ദളിത് വിദ്യാർഥിയുടെ ആത്മഹത്യയെ തുടർന്നുണ്ടായ വിവാദങ്ങൾക്കിടയിൽ, മുംബൈ ഐഐടിയിലെ അധ്യാപക നിയമനങ്ങളിൽ പട്ടികജാതി, പട്ടികവർഗ്ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (ഒ.ബി.സി.) പ്രാതിനിധ്യത്തെക്കുറിച്ചുള്ള ആശങ്കാജനകമായ വിവരാവകാശ രേഖകൾ പുറത്ത്. ഹിന്ദുസ്ഥാൻ ടൈംസ് പുറത്തുവിട്ട വിവരാവകാശ വിവരങ്ങൾ അനുസരിച്ച്, ഐഐടി ബോംബെയിലെ 412 പ്രൊഫസർമാരിൽ അഞ്ച് പേർ മാത്രമാണ് പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവർ. ആറ് പേർ മാത്രമാണ് ഒബിസി വിഭാഗത്തിലുള്ളത്. അതേസമയം, പ്രൊഫസർ തസ്തികയിൽ പട്ടികവർഗ്ഗ വിഭാഗത്തിൽനിന്ന് ഒരാൾ പോലുമില്ല.
കണക്കുകൾ ഇങ്ങനെ:
-
പ്രൊഫസർ തസ്തിക: ആകെ 412 പേരിൽ SC– 5, OBC– 6, ST– 0.
-
അസോസിയേറ്റ് /അസിസ്റ്റന്റ് പ്രൊഫസർ തസ്തിക: ആകെ 363 അധ്യാപകരിൽ SC– 29, ST– 8, OBC– 35.
-
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നൽകിയ ആർടിഐ മറുപടിയുമായി താരതമ്യം ചെയ്യുമ്പോൾ, സെപ്റ്റംബർ വരെയുള്ള കണക്കുകളിൽ പ്രൊഫസർ തസ്തികയിലെ എസ്‌സി പ്രാതിനിധ്യത്തിൽ ഒരാളുടെ വർദ്ധന മാത്രമാണ് ഉണ്ടായിട്ടുള്ളത്.
വിമർശനവുമായി വിദ്യാർഥി സംഘടനകൾ:
ഓൾ ഇന്ത്യ ഒബിസി സ്റ്റുഡന്റ്സ് അസോസിയേഷൻ ചെയർപേഴ്‌സൺ ഗൗഡ് കിരൺ കുമാറാണ് വിവരങ്ങൾ ശേഖരിച്ചത്. രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനങ്ങളിൽ നിലനിൽക്കുന്ന ജാതീയമായ വിവേചനത്തിന്റെയും പ്രാതിനിധ്യക്കുറവിന്റെയും വ്യക്തമായ തെളിവാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. അധ്യാപകനിരയിൽ ആവശ്യത്തിന് എസ്‌സി, എസ്‌ടി, ഒബിസി വിഭാഗക്കാരില്ലെങ്കിൽ, ഈ സമുദായങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാനോ പരിഹരിക്കാനോ സ്ഥാപനങ്ങൾക്ക് സാധിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വിദ്യാർഥിയുടെ മരണവും ക്യാമ്പസിലെ പ്രതിഷേധവും
സെമസ്റ്ററിനിടയിലുള്ള പരീക്ഷയ്ക്കിടെ ക്രമക്കേട് ആരോപിക്കപ്പെട്ടതിന് പിന്നാലെ ആത്മഹത്യ ചെയ്ത ദളിത് വിദ്യാർത്ഥി സാഹിൽ വാക്കോഡെയുടെ (22) മരണത്തെത്തുടർന്ന് വലിയ പ്രതിഷേധങ്ങളാണ് ക്യാമ്പസിൽ നടക്കുന്നത്. സ്ഥാപനം കൗൺസിലിങ് നൽകിയിരുന്നതായി വാദിക്കുമ്പോഴും, മകന് ജാതി അധിക്ഷേപവും പീഡനവും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മാതാപിതാക്കൾ ആരോപിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുകയാണ്.
Content Highlights: RTI reveals only 5 SC and 6 OBC professors out of 412 at IIT Bombay, with 0 ST professors
Published: 27 Sept 2026, 04:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented