
തിരുവനന്തപുരം: ഒക്ടോബറിൽ സംസ്ഥാനത്ത് വൈദ്യുതി മുടങ്ങാതിരിക്കാൻ ഹിമാചൽ പ്രദേശിൽനിന്ന് വൈദ്യുതിവാങ്ങാൻ ശ്രമംതുടങ്ങി. വിലകുറയ്ക്കാൻ സംസ്ഥാനസർക്കാർ ഹിമാചലുമായി ചർച്ച നടത്തും. യൂണിറ്റിന് ശരാശരി 14.50 രൂപയാണ് അവർ ആവശ്യപ്പെടുന്നത്.
ഹിമാചൽ സന്ദർശിച്ച കെ.എസ്.ഇ.ബി. ഡയറക്ടർമാർ ഹിമാചൽ പവർ കോർപ്പറേഷനുമായി ചർച്ച നടത്തിയിരുന്നു. അടുത്തവർഷം മേയ് വരെ വൈദ്യുതി നൽകാൻ അവർ തയ്യാറാണ്. രാത്രിയിൽ 600-800 മെഗാവാട്ടുവരെ കിട്ടാം. ഇത്രയും വൈദ്യുതി അധികമായി കിട്ടിയാൽ ഉപഭോഗം ക്രമാതീതമായി കൂടിയാലും രാത്രിയിലെ വൈദ്യുതിക്ഷാമം ഒഴിവാക്കാനാകുമെന്നാണ് കെ.എസ്.ഇ.ബി. കണക്കുകൂട്ടുന്നത്.
ഹിമാചൽപ്രദേശിൽ കോൺഗ്രസ് സർക്കാരാണെന്നിരിക്കെ കേരളത്തിലെ പ്രതിസന്ധിയുടെ ഗുരുതരാവസ്ഥ സർക്കാർതലത്തിൽ ബോധ്യപ്പെടുത്തിയാൽ വില കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.
പുതിയ കരാറുകളിൽ വില 14 രൂപവരെ
ഒക്ടോബർ മുതൽ അടുത്ത ഏപ്രിൽവരെ കൂടുതൽ വൈദ്യുതിക്കായി 32 ഹ്രസ്വകാല കരാറുകൾകൂടി കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മിഷന്റെ പരിഗണനയ്ക്ക് നൽകി. 336.25 കോടിയാണ് മൊത്തം കരാറുകളിലെ ചെലവ്. ഫെബ്രുവരി വരെയുള്ള കരാറുകളിൽ യൂണിറ്റിന് ശരാശരി 10 രൂപയിൽ താഴെയാണ് വില. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ യൂണിറ്റിന് 13.89 രൂപവരെ വിലവരും. റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചാൽ ഈ കരാറുകൾപ്രകാരം വൈദ്യുതി വാങ്ങും.
പുതിയ കരാറുകളിൽ ഒക്ടോബറിൽ രാത്രിയിലേക്ക് ആവശ്യത്തിന് വൈദ്യുതി കിട്ടിയിട്ടില്ല. രാത്രി 12 മുതൽ പുലർച്ചെ അഞ്ചുവരെ 175 മെഗാവാട്ട് മാത്രമാണ് കിട്ടിയത്. പി.ടി.സി. ഇന്ത്യാ ലിമിറ്റഡ് 8.99 രൂപ നിരക്കിൽ 25 മെഗാവാട്ടും ജിൻഡാൽ പവർ ലിമിറ്റഡ് രണ്ട് കരാറുകളിലായി 150 മെഗാവാട്ട് 9.50 രൂപയ്ക്കും നൽകാമെന്നാണ് അറിയിച്ചത്. 25.57 കോടിയാണ് ഒക്ടോബറിലെ ഈ കരാറുകളിലെ ആകെ ചെലവ്.
Content Highlights: Kerala seeks to address power crisis by negotiating electricity purchase from Himachal Pradesh, aiming to reduce costs and ensure uninterrupted supply.
Published: 01 Oct 2026, 06:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented