പാലക്കാട്: സ്ഥലം: രാജ്യതലസ്ഥാനം. സമയം: ശനിയാഴ്ച രാവിലെ പത്തര. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് സി.ജെ.പി., ഇടത് സംഘടനകളുടെ പ്രതിഷേധമാർച്ച് നഗരത്തിന്റെ പല ഭാഗങ്ങളിൽനിന്ന് തുടങ്ങുന്നു. എല്ലാവരുടെയും ലക്ഷ്യം ജന്തർമന്തർ. ആരും അവിടേക്ക് എത്താതിരിക്കുകയാണ് പോലീസിന്റെ ലക്ഷ്യം. ഇതിനായി, മാർച്ച് വരുന്ന വഴികളിൽ പോലീസ് ബാരിക്കേഡുവെച്ച് തടയുന്നു, മാർച്ചിൽ പങ്കെടുക്കുന്നവരെ കസ്റ്റഡിയിലെടുക്കുന്നു.

To advertise here,

റാലിയായിവന്ന ഒരുകൂട്ടം വിദ്യാർഥികളെ ആകാശവാണി ഭവനടുത്ത് പോലീസ് തടയുന്നു. പോലീസിനെ വെട്ടിച്ച് കുറച്ചുപേർ മുന്നോട്ടുപോകുന്നു. ഇതിനിടെ, മുടി പറ്റേ വെട്ടിയ, ടി-ഷർട്ടിട്ട, പിന്നിൽ ചെറിയബാഗ് തൂക്കിയ ഒരു പെൺകുട്ടി എസ്.എഫ്.ഐ.യുടെ പതാകയുമായി മുന്നോട്ടുകുതിക്കുന്നു.

ചാനൽ-പത്ര ഫോട്ടോഗ്രാഫർമാരുടെ ക്യാമറയിലുടക്കിയ ആ ചിത്രം 24 മണിക്കൂറിനകം സാമൂഹികമാധ്യമങ്ങളിൽ പ്രതിഷേധത്തിന്റെ ചൂടുംചൂരുമാകുമെന്ന് ആ പെൺകുട്ടിതന്നെ കരുതിയില്ല. ആ ചിത്രത്തിലുള്ള വിദ്യാർഥിനി പാലക്കാട് മങ്കര സ്വദേശിയായ പി. പവിത്രയാണ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ ബി.എസ്‌സി. നരവംശശാസ്ത്രം മൂന്നാംവർഷ വിദ്യാർഥി.

എന്താണ്‌ സംഭവിച്ചതെന്ന് പവിത്ര ‘മാതൃഭൂമി’യുമായി പങ്കുവെക്കുന്നു. ‘എസ്.എഫ്.ഐ.യുടെ പ്രതിഷേധത്തിനുള്ള ഒരുക്കം വെള്ളിയാഴ്ചതന്നെ തുടങ്ങിയിരുന്നു. ഞങ്ങളെല്ലാം സി.പി.എം. ഓഫീസായ ഹർകിഷൻസിങ് സുർജിത് ഭവനിൽ തലേന്നുതന്നെ എത്തി. ശനിയാഴ്ചരാവിലെ അവിടെനിന്ന് ജന്തർമന്തറിലേക്ക് എത്താനായിരുന്നു പരിപാടി.’ പവിത്ര പറയുന്നു. 

‘എന്നാൽ, ഓഫീസിനുമുന്നിൽ ബാരിക്കേഡ് വെച്ച് തടയാൻ സാധ്യതയുണ്ടെന്ന്‌ മനസ്സിലാക്കി കുറേ വിദ്യാർഥികളെ സി.പി.എം. ആസ്ഥാനമായ എ.കെ.ജി. ഭവനിലേക്കുമാറ്റി. ശനിയാഴ്ച രാവിലെ പത്തോടെ ഇരുസ്ഥലത്തുനിന്നും റാലി തുടങ്ങി. ഞങ്ങളുടെ കൈയിൽ എസ്.എഫ്.ഐ.യുടെ കൊടികളുമുണ്ടായിരുന്നു.’

’ആകാശവാണിഭവന്‌ സമീപത്ത് പോലീസ് തുടരെത്തുടരെ ബാരിക്കേഡുകൾ വെച്ചിരുന്നു. ഇതുമറികടന്ന് വിദ്യാർഥികൾ േപാകാൻ തുടങ്ങിയതോടെ പോലീസ് അവരെ കസ്റ്റഡിയിലെടുത്തുതുടങ്ങി. ഞാനുൾപ്പെടെയുള്ള കുറച്ചുപേർ കൊടിയുമായി പോലീസിനെ വെട്ടിച്ചോടി. കുറച്ചുദൂരം പിന്നിട്ടപ്പോഴേക്കും പോലീസ് വളഞ്ഞു. എല്ലാവരെയും കസ്റ്റഡിയിലെടുത്തു.’

‘ഇതിനിടെ പിടിയുംവലിയുമായി. പോലീസിന്റെ അടിയേറ്റു. ബസ് എങ്ങോട്ടെന്നില്ലാതെ പോയ്ക്കൊണ്ടിരുന്നു. കുറച്ചുദൂരം പിന്നിട്ടപ്പോൾ ട്രാഫിക് സിഗ്നലിൽ വണ്ടി നിർത്തി. അപ്പോൾ ഞങ്ങൾ കുറച്ചുപേർ ഇറങ്ങി രക്ഷപ്പെട്ടു’ - പവിത്ര പറഞ്ഞു.

പാലക്കാട് മങ്കര കാരാട്ടിൽവീട്ടിൽ പരേതനായ പ്രകാശന്റെയും ബിന്ദുവിന്റെയും മകളാണ് പവിത്ര. എസ്.എഫ്.ഐ. അംഗമാണ്. മങ്കര സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ അക്കൗണ്ടന്റാണ് അമ്മ. ഡൽഹി സർവകലാശാലയിലെ മുൻ വിദ്യാർഥി, പ്രഭാതാണ് ജ്യേഷ്ഠൻ.

മലയാളി വിദ്യാർഥികളുടെ കൂട്ടായ്മയായ ‘മൈത്രി’യുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു കഴിഞ്ഞവർഷം പവിത്ര. ഈ വർഷം കോഴ്‌സ് പൂർത്തിയാക്കി പി.ജി.ക്ക്‌ ചേരാനുള്ള ഒരുക്കത്തിലാണ്. ആദ്യമായാണ് ഇത്രയും വലിയൊരു പ്രതിഷേധത്തിൽ പങ്കെടുക്കുന്നതെന്നും ആവേശകരമായ അനുഭവമായിരുന്നെന്നും പവിത്ര പറഞ്ഞു.