലത്ത് വഴിയരികിൽ ഒരു പലക മാത്രം ബസ് സ്റ്റോപ്പിനെ അടയാളപ്പെടുത്തിയിരുന്നിടത്ത്, ഇന്ന് സിമന്റിൽ പണിത ബസ് സ്റ്റോപ്പുണ്ട്. ആ ഉച്ചവെയിൽ ഇന്നും മനസ്സിൽ വരും. പൊടിപറത്തി വരുന്ന ബസ്. ഓടിച്ചെന്ന് തടയുന്ന രണ്ട് കൗമാരക്കാർ.
ഡ്രൈവറോട് ആ ഒറ്റവരിയിലുള്ള ബാലകൃഷ്ണപിള്ള മോഡൽ ഡയലോഗ്: ''ഇത് പഞ്ചാബല്ല, പക്ഷേ മിനി പഞ്ചാബാണ്. എല്ലാ ട്രിപ്പും ഇത് വഴി ഓടിയില്ലെങ്കിൽ ചില്ലുണ്ടാകില്ല.'' ഒരിക്കൽ രണ്ട് കൗമാരക്കാർ തമാശയായി പ്രഖ്യാപിച്ച പേര്. ഇന്ന് ഒരു നാടിന്റെ വിലാസം-മിനി പഞ്ചാബ്.
Content Highlights: Explores the unique origin of the place name 'Mini Punjab' in Chennamangallur, Kozhikode., Highlights how a teenage argument and a joke over a bus trip in the 1980s birthed a village name., Notes the absence of any Punjabi diaspora or migration, making the name purely coincidental., Details the evolution of the area, including its presence on Google Maps and global expatriate communities.
Published: 28 Sept 2026, 02:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented