
കണ്ണൂർ: കിഫ്ബിയിൽ കണ്ണൂരിൽ കൂടുതൽ പദ്ധതി അനുവദിച്ചെന്നും ഭൂമിയേറ്റെടുക്കാൻ ജില്ലയിൽമാത്രം പദ്ധതിയുടെ 52.9 ശതമാനം അനുവദിച്ചെന്നുമുള്ള സുധാ പിള്ള കമ്മിറ്റി റിപ്പോർട്ടിനെ പ്രാദേശികവികാരമുയർത്തി ചെറുക്കാൻ സി.പി.എം. റിപ്പോർട്ടിനെയും അതിനെ പിന്തുണച്ച മുഖ്യമന്ത്രി വി.ഡി. സതീശനെയും കടന്നാക്രമിച്ചുകൊണ്ടുള്ള വിശാല ജില്ലാകമ്മിറ്റിയോഗത്തിലെ പ്രസംഗത്തിലൂടെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതിരോധത്തിന് തുടക്കമിട്ടു.
ജില്ലയുടെ ഭാവിവികസനം മുൻകൂട്ടിക്കണ്ടാണ് സ്ഥലമേറ്റെടുത്തതെന്നും അത് സംസ്ഥാനത്തിന്റെ മൊത്തം താത്പര്യങ്ങൾക്കുവേണ്ടിയാണെന്നും തെറ്റായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് കണ്ണൂരിന്റെ വികസനത്തെ തടയാനുള്ള നീക്കമാണെന്നും സി.പി.എം. വിശദീകരിക്കും. കൊച്ചിയിലും തിരുവനന്തപുരത്തും ഭൂമികിട്ടാൻ പ്രയാസമുള്ളപ്പോൾ കണ്ണൂരിൽ അതില്ലെന്നും സംസ്ഥാനത്തിനാകെ ഗുണമുള്ള പദ്ധതികൾ കണ്ണൂരിൽ വരുമ്പോൾ എന്താണ് പ്രയാസമെന്നും സി.പി.എം. നേതാക്കൾ ചോദിക്കുന്നു.
നാടിന്റെ വികസനം മുടക്കാനുള്ള ശ്രമം -പിണറായി
കിഫ്ബിക്കെതിരായ സുധാ പിള്ള കമ്മിറ്റി റിപ്പോർട്ട് ഉയർത്തിക്കാട്ടി സംസ്ഥാനത്തിന്റെ വികസനത്തെ അട്ടിമറിക്കാനാണ് യു.ഡി.എഫ്. സർക്കാർ ശ്രമിക്കുന്നതെന്ന് പിണറായി വിജയൻ. സി.പി.എം. വിശാല ജില്ലാകമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാർ താത്പര്യത്തിന് അനുസരിച്ചായിരിക്കുമല്ലോ കമ്മിഷൻ റിപ്പോർട്ട് നൽകിയത്. എന്തോ മഹത്തായ റിപ്പോർട്ട് എന്നമട്ടിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. വികസനത്തിന് തിരുവനന്തപുരത്തും കരിപ്പൂരിലും കൊച്ചിയിലും വിമാനത്താവളത്തോട് ചേർന്ന് ഭൂമികിട്ടുക എളുപ്പമല്ല. കണ്ണൂരിൽ മാത്രമാണ് സ്ഥലംകിട്ടുന്ന അവസ്ഥയുള്ളത്. ഭൂമിയേറ്റെടുക്കലിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചട്ടവുമുണ്ട്. ദേശീയപാതയ്ക്ക് സ്ഥലമെടുത്തപ്പോൾ ഉടമകൾക്ക് കൈയിൽക്കിട്ടിയത് വലിയ പൈസയാണ്. കണക്കുകൂട്ടിയാൽ ഇരട്ടിയിലധികമുണ്ടാവും. അത് ഭൂമിയേറ്റെടുക്കൽ നടപടികളുടെ പ്രത്യേകതയാണ്. രാജ്യം അംഗീകരിച്ച നിയമപ്രകാരമാണ് ഭൂമിയേറ്റെടുക്കുന്നത്. സയൻസ് പാർക്ക് കേരളത്തിലാകെ നടപ്പാക്കാനാണ് ഉദ്ദേശിച്ചത്. എന്നാൽ, കണ്ണൂരിലാണ് ഭൂമി കിട്ടിയത്. ഐ.ടി. പാർക്ക് എല്ലായിടത്തും തീരുമാനിച്ചു. അതിവേഗം ഇവിടെ പ്രാവർത്തികമാക്കാനായി. വ്യവസായപാർക്കിന് പാലക്കാട്ട് സ്ഥലമെടുത്തതിനെ തെറ്റായി ചിത്രികരിക്കുന്നു. തെറ്റായി കാര്യങ്ങൾ അവതരിപ്പിച്ച് നാടിന്റെ വികസനം മുടക്കുകയാണ്. പ്രത്യേകപദ്ധതികൾ വരുമ്പോൾ അവിടെ കുറച്ചുകൂടുതൽ കാശ് ചെലവഴിച്ചിട്ടുണ്ടാവും. ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും മണ്ഡലങ്ങളിലടക്കം പദ്ധതികൾ നടപ്പാക്കിയെന്നും ആരോടും പക്ഷഭേദം കാണിച്ചിട്ടില്ലെന്നും പിണറായി പറഞ്ഞു.
Published: 19 Oct 2026, 07:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented