കോട്ടയം: കേരള കോൺഗ്രസ് എം ഉന്നയിച്ച ക്രോസ് വോട്ട് ആക്ഷേപത്തിൽ സി.പി.എമ്മിനുള്ളിൽ അതൃപ്തി. സി.പി.എം. വോട്ടുകൾ യു.ഡി.എഫിലേക്ക് പോയതായി സി.പി.എം.പ്രാഥമിക വിലയിരുത്തലിൽ കണ്ടെത്തിയിട്ടില്ലെന്നാണ് നേതാക്കൾ പറയുന്നത്.

To advertise here,

കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ ക്രോസ് വോട്ടിങ് ആക്ഷേപം നേതാക്കൾ ഉന്നയിച്ചതായി ജോസ് കെ. മാണി പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇത് പരിശോധിക്കേണ്ടതാണെന്നും മലബാറിൽപോലും അത്തരം പ്രവണത ഉണ്ടായെന്നും ഒളിച്ച് വയ്ക്കേണ്ടതാണോ ഇതെന്നും അദ്ദേഹം ചോദിച്ചിരുന്നു. വിഷയം മുന്നണിയിൽ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, ഘടകകക്ഷി നേതാവ് എന്ന നിലയിൽ പാർട്ടിയുടെ ആക്ഷേപം മുന്നണി യോഗത്തിൽ വേണമായിരുന്നു ഉന്നയിക്കാനെന്നാണ് സി.പി.എം. നേതാക്കൾ പറയുന്നത്. വിഷയത്തിൽ പരസ്യപ്രതികരണം വേണ്ടെന്നും സി.പി.എം. നിർദേശിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടർന്ന് സി.പി.എം. നേതാക്കളിൽ പലരും ഫെയ്‌സ്‌ബുക്കിലൂടെ നടത്തിയ പ്രതികരണത്തിൽ സംഘടനാപരമായ കുറവുകൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും തിരുത്തുമെന്നും വ്യക്തമാക്കിയിരുന്നു. അതിലേക്ക് പാർട്ടികൾ പോകും മുമ്പ് മുന്നണി മാറി വോട്ട് ചെയ്തു എന്നാക്ഷേപിക്കുന്നതിലാണ് അവർക്ക് അതൃപ്തി.

കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് കേരള കോൺഗ്രസ് എമ്മിന് ഏറ്റവും വലിയ തിരിച്ചടി ഉണ്ടായത്. അവരുടെ സിറ്റിങ് സീറ്റുകളായ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, ഇടുക്കി, റാന്നി എന്നിവ നഷ്ടമായി. പാർട്ടി വിലയിരുത്തിയത് ഇത് വലിയ വോട്ടുകളുടെ വ്യത്യാസത്തിലുള്ള തോൽവി അല്ലെന്നും തിരിച്ചുവരുമെന്നുമാണ്. ഇൗ വാദം തന്നെയാണ് സി.പി.എമ്മിനും. തങ്ങളുടെ അണികൾ മുന്നണി മാറി വോട്ട് ചെയ്തുവെങ്കിൽ തോൽവികൾ വലിയ വ്യത്യാസത്തിൽ ആകുമായിരുന്നില്ലേ എന്ന് സി.പി.എം. ചോദിക്കുന്നു.

തോറ്റ ഇടത് മുന്നണി സ്ഥാനാർഥികൾ ആരും ക്രോസ് വോട്ടിങ് ആക്ഷേപം പരസ്യമായി പറഞ്ഞിട്ടില്ല. ഏത് കൊടുങ്കാറ്റിലും ഉലയാതെ നിന്നിരുന്ന വൈക്കത്ത് ഉണ്ടായ തോൽവി സി.പി.ഐ.യെ ഞെട്ടിക്കുന്നതായിരുന്നു. സ്ഥാനാർഥി പി. പ്രദീപിന്റെ വിലയിരുത്തൽ ബി.ജെ.പി., യു.ഡി.എഫിന് വോട്ടുമറിച്ചു എന്നതാണ്.

സ്വന്തം വോട്ടുകൾ നഷ്ടമായില്ലെന്നാണ് സി.പി.എം. ഏരിയാ കമ്മിറ്റിയുടെയും വിലയിരുത്തൽ. കുമരകം, അയ്മനം, തിരുവാർപ്പ് പഞ്ചായത്തുകളിലെ സി.പി.എം. ശക്തി കേന്ദ്രങ്ങളിൽ മന്ത്രി വി.എൻ. വാസവന് ഭൂരിപക്ഷം നഷ്ടമായിരുന്നു. ഇവിടെയും സി.പി.എം. വോട്ടുകൾ നഷ്ടമായിട്ടുണ്ടെന്ന് പ്രാഥമിക വിലയിരുത്തലിൽ പാർട്ടി കണ്ടിട്ടില്ല. ന്യൂനപക്ഷ വോട്ടുകൾ യു.ഡി.എഫിലേക്ക് ധ്രുവീകരിച്ചു എന്നാണ് അവർ പറയുന്നത്. മലബാറിൽ വ്യത്യസ്ത നിലയുണ്ടെങ്കിൽ അത് പരിശോധിക്കുംമുമ്പേ ആക്ഷേപം പരസ്യമായി പറയേണ്ടതില്ലായിരുന്നു എന്നാണ് സി.പി.എം. സംസ്ഥാന നേതാക്കളും സൂചിപ്പിക്കുന്നത്.