
വയനാട്: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് വിദ്യാർഥികൾക്ക് ജീവൻ നഷ്ടമായ സംഭവത്തിൽ കാറോടിച്ചിരുന്ന സുഹൈലിന്റെ പേരിൽ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്ന് മരിച്ച ദേവികയുടെ കുടുംബം. മരിച്ച മൂന്ന് കുട്ടികളും കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നുവെന്നും ഒരാളുടെ പണത്തിന്റെ ഹുങ്കും മദ്യവും അമിതവേഗവുമാണ് എല്ലാം തകർത്തതെന്നും പറഞ്ഞ കുടുംബം തങ്ങൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടു.
'മരിച്ച മൂന്ന് കുട്ടികളും കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു. കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകും എന്ന് വിശ്വസിച്ചിരുന്നവരാണ്. അതിനൊത്തുതന്നെയാണ് അവർ മുന്നോട്ടു പോയിരുന്നതും. രണ്ടോ മൂന്നോ മാസത്തിൽ നല്ല ജോലികളിൽ പ്രവേശിക്കാനിരുന്നവരാണ് അവർ. ഒരാളുടെ പണത്തിന്റെ ഹുങ്കും മദ്യവും അമിതവേഗവുമാണ് എല്ലാം തകർത്തത്. ഞങ്ങൾക്ക് നീതി ലഭിച്ചേ മതിയാകൂ. ഇനി ജീവിതത്തിൽ ഇത്തരമൊരു അപകടം വേറെ ഒരു കുട്ടികൾക്കും, ആർക്കും വരരുത്.' ദേവികയുടെ അമ്മാവൻ സന്ദീപ് മാധ്യമങ്ങളോട് പറഞ്ഞു.
എയർപോർട്ട് റോഡിൽ അത്താണി വാളേപ്പുറം ഭാഗത്ത് ഞായറാഴ്ച പുലർച്ചെ ഒന്നേമുക്കാലോടെയായിരുന്നു സംഭവം. കൽപറ്റ മടക്കിമല താഴെവീട്ടിൽ സന്തോഷ് കുമാറിന്റെയും സരിതയുടെയും മകൾ ദേവിക (കുക്കു-21), മണ്ണാർക്കാട് എടക്കുറിശ്ശി നെല്ലാറ്റ കരിമ്പ മുള്ളങ്കുഴി വീട്ടിൽ ണ്ടഎം.ആർ. പ്രദീപ്കുമാറിന്റെയും സജിതയുടെയും മകൾ എം.പി. ഗോപിക (21), സുള്ള്യ കനകമഞ്ചൽ വീട്ടിൽ ഇബ്രാഹിമിന്റെയും റുക്കിയയുടെയും മകൻ ഇയ്യാസ് (21) എന്നിവരാണ് മരിച്ചത്.
കാർ ഓടിച്ച ആലപ്പുഴ ആലിശ്ശേരി നൂഹ് മൻസിലിൽ സുഹൈൽ (19) പോലീസ് കസ്റ്റഡിയിലാണ്. 'സുഹൈലിന്റെ പേരിൽ ബിഎൻഎസ് 105 പ്രകാരം മനപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിട്ടുള്ളത്. അവന്റെ പേരിൽ കൊലക്കുറ്റത്തിന് വേണം കേസെടുക്കാൻ. കേസിന്റെ കാര്യം എന്റെ വാപ്പച്ചി നോക്കിക്കോളും എന്നാണ് സുഹൈൽ പറഞ്ഞുകൊണ്ടിരുന്നത്. കേസ് വാപ്പച്ചി അട്ടിമറിച്ചോളും എന്നൊക്കെ പറയുന്നത് പണത്തിന്റെ ഹുങ്കാണ്.' സന്ദീപ് പറഞ്ഞു.
സുഹൈൽ ആക്രോശിക്കുന്ന വീഡിയോകൾ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. 'ഇത് കരുതിക്കൂട്ടി ഉണ്ടാക്കിയ അപകടമാണോ എന്നുപോലും സംശയമുണ്ട്. പോലീസിന്റെ ഭാഗത്തുനിന്നും അനുകമ്പാപൂർവമുള്ള പെരുമാറ്റമാണ് ഉണ്ടായത്. വേണ്ട സഹായങ്ങളെല്ലാം ചെയ്തുതരാമെന്നാണ് മന്ത്രിമാരായ രമേശ് ചെന്നിത്തലയും ടി. സിദ്ദിഖും പറഞ്ഞത്. സർക്കാർ ഈ വിഷയത്തിൽ നീതി നേടി തരും എന്ന് ഉത്തമവിശ്വാസമുണ്ട്.' അദ്ദേഹം പറഞ്ഞു.
'21 വയസ്സിൽ ഒരാളുടെ ജീവൻ നഷ്ടപ്പെടുക എന്നു പറഞ്ഞാൽ വളരെ വേദനാജനകമായ കാര്യമാണ്. ഞങ്ങളുടെ വീടിന്റെ വിളക്കാണ് പോയത്. പഠിത്തത്തിലും കലാപരമായ പരിപാടികളിലും എല്ലാം ദേവിക മികച്ചുനിന്നിരുന്നു. എസ്എസ്എൽസിക്കും പ്ലസ് ടുവിനുമെല്ലാം എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയാണ് ജയിച്ചത്. ബിബിഎയ്ക്കും നല്ല മാർക്കുണ്ടായിരുന്നു. അവളിൽ വീട്ടുകാർക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു.' സന്ദീപ് പറയുന്നു.
'രണ്ടുകുട്ടികളുടെയും (ദേവികയുടേയും ഗോപികയുടേയും) മൃതദേഹം കോളേജിൽ പൊതുദർശനത്തിന് വെച്ചപ്പോൾ അത്രയധികം ജനക്കൂട്ടമുണ്ടായി. വീട്ടിലെത്തിച്ചപ്പോഴും വലിയ ജനക്കൂട്ടമാണ് ദേവികയെ കാണാനെത്തിയത്. ഇത്ര ചെറിയ പ്രായത്തിൽ ഇത്രയും പേരുടെ ഇഷ്ടത്തിന് പാത്രമായാണ് അവൾ ജീവിച്ചത്. മരിച്ചുപോയ ആളെ ഇനി ഒരിക്കലും നമുക്ക് തിരിച്ചുകിട്ടില്ല. പക്ഷേ ഇനിയാർക്കും ഇങ്ങനെ സംഭവിക്കാൻ പാടില്ല.' ദേവികയുടെ അമ്മാവൻ കൂട്ടിച്ചേർത്തു.
'അബദ്ധങ്ങൾ പറ്റാറുണ്ട്, അപകടങ്ങൾ സംഭവിച്ചുപോകാറുണ്ട്, പക്ഷേ ഇവിടെ മൂന്ന് ജീവനെടുക്കണം എന്ന പോലെയായിരുന്നു സുഹൈലിന്റെ പ്രവർത്തി. അപകടത്തിന് മുമ്പ് മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചിരുന്നു അയാൾ.' സന്ദീപ് പറയുന്നു. പ്രതി മദ്യപിച്ചിരുന്നതായും കാർ അതിവേഗത്തിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. കാറിലുണ്ടായിരുന്ന ആലപ്പുഴ തുമ്പോളി പാലപ്പറമ്പിൽ നിനവിനെ (22) പ്രേരണാക്കുറ്റത്തിന് അറസ്റ്റ് ചെയ്തിട്ടുണ്ട്.
'ഗോപികയുടെ അച്ഛൻ ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ്, ഞങ്ങളുടെ ഇവിടെ വയനാട്ടിൽ ഒരു ചെറിയ സ്ഥലത്തുള്ളവരാണ്. സുഹൈലും അവന്റെ വീട്ടുകാരും കൊച്ചി പോലെ ഒരു വലിയ സ്ഥലത്താണ് ജീവിക്കുന്നത്. അവരെപ്പോലെ കേസിനെ സ്വാധീനിക്കാൻ പോയിട്ട് ഇതിന്റെ പിന്നാലെ നടക്കാൻ പോലും ഞങ്ങൾക്ക് നിവർത്തിയില്ല. സർക്കാർ ഞങ്ങൾക്ക് നീതി വാങ്ങിത്തരും എന്ന് തന്നെയാണ് വിശ്വാസം.' സന്ദീപ് പറഞ്ഞു.
കൊച്ചിയിലെ സ്വകാര്യ കോളേജിൽ ബി.കോം വിദ്യാർഥിയാണ് സുഹൈൽ. കാക്കനാട്ടെ ഫ്‌ലാറ്റിലാണ് താമസം. അപകടത്തിന് പിന്നാലെ, സുഹൈലിനെ നാട്ടുകാർ തടഞ്ഞ് പോലീസിൽ ഏൽപിക്കുകയായിരുന്നു. ഈ സമയം, സുഹൈൽ നാട്ടുകാരോട് തട്ടിക്കയറുകയും 'എല്ലാം തന്റെ വാപ്പ നോക്കിക്കൊള്ളും' എന്ന് ആക്രോശിക്കുകയും ചെയ്തതായി നാട്ടുകാർ പറഞ്ഞു.
ബിരുദധാരികളായ മൂവരും (ദേവികയും ഗോപികയും ഇയ്യാസും) മറ്റു കോഴ്‌സുകൾ പഠിക്കുന്നതിനൊപ്പം ഉച്ചയ്ക്കുശേഷം തൃക്കാക്കരയിലെ 'സുക്കോയോ സ്റ്റോറി'ൽ ജോലി ചെയ്യുന്നുമുണ്ടായിരുന്നു. ശനിയാഴ്ച രാത്രി 11-ന് ജോലികഴിഞ്ഞ് വിമാനത്താവളത്തിന് സമീപമെത്തി ഭക്ഷണം കഴിച്ചശേഷം അത്താണി ഭാഗത്തേക്ക് മടങ്ങുമ്പോഴാണ് പിന്നിൽ വന്ന കാർ ഇവരുടെ സ്‌കൂട്ടർ ഇടിച്ചുതെറിപ്പിച്ചത്.
Content Highlights: A tragic accident in Nedumbassery involving a Mini Cooper resulted in the deaths of three students, prompting the family of one victim, Devika, to demand a murder charge against the driver, Suhail, citing reckless driving and intoxication as causes. The families of the deceased students, who were seen as the hope for their families' futures, are seeking justice and have expressed concerns about potential influence and manipulation of the case due to Suhail's family's resources.
Published: 12 Oct 2026, 12:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented