തിരുവനന്തപുരം: കോവളം ബൈപ്പാസ് ജങ്ഷനിൽ 100 ഗ്രാം എംഡിഎംഎയുമായി ശ്രീകാര്യം, തുമ്പ സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ. പോലീസ് വാഹനത്തെ ഇടിച്ച് നിർത്താതെ പോയ സംഘത്തെ സാഹസികമായാണ് പോലീസ് പിടികൂടിയത്.

To advertise here,

ശ്രീകാര്യം പോലീസ് സ്റ്റേഷനിലെ ഗുണ്ട ലിസ്റ്റിൽ ഉൾപ്പെട്ട അനന്തു കൃഷ്ണൻ (31), തുമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ സൗത്ത് തുമ്പ സ്വദേശി തോമസ് ടെറി (29) എന്നിവരാണ് സിറ്റി ഡാൻസാഫിന്റെ പിടിയിലായത്. പെട്രോൾ ടാങ്കിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെടുത്തത്.

തമിഴ്‌നാട്ടിൽനിന്നും കാർമാർഗം കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം ഇവരുടെ കാർ പിന്തുടരുന്നുണ്ടായിരുന്നു. കോവളത്ത് എത്തിയപ്പോൾ പോലീസ് ഇവരെ തടഞ്ഞു.

ഇവിടെവെച്ച് കാർ നിർത്തിയശേഷം വീണ്ടും പിന്നോട്ടേക്ക് എടുത്ത്, പോലീസ് വാഹനവും ഡാൻസാഫിന്റെ പേഴ്‌സണൽ വാഹനവും ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോവുകയായിരുന്നു. പിന്നാലെ പോയ പോലീസ് സംഘം സഹസികമായാണ് ലഹരിസംഘത്തെ പിടികൂടിയത്.