
കൊച്ചി: ഡൽഹിയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാമിൽ മാതൃഭൂമി ഡോട്ട് കോം ഇംഗ്ലീഷ് പങ്കുവെച്ച വീഡിയോയ്ക്ക് ഇന്ത്യയിൽ വിലക്ക്. എസ്‌ഐആർ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധത്തിനിടെയുള്ള, ഒക്ടോബർ പതിനൊന്നാം തീയതിയിലെ വീഡിയോയാണ് മെറ്റ നീക്കംചെയ്തത്. ഈ പോസ്റ്റ് ഇന്ത്യയിൽ ലഭ്യമല്ല എന്നാണ് കാണാനാകുന്നത്.
സർക്കാർ നോട്ടീസ് പ്രകാരം കണ്ടന്റ് നീക്കം ചെയ്തുവെന്നാണ് മെറ്റയുടെ വിശദീകരണം. കോക്രോച്ച് ജനതാപാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടെ മൂന്നു വനിതാ പോലീസുകാർ ചേർന്ന് ഒരു പെൺകുട്ടിയെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുന്നതും ഇതിനെ പ്രതിരോധിക്കാൻ പെൺകുട്ടി ഒരു തൂണിൽ പിടിച്ചുകിടക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്.
അൻപതു സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, സുഹൃത്തിനെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുക്കുന്നത് തടയാൻ പെൺകുട്ടി ശ്രമിക്കുന്നതും കാണാം. സുഹൃത്തിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ ഡൽഹി പോലീസ് ഈ പെൺകുട്ടിയെയും കസ്റ്റഡിയിൽ എടുക്കാൻ നീങ്ങി. ഇതിനെ പ്രതിരോധിക്കാൻ തൂണിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടിയെ ഒടുവിൽ പോലീസുകാർ കീഴ്‌പ്പെടുത്തി.
മാതൃഭൂമി പങ്കുവെച്ച വീഡിയോ വലിയതോതിൽ വൈറലാവുകയും ഒരുകോടിയിലേറെപേർ കാണുകയും ചെയ്തിരുന്നു. വീഡിയോയ്ക്കുമേൽ സർക്കാർ ഐടി നിയമത്തിന്റെ സെക്ഷൻ 79(3)(ബി) ചുമത്താൻ എന്താണ് കാരണമെന്ന് വ്യക്തമല്ല.
മാതൃഭൂമിയുടെ വീഡിയോയ്ക്ക് വിലക്കേർപ്പെടുത്തിയതിനെ വിമർശിച്ച് മുതിർന്ന മാധ്യമപ്രവർത്തകരായ എം.കെ. വേണുവും ശശികുമാറും രംഗത്തെത്തി.
നടപടി ജനാധിപത്യവിരുദ്ധം- എം.കെ. വേണു
‘ഡിജിറ്റൽ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനകൾ ശേഖരിച്ച വിവരങ്ങളും ഇന്ത്യൻ എക്‌സ്പ്രസ് ഉദ്ധരിച്ച കണക്കുകളും അനുസരിച്ച് മാർച്ച് മുതൽ ജൂലൈ വരെയുള്ള അഞ്ച് മാസത്തിനിടെ ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾക്ക് ഏകദേശം 1,95,000 ഉള്ളടക്ക വിലക്ക് ഉത്തരവുകൾ സർക്കാർ നൽകിയിട്ടുണ്ട്. ഇന്ത്യയിലെമ്പാടും ജെൻസീകളുടെ പ്രതിഷേധം നടന്നകാലമാണിത്. ഈ ഉത്തരവുകളിൽ പകുതിയിലധികവും ഇൻസ്റ്റഗ്രാമിനെതിരെയായിരുന്നു. രാജ്യത്തെ യുവാക്കൾക്കിടയിൽ മോദി സർക്കാരിന്റെ ജനപ്രീതി വൻതോതിൽ ഇടിയുകയാണെന്നും പ്രത്യേകിച്ച് ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിൽ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുന്നതിൽ സർക്കാരിന് പൂർണമായും നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഇതിൽനിന്ന് വ്യക്തമാണ്. മാതൃഭൂമിയുടെ വൈറലായ വീഡിയോയ്ക്ക് സർക്കാർ വിലക്കേർപ്പെടുത്തിയ സംഭവവും സ്വന്തം വീഴ്ചകൾ മറച്ചുവയ്ക്കാൻ സർക്കാർ കടുത്ത സെൻസർഷിപ്പ് നടപടികൾ തുടരുന്നതിന്റെ മറ്റൊരു ഉദാഹരണമാണ്. ഇത്തരം സെൻസർഷിപ്പ് നടപടികൾ തീർത്തും ജനാധിപത്യവിരുദ്ധവും ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 19(1)(എ) ഉറപ്പുനൽകുന്ന അഭിപ്രായപ്രകടന സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തെ ലംഘിക്കുന്നതാണ്’
വീഡിയോയ്ക്ക് വിലക്കേർപ്പെടുത്തുന്നത് പരിഹാസ്യം- ശശികുമാർ
‘ഈ വീഡിയോയ്ക്ക് വിലക്കേർപ്പെടുത്തുന്നത് പരിഹാസ്യമാണ്. വീഡിയോയ്ക്കുവേണ്ടി സൃഷ്ടിച്ച സാങ്കൽപിക ദൃശ്യങ്ങളോ കെട്ടിച്ചമച്ച സംഭവങ്ങളോ അല്ല ഇതിലുള്ളത്. ക്രമസമാധാനം നിലനിർത്തുന്നു എന്ന പേരിൽ ദേശീയതലസ്ഥാനത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യാഥാർഥ്യങ്ങളാണിവ.
കഴിഞ്ഞ രണ്ടുദിവസമായി പൊലീസ് അതിക്രമം കാണിക്കുന്നതിന്റെ ധാരാളം വിഡിയോ ദൃശ്യങ്ങൾ ഇന്റർനെറ്റിലുണ്ട്. രാജ്യം മുഴുവൻ ഇതു കാണുന്നുണ്ട്. ജനാധിപത്യത്തിന് ഏറെ പ്രധാനപ്പെട്ടതും നിർണായകവുമായ ഒരു വിഷയത്തിനുവേണ്ടി പ്രതിഷേധിക്കുന്നവരോട് കാണിക്കുന്ന പെരുമാറ്റത്തിൽ ജനങ്ങൾ വേദനിക്കുകയും രോഷാകുലരാകുകയും ചെയ്യുന്നു. തിരഞ്ഞെടുപ്പുകളുടെ നിയമസാധുതയും അവ ജനങ്ങളുടെ യഥാർഥ പ്രാതിനിധ്യം ഉറപ്പാക്കുന്നുണ്ടോ എന്നതുമാണ് വിഷയം. പ്രതിഷേധക്കാരെ ദയാരഹിതമായ രീതിയിൽ പിടിച്ചുവലിച്ച് വാഹനങ്ങളിലേക്ക് വലിച്ചെറിയുകയാണ്. ജയിലിലെ ഇരുമ്പഴികളുള്ള കൂടുകളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ അകത്ത് പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഈ വാഹനങ്ങളിൽ കയറ്റിയശേഷം, കസ്റ്റഡിയിൽ എടുത്തവരുടെ തന്നെ മൊഴികളനുസരിച്ച്, അവരെ അശ്ലീലമായ അധിക്ഷേപങ്ങൾക്കും മർദനത്തിനും വിധേയരാക്കുന്നു.
ജനങ്ങൾ ഇതെല്ലാം കാണുന്നു എന്നതാണോ നാണക്കേട്?! ഈ സംഭവങ്ങൾ പുറത്തുകൊണ്ടുവരുന്നതാണോ നിയമവിരുദ്ധം?! നമ്മുടെ യുവാക്കളെ ഇത്തരത്തിൽ നിർദാക്ഷിണ്യം ആക്രമിക്കുന്നതാണ് ക്രമസമാധാനം നിലനിർത്തുക എന്ന ആശയത്തെ പരിഹാസ്യമാക്കുന്നത്.’
Content Highlights: Instagram blocked Mathrubhumi's viral video capturing Delhi protests from October 11., The video shows women police officers detaining a protesting girl clinging to an electric pole., Senior journalists MK Venu and Sasikumar condemned the action as undemocratic censorship., Concerns raised over rising content takedown orders issued to social media platforms in India.
Published: 12 Oct 2026, 07:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented