ഇന്ത്യ ചെറുത്തുനില്ക്കുന്നത് ഹൃദയം കൊണ്ടാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തെ പരമശിവന്റെ താണ്ഡവത്തോട് ഉപമിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തങ്ങൾ യാതൊരു ആസൂത്രണവുമില്ലാതെയാണ് ഈ പ്രതിഷേധം നടത്തുന്നതെന്നും ഭരണഘടന സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന, ബിജെപിക്കാർ ഉൾപ്പെടെ ആർക്കും ഇതിന്റെ ഭാഗമാകാമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയിലേക്കുള്ള പ്രതിപക്ഷത്തിന്റെ ദില്ലി ചലോ മാർച്ചിന് മുന്നോടിയായി നടത്തിയ പ്രത്യേക വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇത് താണ്ഡവമാണ്. ശിവന്റെ നൃത്തം. ഇതിന് ആസൂത്രണമൊന്നുമില്ല. ഇന്ന് ഞങ്ങൾ സുപ്രീം കോടതിയിലേക്ക് പോകുന്നു. നാളെ മറ്റെന്തെങ്കിലുമാകാം സംഭവിക്കുന്നത്. എന്നാൽ ഇതിന്റെയെല്ലാം ആശയം ഒന്നാണ്. യാതൊരു ആസൂത്രണത്തിന്റേയും ആവശ്യമില്ല. ആകാശവാണി ഭവനിൽ എനിക്ക് എന്തെങ്കിലും ആസൂത്രണം ഉണ്ടായിരുന്നോ? ഉണ്ടായിരുന്നു, ബസ്സിൽ പോകാൻ. എന്നാൽ പോലീസ് ബസ് തടഞ്ഞു, പോകാൻ അനുവദിച്ചില്ല, അറസ്റ്റ് ചെയ്തു. അതാണ് പറഞ്ഞത്, ആസൂത്രണത്തിന്റെ ആവശ്യമില്ല. ഇത് ശിവന്റെ നൃത്തമാണ്. ആർക്കും വരാം.' -രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്ത്യയിൽ പ്രതിഷേധങ്ങൾ രൂപപ്പെടുന്നത് എല്ലായ്‌പ്പോഴും കൃത്യമായ പദ്ധതിയുടെ അടിസ്ഥാനത്തിലല്ല. തെറ്റാണെന്ന് ബോധ്യപ്പെടുന്ന കാര്യങ്ങൾക്കെതിരായ ശക്തമായ വികാരമാണ് പലപ്പോഴും പ്രതിഷേധങ്ങൾക്ക് പ്രേരണയാകുന്നത്. ഇന്ത്യ ചെറുത്തുനിൽക്കുന്നത് ഹൃദയം കൊണ്ടാണ്, മറിച്ച് ആസൂത്രണം കൊണ്ടല്ല. ഭരണഘടനയെ സംരക്ഷിക്കണം എന്ന് ആഗ്രഹിക്കുന്ന ബിജെപിക്കാർ ഉൾപ്പെടെ ആർക്കും ഇതിന്റെ ഭാഗമാകാം -രാഹുൽ ഗാന്ധി തുടർന്നു.
സിജെപിയുടേത് ഉൾപ്പെടെയുള്ള മറ്റ് പ്രതിഷേധങ്ങളും ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധവും പരസ്പരം മത്സരിക്കുന്നവയോ സമാന്തരമായി പോകുന്നവയോ അല്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. ഇതെല്ലാം ഒരൊറ്റ പ്രതിഷേധമാണ്. ഭരണഘടന സംരക്ഷിക്കാൻ നിലകൊള്ളുന്ന ആരെയും പ്രതിപക്ഷം പിന്തുണയ്ക്കും. 'നിങ്ങൾ ആരാണെന്നത് ഞങ്ങൾക്ക് പ്രശ്‌നമല്ല. ഭരണഘടന സംരക്ഷിക്കാനാണ് നിങ്ങൾ നിലകൊള്ളുന്നതെങ്കിൽ ഞങ്ങൾ നിങ്ങളെ പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യും. ഇതേ കാര്യം നിങ്ങളിൽ നിന്ന് തിരിച്ചും ഞങ്ങൾ പ്രതീക്ഷിക്കുന്നു.' -രാഹുൽ പറഞ്ഞു.
Content Highlights: Opposition Leader Rahul Gandhi likened the ongoing anti-CEC Delhi protests to Lord Shiva's Tandava, stating that the movement is driven by emotion rather than planning and invited all, including BJP members, to join.
Published: 12 Oct 2026, 02:59 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented