തിരുവനന്തപുരം: തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ സംഘർഷം. പ്രകടനത്തിനുനേരെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽനിന്ന് കല്ലേറുണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരികെ തീപ്പന്തം എറിയുകയും സ്ഥലത്ത് വൻ സംഘർഷാവസ്ഥ രൂപപ്പെടുകയുമായിരുന്നു. തുടർന്ന് പോലീസ് ലാത്തിച്ചാർജും ഗ്രനേഡ്, കണ്ണീർവാതക പ്രയോഗവും നടത്തി.

To advertise here,

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ഒ.ജെ. ജനീഷ്, ഷാഫി പറമ്പിൽ എം.പി. ഉൾപ്പെടെയുള്ളവർ നയിച്ച സെക്രട്ടേറിയറ്റ് മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. എസ്.എഫ്.ഐ. പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. 

മാർച്ച് തുടങ്ങുന്നതിന് മുന്നോടിയായി കേരള യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് സമീപം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടിച്ചുകൂടിനിൽക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. കോൺഗ്രസ് പ്രവർത്തകർക്കുനേരെ കോളേജ് ഹോസ്റ്റൽ കോമ്പൗണ്ടിൽനിന്ന്‌ കല്ലും ബിയർ കുപ്പികളും ഉൾപ്പെടെയുള്ളവ എറിഞ്ഞു. കല്ലേറുണ്ടായതോടെ മാർച്ചിനായി കരുതിയിരുന്ന പന്തം ഹോസ്റ്റലിനുള്ളിലേക്ക് എറിഞ്ഞ് യൂത്ത് കോൺഗ്രസും പ്രത്യാക്രമണം നടത്തി. സംഘർഷം രൂക്ഷമായതോടെ പോലീസ് ലാത്തിച്ചാർജും ഗ്രനേഡും കണ്ണീർവാതകവും പ്രയോഗിച്ചു. 

ഹോസ്റ്റലിൽനിന്ന് കല്ലും ബിയർ കുപ്പികളുമാണ് എറിഞ്ഞത്. ഹോസ്റ്റലിനകത്തേക്ക് എറിഞ്ഞ പന്തം നിർത്തിയിട്ട കാറിനു മുകളിലും മരത്തിലുമൊക്കെയാണ് പതിച്ചത്. ഇതോടെ യൂത്ത് കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾതന്നെ പന്തം സംഭവസ്ഥലത്തുനിന്ന് എടുത്തുമാറ്റി. ഇതിനിടെ സംഘർഷം തടയാൻ ശ്രമിച്ച പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിലും ഏറ്റുമുട്ടലുണ്ടായി. 

എസ്.എഫ്.ഐ.യും യൂത്ത് കോൺഗ്രസും ആക്രമണ പ്രത്യാക്രമണവുമായി മുന്നോട്ടുപോയതോടെ സംഘർഷം രൂക്ഷമായി. ഇരുകൂട്ടരും പരസ്പരം കല്ലെറിയുകയും ഹോസ്റ്റലിന് അകത്തുനിന്ന് പുറത്തേക്ക് സ്‌ഫോടക വസ്തുക്കൾ എറിയുകയും ചെയ്തു. ഇത് പലയിടങ്ങളിലെയും ഫ്‌ളക്‌സ് വലിച്ചുകീറുന്നതിലേക്കും കൈയാങ്കളിയിലേക്കും എത്തി. പോലീസ് ഇടപെട്ടിട്ടും സ്ഥിതി നിയന്ത്രിക്കാനായിട്ടില്ല. പോലീസ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് അകത്തേക്ക് കയറി ലാത്തിച്ചാർജ് പ്രയോഗിച്ചു. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റതായി ആരോപണമുണ്ട്.

ഏഴുതവണയാണ് പോലീസ് കണ്ണീർവാതകം പ്രയോഗിച്ചത്. നിരവധിപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ എസ്.എഫ്.ഐ. പ്രവർത്തകരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനങ്ങൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. എ.ഡി.ജി.പി. പി. വിജയൻ സംഘർഷം ശാന്തമാക്കാൻ രംഗത്തിറങ്ങി.

സി.പി.എം. നേതാക്കളായ വി. ശിവൻകുട്ടി, വി.എസ്. ജോയ് ഉൾപ്പെടെയുള്ളവർ യൂണിവേഴ്‌സിറ്റി കാമ്പസിലെത്തി കുത്തിയിരുന്ന് പ്രതിഷേധം നടത്തി.

ആദ്യം കെ.എസ്.യു. പ്രവർത്തകർ തീപ്പന്തമെറിയുകയായിരുന്നെന്ന് എസ്.എഫ്.ഐ.യും എസ്.എഫ്.ഐ.യുടെ ഭാഗത്തുനിന്നാണ് ആദ്യം പ്രകോപനമുണ്ടായതെന്ന് യൂത്ത് കോൺഗ്രസും ആരോപിച്ചു.