മുംബൈ: ബോംബെ ഐ.ഐ.ടിയിൽ സാഹിൽ വാക്കോഡെ എന്ന വിദ്യാർഥി ആത്മഹത്യ ചെയ്തതിന് പിന്നിൽ ജാതി അധിക്ഷേപവും പീഡനവുമാണെന്ന് പിതാവ് രവീന്ദ്ര വാക്കോഡെ ആരോപിച്ചു. തന്റെ മകനെ ക്രൂരമായ പീഡനങ്ങൾക്കും ജാതി അധിക്ഷേപങ്ങൾക്കും ഇരയാക്കി ആത്മഹത്യയിലേക്ക് തള്ളിവിട്ടവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. ഉത്തരവാദികളായവരെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
മകന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യുന്നതുവരെ മൃതദേഹം ഏറ്റെടുക്കില്ലെന്നും അന്ത്യകർമ്മങ്ങൾ നടത്തുകയില്ലെന്നും സാഹിലിന്റെ പിതാവും മാതാവ് സൊണാലിയും നിലപാടെടുത്തിരുന്നു. രാജാവാടി ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം സെന്ററിൽ നിന്നും ഇവർ മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിച്ചു. കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയതായി പോലീസ് ഉറപ്പുനൽകിയതിനെ തുടർന്നാണ് കുടുംബം പിന്നീട് മൃതദേഹം ഏറ്റെടുത്തത്. എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നത്.
സാഹിലിന്റെ മരണം ഐ.ഐ.ടി ബോംബെ കാമ്പസിൽ ശക്തമായ പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി വിദ്യാർഥികൾ കാമ്പസിനുള്ളിൽ പ്രതിഷേധിച്ചു. വിദ്യാർഥികളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന മിഡ്-സെമസ്റ്റർ പരീക്ഷകൾ ഐ.ഐ.ടി ബോംബെ മാറ്റിവെച്ചു.
ഐഐടി ബോംബെയിലെ മുതിർന്ന പ്രൊഫസറായ സൂര്യനാരായണ ദൂളയ്ക്കെതിരെയാണ് ആരോപണങ്ങൾ ഉയർന്നിട്ടുള്ളത്. പരീക്ഷയ്ക്കിടയിൽ എനർജി സയൻസ് വിഭാഗം രണ്ടാം വർഷ വിദ്യാർഥിയായ സാഹിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതായി ആരോപിച്ച് ഇൻവിജിലേറ്ററായിരുന്ന ദൂള വിദ്യാർഥിയെ പുറത്താക്കിയിരുന്നു. പിന്നാലെ വെള്ളിയാഴ്ച ഹോസ്റ്റൽ മുറിയിൽ സാഹിലിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉത്തരങ്ങൾ കണ്ടെത്തുന്നതിനായി പരീക്ഷാ ചോദ്യപ്പേപ്പർ സാഹിൽ ഒരു എഐ പ്ലാറ്റ്‌ഫോമിൽ അപ്‌ലോഡ് ചെയ്തെന്നായിരുന്നു ആരോപണം.
സാഹിലിനെ പരീക്ഷാ ഹാളിൽ നിന്ന് പുറത്തിറക്കി സസ്പെൻഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി സാഹിലിന്റെ മാതാപിതാക്കളും ചില വിദ്യാർഥികളും ആരോപിച്ചു. രണ്ടാം വർഷത്തിലേക്ക് പ്രവേശിച്ചതിന് ശേഷം, പ്രൊഫസർ ദൂളയിൽ നിന്ന് മൂന്ന് മാസമായി തനിക്ക് പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സാഹിൽ തന്നോട് പറഞ്ഞിരുന്നതായി പിതാവ് പോലീസിന് നൽകിയ മൊഴിയിൽ ആരോപിക്കുന്നു.
സാഹിലിനെതിരെ അച്ചടക്ക നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും കൗൺസിലിങ് നൽകുകയും ഈ സംഭവം അക്കാദമിക് കരിയറിനെ ബാധിക്കില്ലെന്ന് ഉറപ്പ് നൽകിയിരുന്നുവെന്നുമാണ് ബോംബെ ഐഐടിയുടെ വിശദീകരണം. സ്ഥാപനത്തിൽ ജാതി അടിസ്ഥാനത്തിലുള്ള വിവേചനം നടന്നിട്ടില്ലെന്ന് ഐഐടി-ബോംബെ ഡയറക്ടർ ശിരീഷ് കേദാരെ പറഞ്ഞു. വിദ്യാർഥികളുടെ ജാതി സംബന്ധമായ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും ഫാക്കൽറ്റികൾക്കോ അഡ്മിനിസ്ട്രേറ്റർമാർക്കോ അത് ലഭ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ജാതിവിവേചനം ആരോപിച്ച് സാഹിലിന്റെ ഭാഗത്തുനിന്ന് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന് സ്ഥാപനത്തിന്റെ എസ്‌സി/എസ്ടി സെൽ അറിയിച്ചു.
Published: 20 Sept 2026, 02:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented