കൊല്ലം: സി.പി.എം. ശൂരനാട് ഏരിയ കമ്മിറ്റിയിൽ പട്ടികജാതി പ്രാതിനിധ്യത്തെച്ചൊല്ലി വിവാദം. പാർട്ടി ശക്തികേന്ദ്രത്തിൽ, നേതാക്കളും അംഗങ്ങളും അനുഭാവികളും സാമൂഹികമാധ്യമങ്ങളിൽ നടത്തുന്ന പരസ്യ പ്രതികരണങ്ങൾ അതിരുവിട്ടിരിക്കുകയാണ്.

To advertise here,

ദീർഘകാലമായി പാർട്ടി ലോക്കൽ കമ്മിറ്റിയിലും പട്ടികജാതി ക്ഷേമ സമിതി, ഇന്ത്യൻ ലോയേഴ്സ് യൂണിയൻ എന്നിവയുടെ ജില്ലാ ഘടകങ്ങളിലും പ്രവർത്തിച്ചുവരുന്ന അഡ്വ. വിജയാനന്ദാണ്, രണ്ട്‌ മുതിർന്ന നേതാക്കൾ ജാതിവിവേചനം കാട്ടുന്നെന്ന ആരോപണം പരസ്യമായി ഉന്നയിച്ചത്. ആദ്യം വാട്സാപ്പ് ഗ്രൂപ്പിൽ ശബ്ദസന്ദേശമായും പിന്നീട് നവമാധ്യമങ്ങളിൽ വീഡിയോ രൂപത്തിലും വിജയാനന്ദിന്റെ ആരോപണം പ്രചരിച്ചു.

വിജയാനന്ദിനെ സസ്പെൻഡ് ചെയ്ത ഏരിയ കമ്മിറ്റി, പാർട്ടി ഘടകങ്ങളിലെ പട്ടികജാതി പ്രാതിനിധ്യത്തിന്റെ കണക്ക് നിരത്തി. എന്നാൽ ഏരിയ കമ്മിറ്റിയിലുള്ള ഏക പട്ടികജാതി അംഗത്തെ അച്ചടക്കനടപടി സ്വീകരിച്ച്, ഒഴിവാക്കിയിരിക്കുകയാണെന്ന വാദവുമായി മറുവിഭാഗം രംഗത്തുവന്നു. പാർട്ടി ഏരിയ സെക്രട്ടറിയുടെ ചുമതലയുള്ള ജില്ലാ കമ്മിറ്റി അംഗം പി.ബി. സത്യദേവന്റെ ജാതിപരാമർശങ്ങളടങ്ങിയ വിശദീകരണ വീഡിയോയും നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്.

‘ഔദ്യോഗിക സ്ഥാനങ്ങളിലെ പ്രവർത്തനം ഞാൻ അവസാനിപ്പിക്കുകയാണ്. പട്ടികജാതിക്കാർക്ക് ഈ പാർട്ടിയിൽ ലോക്കൽ കമ്മിറ്റിവരെയേ ഇരിക്കാനാകൂ. അതിനപ്പുറത്തേക്ക് ആരെയും വിടില്ല.’ സി.പി.എം. ശൂരനാട് ടൗൺ ലോക്കൽ കമ്മിറ്റിയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിൽ വിജയാനന്ദ് ഈ ശബ്ദസന്ദേശം ഇട്ടതാണ് വിവാദത്തിന്റെ തുടക്കം. ഇതേ സന്ദേശം ശൂരനാട് വടക്ക് പന്ത്രണ്ടാംവാർഡ് കമ്മിറ്റിയുടെ ഗ്രൂപ്പിലും അദ്ദേഹം പോസ്റ്റ് ചെയ്തു. ഇവയ്ക്കു താഴെ കമന്റുകൾ പെരുകുകയും ശബ്ദസന്ദേശം ഗ്രൂപ്പുകൾക്ക് പുറത്ത് പ്രചരിക്കുകയും ചെയ്തതോടെ ഏരിയ നേതൃത്വം ആരോപണംനിഷേധിച്ച് രംഗത്തെത്തി.

‘ശൂരനാട് ഏരിയ കമ്മിറ്റിയിൽ പട്ടികജാതിയിൽപ്പെട്ട ഒരാൾപോലും ഇല്ലെന്ന പ്രചാരണം പെരുംനുണയാണെന്നാ’യിരുന്നു പാർട്ടിയുടെ മറുപടി. എന്നാൽ പാർട്ടി പറയുന്ന ഏരിയ കമ്മിറ്റി അംഗത്തെ നടപടിയെടുത്ത് അടുത്തകാലത്ത് ഒഴിവാക്കിയിരുന്നു. ഈ നടപടി താഴേത്തട്ടിലേക്ക് റിപ്പോർട്ട് ചെയ്യാനിരിക്കെ, ജാതി പ്രാതിനിധ്യം സംബന്ധിച്ച തർക്കമുയർന്നതോടെ നേതൃത്വം വെട്ടിലായിരിക്കുകയാണ്. പതിറ്റാണ്ടുകളായി ഇടതുകുത്തകയായിരുന്ന കുന്നത്തൂർ മണ്ഡലത്തിൽ ഇത്തവണയുണ്ടായ കനത്ത പരാജയമുണ്ടാക്കിയ ആഘാതത്തിനു പിന്നാലെയാണ് ജാതിവിവേചന ആരോപണമുയർന്നത്.