തിരുവനന്തപുരം: 2024-ലെ തൃശ്ശൂർപ്പൂരം കലക്കലിൽ പുനരന്വേഷണത്തിന് ആഭ്യന്തരവകുപ്പിന്റെ നിർദേശം. പോലീസിനെ വെള്ളപൂശിയുള്ള ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് പോലീസ് മേധാവിക്ക് മടക്കി. തിരുവമ്പാടി ദേവസ്വം ഭാരവാഹികളെമാത്രം കുറ്റപ്പെടുത്തിയുള്ള റിപ്പോർട്ടിൽ തെളിവുകൾ സംബന്ധിച്ച വിവരങ്ങളില്ലെന്നും അപൂർണമാണെന്നും വിലയിരുത്തിയാണിത്. തെളിവുകൾ സഹിതം വിശദറിപ്പോർട്ട് നൽകാനും പോലീസ് മേധാവിയോട് മന്ത്രി രമേശ് ചെന്നിത്തല നിർദേശിച്ചു.
പ്രത്യേക അന്വേഷണസംഘംതന്നെ തുടരന്വേഷണം നടത്തുമെന്നാണ് സൂചന. സർക്കാർ മടക്കിയ റിപ്പോർട്ട് പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന് കൈമാറും. വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചത്.
എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനെയും പോലീസിനെയും സംരക്ഷിച്ചുകൊണ്ടുള്ള റിപ്പോർട്ടിൽ തിരുവമ്പാടി ദേവസ്വം ഭാരവാഹികളായ 10 പേരെയാണ് കുറ്റക്കാരാക്കിയിട്ടുള്ളത്. ഭാരവാഹികളുടെ ഭാഗത്തുനിന്നുണ്ടായ 15 വീഴ്ചകളാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കൽ, കലാപാഹ്വാനം തുടങ്ങി ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. മേളം പകുതിയിൽ നിർത്തുകയും പ്രകാശഅലങ്കാരങ്ങൾ അണയ്ക്കുകയും ചെയ്തു. ഇത് ഗൂഢാലോചനയാണെന്നും ലഹളയുണ്ടാക്കാനുള്ള ശ്രമാണ് നടത്തിയതെന്നുമാണ് ആരോപണം. എന്നാൽ, ഇതൊന്നും സാധൂകരിക്കുന്ന തെളിവുകളോ വിവരങ്ങളോ റിപ്പോർട്ടിലില്ല.
എ.ഡി.ജി.പി.ക്ക് ജാഗ്രതക്കുറവുണ്ടായി എന്നുമാത്രമാണ് പറയുന്നത്. പോലീസ് ഉദ്യോഗസ്ഥർക്ക് എന്ത് വീഴ്ചയാണുണ്ടായതെന്നും ഇവർക്കെതിരേ എന്തുനടപടിയാണ് വേണ്ടതെന്നും പറയുന്നില്ല. പോലീസ് ബാരിക്കേഡ് വെച്ച് നിയന്ത്രണങ്ങൾ കടുപ്പിച്ചു, ഭക്തർക്കും ക്ഷേത്രചടങ്ങുകൾക്കും തടസ്സമുണ്ടാക്കുംവിധം പെരുമാറി തുടങ്ങിയ ആരോപണങ്ങൾ തള്ളുകയും ചെയ്തു. പോലീസിന് മനഃപൂർവമായ വീഴ്ചയുണ്ടായില്ലെന്നും പറയുന്നു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തയ്യാറാക്കിയ റിപ്പോർട്ട് കഴിഞ്ഞമാസമാണ് ആഭ്യന്തരവകുപ്പിന് കൈമാറിയത്. റിപ്പോർട്ടിനെതിരേ തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകിയിരുന്നു.
Published: 16 Nov 2026, 07:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented