
മലപ്പുറം: തിരൂരിലെ മലയാളം സർവകലാശാലയിൽ ഗവേഷണ വിദ്യാർഥി അനഘ ശശി ജാതി അധിക്ഷേപം നേരിട്ടുവെന്നാരോപിച്ച് സർവകലാശാലയ്ക്ക് മുമ്പിൽ നടത്തിവന്ന സമരം അവസാനിപ്പിച്ചു. സമരം ഒത്തുതീർപ്പായതിനെ തുടർന്ന് കുറുക്കോളി മൊയ്തീൻ എംഎൽഎ അനഘ ശശിക്ക് ഇളനീർവെള്ളം നൽകി സമരം അവസാനിപ്പിച്ചു.
എംഎൽഎയുടെ മധ്യസ്ഥതയിൽ തിരൂർ സർക്കാർ വിശ്രമ മന്ദിരത്തിൽവെച്ച് വൈസ് ചാൻസലർ ഡോ. സി.ആർ. പ്രസാദും സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് ഡോ. മല്ലികയും, അനഘയുടെ അമ്മ അംബിക ശശിയും സമരസമിതി നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് സമരം പിൻവലിക്കാൻ തീരുമാനമായത്.
പരിസ്ഥിതി പഠന സ്‌കൂളിലെ അനഘയുടെ പഠനം തുടരുന്നതുമായി ബന്ധപ്പെട്ട് ഭരണകാര്യങ്ങൾ നിർവഹിക്കുന്നതിനായി സർവകലാശാലയിലെ ഏതെങ്കിലും സ്‌കൂളിൽനിന്ന് ഒരു ഗവേഷണ ഗൈഡിനെ ഏർപ്പാടാക്കാൻ തീരുമാനിച്ചു.
വിഷയവുമായി ബന്ധപ്പെട്ട ഗവേഷണ കാര്യങ്ങൾക്ക് മാർഗനിർദ്ദേശം നൽകുന്നതിനായി വിദ്യാർഥിയുടെ ഗവേഷണ മേഖലയിൽ പ്രാഗത്ഭ്യമുള്ള ഒരു മാർഗദർശിയെ കണ്ടെത്തിത്തരുന്നതിനും ഗവേഷണത്തിനാവശ്യമായ ലാബ് സൗകര്യങ്ങൾ ഏർപ്പാടാക്കുന്നതിന് ആവശ്യമായ നടപടികൾ കൈകൊള്ളുന്നതിനും സർക്കാരിലേക്ക് ആവശ്യപ്പെടാനും തീരുമാനമായിട്ടുണ്ട്.
ഈ കാര്യങ്ങൾ ഗവേഷകയുടെ പഠനത്തിന് തടസ്സമുണ്ടാവാത്ത രീതിയൽ കഴിവതും വേഗത്തിൽ നടപടികൾ സ്വീകരിക്കും. കുട്ടിയുടെ പഠനം സുഗമമായി തുടരാൻ സർവകലാശാലയും സർക്കാരും വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കും. പഠനത്തിന് സർവകലാശാലയിലെ സൗകര്യങ്ങൾ ഉപയോഗിക്കാനും പുറത്ത് നിന്ന് ലാബ് സൗകര്യം ഉപയോഗിക്കാനും കോ-ഗൈഡിനെ നിയോഗിക്കാനുംവേണ്ടി സർക്കാർ പ്രത്യേക ഉത്തരവിറക്കും.
അനഘയുടെ പരാതികളിൽ ജുഡീഷ്യൽ അന്വേഷണം നടത്തും. ചർച്ചയിലെ തീരുമാനങ്ങൾ യോഗത്തിൽവെച്ച് കുറുക്കോളി മൊയ്തീൻ എംഎൽഎ മന്ത്രി റോജി എം. ജോണിനെ അറിയിച്ചു.
Content Highlights: The protest by research student Anagha Sasi at Malayalam University in Tirur, alleging caste discrimination, was resolved with mediation by MLA Kurukkoli Moideen, who symbolically ended the protest by offering tender coconut water to Anagha.
Published: 07 Sept 2026, 09:03 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented