തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതിനായി നിയോഗിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കര്‍ശന നിര്‍ദേശങ്ങളുമായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. നിയന്ത്രണങ്ങള്‍ ദീര്‍ഘനാള്‍ തുടരുന്ന സാഹചര്യത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജോലി ഷിഫ്റ്റ് അടിസ്ഥാനത്തിലടക്കം മാറ്റിയാണ് മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. 

പോലീസുകാര്‍ക്ക് കൃത്യസമയത്ത് ഭക്ഷണവും വെള്ളവും ലഭ്യമാക്കണം, ഗ്ലൌസ്, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉറപ്പാക്കുക, കൃത്യമായ ഇടവേളകളില്‍ കൈകള്‍ കഴുകാന്‍ സംവിധാനമൊരുക്കുക, നിര്‍ബന്ധമായും സാമൂഹ്യ അകലം പാലിക്കുക, പരിശോധന നടത്തുമ്പോള്‍ വാഹനങ്ങളിലോ വ്യക്തികളെയോ സ്പര്‍ശിക്കാന്‍ പാടില്ല, മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ കൃത്യമായ അകലം പാലിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും മുന്നോട്ട് വെക്കുന്നു. കൂടാതെ വെയിലും ചൂടുമേറ്റ് ജോലി ചെയ്യുന്ന പോലീസുകാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

To advertise here,

നിയന്ത്രണങ്ങള്‍ ദീര്‍ഘനാള്‍ തുടരുന്ന സാഹചര്യത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ വിശ്രമം ലഭിക്കുന്നതിനുവേണ്ടി ജോലി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ആക്കുക, അടിയന്തിരഘട്ടങ്ങളില്‍ നിയോഗിക്കുന്നതിന് ഒരുവിഭാഗം പോലീസുകാരെ റിസര്‍വ്വ് ആയി നിര്‍ത്താനും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഡിവൈ.എസ്.പി തലത്തിലെ ഉദ്യോഗസ്ഥനായിരിക്കും പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിനുള്ള ചുമതല. പോലീസുകാരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് റേഞ്ച് ഡി.ഐ.ജിമാരും സോണല്‍ ഐ.ജിമാരും നടപടി സ്വീകരിക്കും. ബറ്റാലിയനിലെ ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് അസിസ്റ്റന്റ് കമാന്റന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിക്കും. ഡ്യൂട്ടിയില്‍ ഇല്ലാത്ത ബറ്റാലിയനുകളിലെ പോലീസുകാര്‍ ബാരക്കില്‍ത്തന്നെ തുടരണമെന്നും സാമൂഹ്യ അകലം പാലിക്കല്‍, വ്യക്തിശുചിത്വം എന്നിവയെക്കുറിച്ച് എല്ലാദിവസവും പോലീസുകാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും സംസ്ഥാന പോലീസ് മേധാവി ആവശ്യപ്പെട്ടു. 

content highlights: dgp's strict recommendations for police officials on lock down period