
ഐ.ഐ.ടി. ബോംബെയിലെ എനർജി സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിലെ രണ്ടാം വർഷ ബി.ടെക്. വിദ്യാർത്ഥി സാഹിൽ രവീന്ദ്ര വാക്കോഡെയെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത് തുടക്കമിട്ട ജാതിവിവേചന വിവാദം ഉടനെയെങ്ങും തീരാനിടയില്ല. മഹാരാഷ്ട്രയിലെ യവത്മാലിൽനിന്നുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാവ് സ്വയം ജീവനൊടുക്കിയതാണെന്നും കാരണം ജാതിപീഡനമാണെന്നും ബന്ധപ്പെട്ട അധ്യാപകർക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നും ദളിത് സംഘടനകളും ആക്ടിവിസ്റ്റുകളും ആവശ്യപ്പെട്ടു. പക്ഷേ, കുറ്റകൃത്യം തെളിയിക്കപ്പെടും മുമ്പ് അധ്യാപകർക്കെതിരെ നടപടിയെടുക്കാനും അവരെ എസ്.സി., എസ്.ടി. നിയമപ്രകാരം അറസ്റ്റു ചെയ്യാനും ആവശ്യപ്പെടുന്നത് സ്വാഭാവികനീതിയുടെ ലംഘനമാണെന്നും നടപടി ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസരംഗത്തെ ദോഷകരമായി ബാധിക്കുമെന്നും മറുവിഭാഗം വാദിക്കുന്നു.
2026 സെപ്റ്റംബർ 18-നായിരുന്നു സംഭവം. പൊലീസിന്റെയും സ്ഥാപനത്തിന്റെയും റിപ്പോർട്ടുകൾ പ്രകാരം, ഒരു ഇടക്കാല പരീക്ഷയ്ക്കിടെ (രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ) സാഹിൽ ചോദ്യപ്പേപ്പർ ചാറ്റ് ജിപിടിയിൽ അപ്‌ലോഡ് ചെയ്ത് ഉത്തരമെഴുതാൻ ശ്രമിച്ചത് ഇൻവിജിലേറ്ററായ പ്രൊഫസർ സൂര്യനാരായണ ദൂല കണ്ടെന്നും സംഭവം അക്കാദമിക് ഭാവിയെ ബാധിക്കില്ലെന്ന ഉറപ്പോടെ സാഹിലിന് കൗൺസിലിങ് നൽകിയിട്ടുണ്ടെന്നും സ്ഥാപനം പ്രസ്താവനയിറക്കി. എന്നാൽ, അന്വേഷണം പൂർണ്ണമാവും മുൻപ് സാഹിലിനെ കുറ്റപ്പെടുത്തുന്ന രീതിയിൽ വിഷയം അവതരിപ്പിച്ചതിന് ഐ.ഐ.ടി. പിന്നീട് മാപ്പ് പറഞ്ഞു.
തങ്ങളുടെ മകൻ മാസങ്ങളായി ജാത്യധിക്ഷേപവും സ്ഥാപനപരമായ സമ്മർദ്ദവും നേരിട്ടിരുന്നതായി സാഹിലിന്റെ മാതാപിതാക്കൾ ആരോപിച്ചു. ഡയറക്ടർ ശിരീഷ് കേദാരെയുടെ നിർദ്ദേശപ്രകാരം പ്രൊഫസർ ഡൂലയിൽനിന്ന് സാഹിലിന് ജാതീയമായ അധിക്ഷേപങ്ങളും ഭീഷണികളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് എഫ്.ഐ.ആറിൽ പിതാവ് ആരോപിച്ചു. പരാതിയെത്തുടർന്ന് പോലീസ് ആത്മഹത്യാ പ്രേരണക്കുറ്റവും എസ്.സി., എസ്.ടി. നിയമത്തിലെ പ്രസക്തമായ വകുപ്പുകളും ചുമത്തി കേസെടുത്തു.
ദിവസങ്ങളോളം ഐ.ഐ.ടി. പ്രക്ഷോഭകേന്ദ്രമായി. വിദ്യാർത്ഥികൾ മുന്നോട്ടുവെച്ച 18 ആവശ്യങ്ങളടങ്ങിയ അവകാശപത്രികയിൽ പ്രക്ഷോഭത്തിന്റെ മൂന്നാം ദിവസമായ സെപ്തംബർ 20-ന് ഡയറക്ടർ കേദാരെ ഒപ്പുവെച്ചു. പ്രൊഫസർ ദൂലയ്ക്കെതിരെ നടപടി, സ്വതന്ത്ര അന്വേഷണം, വിദ്യാർത്ഥികൾക്ക് മാനസികാരോഗ്യ പിന്തുണ, അച്ചടക്ക നടപടിക്രമങ്ങളിലെ മാറ്റം എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ. തുടർന്ന് ദൂലയെ ഡീൻ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിനു പുറമെ, അന്വേഷണം പൂർത്തിയാകുന്നതു വരെ അവധിയിൽ അയക്കുകയും ചെയ്തു.
എന്നാൽ, അദ്ദേഹം ഐ.ഐ.ടി. ബോംബെയിലെ പ്രൊഫസർ സ്ഥാനത്തു തുടരുന്നു. മിക്കവാറുമുള്ള വിദ്യാർത്ഥികൾ ക്ലാസുകളിലേക്ക് മടങ്ങി. ഇതിനിടെ പ്രൊഫസർ ദൂലയെ അനുകൂലിച്ചും പ്രകടനങ്ങളുണ്ടായി. ഒരു വിഭാഗം അധ്യാപകരും അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തി. വിഷയം അന്വേഷിക്കുന്നത് വിദ്യാർത്ഥി പ്രതിനിധികളും ഉൾപ്പെടുന്ന പത്തംഗ കമ്മിറ്റിയാണ്. മുംബൈ ക്രൈംബ്രാഞ്ച് അന്വേഷണവും തുടരുകയാണ്. ഇതുവരെ സാഹിലിന്റെ ഐ ഫോണിന്റെ ലോക്ക് തുറക്കാനായിട്ടില്ല. തുറന്നാൽ മരണകാരണത്തെ കുറിച്ച് കൂടുതൽ വ്യക്തത വന്നേക്കും.
ചില ദേശീയ ചാനലുകൾ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങൾ ചർച്ചയെ വേറൊരു വഴിയിലേക്ക് തിരിച്ചുവിട്ടു. സംഭവദിവസത്തെ പരീക്ഷാഹാളിന്റെ സി.സി.ടി.വി. ദൃശ്യങ്ങളിൽ ഉച്ചയ്ക്ക് 12.30-നും 12.45-നും ഇടയിൽ മുൻബെഞ്ചിലിരിക്കുന്ന സാഹിലെന്ന് തോന്നിക്കുന്ന വിദ്യാർത്ഥി മൊബൈൽ ഫോൺ അധ്യാപകനെ (ദൂലയാകാം) ഏൽപ്പിച്ച് ഹാൾ വിട്ടിറങ്ങുന്നു- വീഡിയോ ദൃശ്യത്തിൽ കാണുന്നത് അത്ര മാത്രം. അധ്യാപകർ എന്താണ് വിദ്യാർത്ഥിയോടു പറഞ്ഞതെന്ന് മാനസ്സിലാക്കാനുമാവില്ല.
ഉച്ചയ്ക്ക് 1.25-ഓടെ ഹോസ്റ്റൽ മുറിയിലെത്തിയ സാഹിൽ പിന്നീട് പുറത്തുവന്നില്ല. വൈറലായ സി.സി.ടി.വി. ദൃശ്യം നിഷ്പക്ഷമായ അന്വേഷണ ഏജൻസി പുറത്തുവിട്ടതല്ല. മറിച്ച്, ഒരു പക്ഷത്തിന്റെ വാദത്തെ പിന്തുണയ്ക്കുന്ന രീതിയിൽ ആദ്യം അവതരിപ്പിക്കപ്പെട്ടതാണെന്ന് ദളിത് ആക്ടിവിസ്റ്റുകൾ പറയുന്നു. എന്തുകൊണ്ടാണ് മുഴുവൻ വീഡിയോ പുറത്തു വിടാത്തതെന്നും അവർ ചോദിക്കുന്നു. സാഹിലിന്റെ മാതാപിതാക്കളെ നഗരത്തിൽനിന്ന് ബലമായി മാറ്റാൻ മുംബൈ പൊലീസ് ശ്രമിച്ചെന്നും കുടുംബത്തിന്റെ അഭിഭാഷകൻ നിഖിൽ കാംബ്ലെ ആരോപിച്ചിരുന്നു. നീതിക്കായി നിരാഹാര സമരത്തിലാണ് മാതാപിതാക്കൾ.
സ്വന്തം ചുമതല മാത്രം നിർവഹിച്ച ഒരു സമർത്ഥനായ അധ്യാപകനെ എസ്.സി., എസ്.ടി, നിയമം ദുരുപയോഗിച്ച് ഇരയാക്കുകയായിരുന്നു എന്ന വലതുപക്ഷ വാദത്തിന് ഈ ദൃശ്യങ്ങൾ കരുത്തു പകർന്നു. (സി.സി.ടി.വി. ദൃശ്യങ്ങൾ ആധികാരികമാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും). 18 വർഷമായി അവിടെ പഠിപ്പിക്കുന്ന ദൂലയ്ക്കെതിരെ ഈ വിവാദത്തിനു ശേഷവും വിദ്യാർത്ഥികളോ പൂർവവിദ്യാർത്ഥികളോ ആരോപണവുമായി മുന്നോട്ടു വന്നിട്ടില്ലെന്നും അവർ പറയുന്നു. അതേസമയം, പ്രൊഫസർ ദൂല ഇത്തരം കേസുകളിലെ നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് ദളിത് വക്താക്കൾ പറയുന്നു. ക്രമക്കേട് നടത്തിയതിന് പിടിച്ചതായി ആരോപിക്കപ്പെടുന്ന വിദ്യാർത്ഥിക്ക് പുതിയ ഉത്തരക്കടലാസ് കൊടുക്കണമെന്നാണ് ചട്ടം. അതു പാലിച്ചിട്ടില്ല- അവർ ചൂണ്ടിക്കാട്ടുന്നു.
ഒരു കാമ്പസ് ദുരന്തമായി ആരംഭിച്ച സംഭവം ഐ.ഐ.ടി., ഐ.ഐ.എം., എൻ.ഐ.ടി., എയിംസ്, ഐസർ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക് സമ്മർദ്ദം, പട്ടികജാതി, പട്ടികവർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിന്റെ പ്രയോഗം, വിദ്യാർത്ഥികളുടെ മനഃപ്രയാസങ്ങളെ സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്ന രീതി, കാമ്പസുകളിലെ ആശയപരമായ അന്തരീക്ഷവും അവ വിദ്യാർത്ഥികളിലുണ്ടാക്കുന്ന സ്വാധീനവും എന്നിവയെക്കുറിച്ചുള്ള വിശാലമായ ചർച്ചയായി മാറിയിരിക്കുകയാണ്. പത്തുവർഷം മുമ്പത്തെ രോഹിത് വെമുല ആത്മഹത്യക്കേസിന് സമാനമായ കോളിളക്കമാണ് ബോംബെ ഐ.ഐ.ടി. സംഭവം സൃഷ്ടിച്ചിരിക്കുന്നത്.
ജാതിവിവേചനവും പ്രതിരോധവും
മരിച്ച വിദ്യാർത്ഥി പട്ടികജാതി അല്ലെങ്കിൽ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടയാളാകുമ്പോൾ, ചർച്ച വിവേചനത്തെക്കുറിച്ചുള്ള ചോദ്യങ്ങളിലേക്ക് വികസിക്കുന്നത് പതിവാണ്. പൊതുവിഭാഗക്കാരായ ഒട്ടേറെ വിദ്യാർത്ഥികളും വർഷംതോറും ജിവനൊടുക്കുന്നുണ്ട്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങളിൽ പഠനം എളുപ്പമല്ല, കടുത്ത സമ്മർദ്ദവുമുണ്ട് എന്നതാണ് പ്രധാന കാരണം. ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) വഴി പ്രവേശനം നേടുന്നതിന് വർഷങ്ങളുടെ കഠിനമായ തയ്യാറെടുപ്പ് വേണം. പ്രവേശനം കിട്ടിക്കഴിഞ്ഞാൽ കഠിനമായ പാഠ്യപദ്ധതി, തുടർച്ചയായ മൂല്യനിർണ്ണയം, പ്ലേസ്മെന്റ് ഉൽക്കണ്ഠകൾ, കുടുംബത്തിൽനിന്ന് മാറിനിൽക്കുന്നതിന്റെ വെല്ലുവിളികൾ എന്നിവ.
പക്ഷേ, പിന്നാക്ക വിഭാഗങ്ങളിൽപെട്ട വിദ്യാർത്ഥികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ അതു മാത്രമല്ലെന്നത് വ്യക്തമാണ്. ഒളിഞ്ഞും തെളിഞ്ഞും ജാതിവിവേചനം ഇന്നും ഇന്ത്യൻ കാമ്പസുകളിലുണ്ട്. അത് എല്ലായിടത്തും ഒരുപോലെയാവണമെന്നില്ല, ഉണ്ടാവണമെന്ന് നിർബന്ധവുമില്ല. പ്രവേശന പരീക്ഷയിലെ റാങ്ക് ചോദിച്ചറിഞ്ഞ് വിദ്യാർത്ഥികളുടെ ജാതി തിരിച്ചറിയുക, 'മെരിറ്റ് ഇല്ലാത്തവർ' എന്ന് മുദ്രകുത്തി കൂട്ടായ്മകളിൽനിന്ന് ഒറ്റപ്പെടുത്തുക തുടങ്ങിയ പീഡനങ്ങളുമുണ്ട്. ഐ.ഐ.ടികളിലും മറ്റും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ള അധ്യാപകർ വളരെ കുറവാണെന്നത് അനുഭാവപൂർണമായ പിന്തുണയും മാർഗ്ഗനിർദ്ദേശവും വേണ്ടത്ര ഉണ്ടാകാതിരിക്കാൻ കാരണമാകാം.
2023-ൽ പാർലമെന്റിൽ സമർപ്പിച്ചകണക്കുകൾ പ്രകാരം 2018 മുതൽ 2023 വരെയുള്ള അഞ്ചുവർഷത്തിനിടെ പതിമൂവായിരത്തിലധികം (13,626) എസ്.സി., എസ്.ടി., ഒ.ബി.സി. വിദ്യാർത്ഥികൾ കേന്ദ്ര സർവകലാശാലകൾ, ഐ.ഐ.ടികൾ, ഐ.ഐ.എമ്മുകൾ എന്നിവിടങ്ങളിലെ പഠനം ഉപേക്ഷിച്ചിരുന്നു. ഐ.ഐ.ടി., എൻ.ഐ.ടി., ഐ.ഐ.എം., ഐ.ഐ.എസ്.ഇ.ആർ., ഐ.ഐ.ഐ.ടി. എന്നിവയുൾപ്പെടെ എല്ലാ ദേശീയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കൂട്ടിയാൽ ഇതേ കാലയളവിൽ 33,979 പേർ പഠിത്തം നിർത്തിയെന്നും അതിൽ 98 പേർ ആത്മഹത്യ ചെയ്തെന്നും വിദ്യാഭ്യാസ മന്ത്രാലയം രാജ്യസഭയിൽ അറിയിച്ചിരുന്നു. 2021-ലെ ലോക്സഭാ കണക്കുകൾ പ്രകാരം, ഐ.ഐ.ടി., എൻ.ഐ.ടി. തുടങ്ങിയ ദേശീയ സ്ഥാപനങ്ങളിലെ വിദ്യാർത്ഥി ആത്മഹത്യകളിൽ 58 ശതമാനവും പിന്നാക്ക വിഭാഗങ്ങളിൽ നിന്നായിരുന്നു എന്നതും പ്രസക്തമാണ്.
അതേസമയം, എസ്.സി., എസ്.ടി. നിയമത്തിലെ കർശനമായ വകുപ്പുകൾ സാധാരണ അക്കാദമിക് ഇടപെടലുകളെപ്പോലും കുറ്റകൃത്യങ്ങളാക്കി മാറ്റുമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. പരീക്ഷയ്ക്കു കോപ്പിയടിക്കുന്നവരെ പിടികൂടുന്നത് കുറ്റകൃത്യമായാൽ പരീക്ഷയ്ക്ക് മേൽനോട്ടം വഹിക്കാൻ അധ്യാപകർ മടിക്കുമെന്ന് അവർ പറയുന്നു. ഇത്തരം മരണങ്ങൾക്കു പിന്നിൽ ജാതീയമായ ദുരുദ്ദേശ്യം ആരോപിക്കുന്നത് ഒരുതരം 'വിപരീത ജാതീയത'യാണെന്നും നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന ആരോപണങ്ങളിൽ പക്ഷപാതരഹിതമായ അന്വേഷണവും വിശാലമായ നിയമപരിഷ്‌കരണ ചർച്ചയും വേണമെന്നും അവർ ആവശ്യപ്പെടുന്നു. വിദേശ രാജ്യങ്ങളിലെ വമ്പൻ അവസരങ്ങൾ വേണ്ടെന്നുവെച്ച് ഇന്ത്യയിൽ പഠിപ്പിക്കാൻ വരുന്ന മികച്ച യോഗ്യതയും കഴിവുകളുമുള്ള ദൂലയെ പോലുള്ള അധ്യാപകരെ അടിച്ചോടിക്കുന്ന സമീപനം നല്ലതല്ലെന്നും അവർ വാദിക്കുന്നു.
കുഴപ്പമുണ്ടാക്കുന്നത് മാനവിക വിഷയങ്ങളോ?
മാനവിക, സാമൂഹികശാസ്ത്ര വിദ്യാർത്ഥികളാണ് ആക്ടിവിസത്തിന്റെയും 'വോക്ക്' പ്രത്യയശാസ്ത്രങ്ങളുടെയും 'വൈറസ്' ഐ.ഐ.ടി. പോലുള്ള പ്രമുഖ ശാസ്്ത്ര, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പടർത്തുന്നതെന്ന് വലതുപക്ഷക്കാർ ആരോപിക്കുന്നു. (മുമ്പ് ഇലക്ടീവ് കോഴ്സുകൾക്കുള്ള 'സർവീസ്' വകുപ്പുകളായിരുന്ന മാനവിക, സാമൂഹിക ശാസ്ത്ര വിഷയങ്ങളെ പൂർണതോതിയുള്ള ബിരുദ കോഴ്സുകളൈായി വികസിപ്പിച്ചത് യു.പി.എ. ഭരണകാലത്തായിരുന്നു.) വിദ്യാർത്ഥികളിൽ ഇത്തരം നിലപാടുകൾ രൂഢമൂലമാവുന്നതിന് അധ്യാപകരുടെ പ്രത്യയ ശാസ്ത്രപരമായ ഏകപക്ഷീയതയും ചില പോസ്റ്റ് കൊളോണിയൽ കാഴ്ചപ്പാടുകളുടെ സ്വാധീനവും (പൊതുവെ ഇടതുപക്ഷ ആഭിമുഖ്യമുള്ളവ) കാരണമാവുന്നതായി അവർ പറയുന്നു.
ഈ അന്തരീക്ഷം പാഠ്യപദ്ധതികളെയും വിദ്യാർത്ഥി കൂട്ടായ്മകളെയും ആക്ടിവിസത്തെയും സ്വാധീനിക്കുന്നു, അത് വ്യവസ്ഥാപിതമായ അനീതിയുടെ തെളിവായി മാത്രം അസമത്വങ്ങളെ കാണുകയും പെരുമാറ്റം, സംസ്‌കാരം, കുടുംബ പശ്ചാത്തലം അല്ലെങ്കിൽ അക്കാദമിക് സമ്മർദ്ദം എന്നിവയിൽ വേരൂന്നിയ മറ്റു കാരണങ്ങളെ സ്വീകരിക്കാൻ മടിക്കുകയും ചെയ്യുന്നു. പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളിൽ മാനവിക വിഷയങ്ങൾ പരിമിതപ്പെടുത്തുകയോ നിരോധിക്കുകയോ ചെയ്യണമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്! അതിനിടെ, സാമൂഹിക മാധ്യമങ്ങളിൽ പുതിയൊരു യുദ്ധം ആരംഭിച്ചിട്ടുണ്ട്- ശാസ്ത്ര, സാങ്കേതിക (എസ്.ടി.ഇ.എം.) വിദ്യാർത്ഥികളും മാനവിക വിഷയങ്ങൾ പഠിക്കുന്നവരും തമ്മിൽ. ആരാണ് കൂടുതൽ മിടുക്കർ എന്നതാണ് വിഷയം!
ആക്ടിവിസത്തിന്റെ പേരിൽ മാനവിക വിഷയങ്ങളുടെ പഠനം ഉന്നത ശാസ്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിരോധിക്കുന്നത് യുക്തിസഹമല്ല. ചരിത്രം, സാമ്പത്തിക ചിന്തകൾ, രാഷ്ട്രീയ തത്ത്വചിന്ത, സാഹിത്യം, കാര്യങ്ങളെ വിലയിരുത്താനുള്ള കഴിവും അറിവും എന്നിവ ലഭിക്കാൻ മാനവിക വിഷയങ്ങളിലെ പഠനം ആവശ്യമാണ്. അവയില്ലെങ്കിൽ ശാസ്ത്ര, സാങ്കേതിക വിഷയങ്ങളിലെ ബിരുദധാരികൾ ഇടുങ്ങിയ ചിന്താഗതിക്കാരാകാനിടയുണ്ട്. അത് സ്വതന്ത്ര ചിന്തയ്ക്ക് നിരക്കാത്ത സമീപനമാണ്. യഥാർത്ഥപ്രശ്നം മാനവിക വിഷയങ്ങളല്ല, മറിച്ച് പല ഡിപ്പാർട്ട്മെന്റുകളിലും വികസിച്ചിട്ടുള്ള ആശയപരമായ ഏകപക്ഷീയതയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അവിടെ ശാസ്ത്രീയമായ പഠനങ്ങൾക്ക് പകരം ചില പ്രത്യയശാസ്ത്രങ്ങൾ പ്രതിഷ്ഠിക്കപ്പെടാം, അവർ വ്യത്യസ്ത കാഴ്ചപ്പാടുകളെ വളരെ അസഹിഷ്ണുതയോടെ തള്ളിക്കളയാം. അതാണ് പ്രശ്നം.
ബിജെപിക്ക് നെഞ്ചിടിപ്പേറ്റി എസ്.സി., എസ്.ടി. നിയമവും യുജിസി ചട്ടങ്ങളും
വളരെ സംവേദനക്ഷമത ആവശ്യപ്പെടുന്ന, ജനകോടികളെ ബാധിക്കുന്ന ഈ വിഷയത്തിൽ പ്രമുഖ രാഷ്ട്രീയപാർട്ടികൾ വളരെ കരുതലോടെയാണ് പ്രതികരിക്കുന്നത്. മിക്കവാറുമുള്ള കക്ഷികൾ വാ തുറന്നിട്ടില്ല. ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഏതു നിലപാടെടുത്താലും കുടുങ്ങുമെന്ന അവസ്ഥയാണ് മിക്ക കക്ഷികൾക്കും. ബി.ജെ.പിയുടെ പരമ്പരാഗത വോട്ടുബാങ്കായ മുന്നാക്ക സമുദായങ്ങൾ നേരത്തേതന്നെ അസന്തുഷ്ടരാണ്. ഇവരെ സന്തോഷിപ്പിക്കണമെങ്കിൽ കൂടുതൽ വലിയ വോട്ടുബാങ്കായ പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് നഷ്ടപ്പെടും.
2026 ആദ്യം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുല്യത പ്രോത്സാഹിപ്പിക്കാൻ യു.ജി.സി. കൊണ്ടുവന്ന ചട്ടങ്ങൾ മേൽജാതിക്കാരെ അസ്വസ്ഥമാക്കിയിരുന്നു. അതിലെ ജാതിവിവേചനത്തിന്റെ നിർവചനം അവ്യക്തവും ഏകപക്ഷീയവുമാണെന്നും അവ എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗങ്ങളെ സംരക്ഷിക്കുമ്പോൾ സമാന പരാതികളുള്ള ജനറൽ കാറ്റഗറി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സംരക്ഷണം നൽകുന്നില്ലെന്നും അവർ പരാതിപ്പെട്ടു. 2026 ജനുവരിയിൽ സുപ്രീം കോടതി ഇവ താൽക്കാലികമായി നിർത്തിവെച്ച് 2012-ലെ ചട്ടങ്ങൾ പുനഃസ്ഥാപിക്കുകയായിരുന്നു. ഈ അസംതൃപ്തിക്ക് എണ്ണ പകരുന്നതാണ് ബോംബെ ഐ.ഐ.ടി. സംഭവം.
പട്ടികജാതി, പട്ടികവർഗ പീഡനം തടയാനുള്ള നിയമത്തിന്റെ വകുപ്പുകൾ അതികഠിനമാണ്. ഇതുപ്രകാരം കേസ് എടുത്താൽ പ്രതിക്ക് മുൻകൂർ ജാമ്യം ലഭിക്കില്ല. വ്യക്തിവൈരാഗ്യം മൂലം നൽകുന്ന വ്യാജ പരാതിയാണെങ്കിൽ പോലും പ്രതിക്ക് ഉടനടി ജാമ്യം ലഭിക്കുന്നത് തടസ്സപ്പെടും. 2018-ലെ ഭേദഗതി പ്രകാരം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പ്രാഥമിക അന്വേഷണം നടത്തേണ്ടതില്ല. ഇത്തരം വകുപ്പുകൾ കാരണം നിയമം ദുരുപയോഗപ്പെടുത്താനുള്ള സാധ്യത കൂടുതലാണെന്ന് വാദിക്കപ്പെടുന്നു. എൻ.സി.ആർ.ബി. കണക്കുകൾ പ്രകാരം, സമീപവർഷങ്ങളിൽ എസ്.സി., എസ്.ടി. പീഡനം തടയൽ നിയമത്തിനു കീഴിലെ കേസുകളിലെ ശിക്ഷാവിധി നിരക്ക് 32 മുതൽ 40 ശതമാനം വരെ മാത്രമാണ്. 60 ശതമാനത്തിലധികം കേസുകളും വെറുതെ വിടുന്നതിലോ കേസ് തള്ളുന്നതിലോ കലാശിക്കുന്നു; ചില സംസ്ഥാനങ്ങളിൽ ഇത് 20, 25 ശതമാനംവരെ താഴുന്നുണ്ട്.
ഇത് നിയമത്തിന്റെ ദുരുപയോഗത്തിന് തെളിവാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, സുപ്രീം കോടതി ഇതിനോട് വിയോജിച്ചിട്ടുണ്ട് എന്നതും കാണേണ്ടതുണ്ട്. കുറഞ്ഞ ശിക്ഷാവിധി നിരക്ക് പലപ്പോഴും മോശം അന്വേഷണവും ദുർബലമായ പ്രോസിക്യൂഷനുമാണ് കാണിക്കുന്നതെന്നും, ഉയർന്ന വെറുതെവിടൽ നിരക്കിനെ വ്യാജപരാതികളുടെ തെളിവായി വായിക്കുന്നത് തെറ്റിദ്ധാരണ ആണെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം, കള്ളപ്പരാതികൾക്ക് ശിക്ഷാവ്യവസ്ഥ ഇല്ലാത്തതും അക്കാദമിക് ഇടപെടലുകൾ പോലും ക്രിമിനൽ കുറ്റമായി മാറാനുള്ള സാധ്യതയും യഥാർത്ഥ ആശങ്കകളാണെന്നും ഈ വാദത്തിന്റെ പിന്തുണക്കാർ ചൂണ്ടിക്കാട്ടുന്നു.
സംവരണം, ജാതിയുടെ പേരിലെ അതിക്രമ നിരോധന നിയമങ്ങൾ, വിദ്യാഭ്യാസ അവസരങ്ങൾ എന്നിവ പ്രധാന വിഷയങ്ങളായി നിലനിൽക്കുന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ സൂക്ഷ്മമായ ജാതിസമവാക്യങ്ങളെ അവഗണിക്കാൻ ഒരു രാഷ്ട്രീയ കക്ഷിക്കുമാവില്ല. അതുകൊണ്ടു തന്നെ, സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കുന്നതിനു പകരം സുപ്രീം കോടതിക്ക് ബാറ്റൺ കൈമാറാനുള്ള സാധ്യത ഏറെയാണ്.
Content Highlights: Why Are Student Suicides Plaguing India's Elite Tech Campuses?
Published: 25 Sept 2026, 02:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented