തിരുവനന്തപുരം: വൈദ്യുതിബോർഡിന്റെ മുൻകാലനഷ്ടമായ 5000 കോടി രൂപ നാലുവർഷംകൊണ്ട് സർച്ചാർജിലൂടെ ഈടാക്കുന്നതിനുള്ള താരിഫ് നയം വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ വിജ്ഞാപനംചെയ്തു. 2027 ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതിനിരക്കും സർച്ചാർജും നിലവിൽവരും.
പുതിയ നയമനുസരിച്ചായിരിക്കും 2027-28 മുതൽ 2031-32 വരെയുള്ള അഞ്ചുവർഷത്തെ വൈദ്യുതിനിരക്ക് കമ്മിഷൻ നിശ്ചയിക്കുന്നത്. ഇതിൽ നാലുവർഷവും സർച്ചാർജുണ്ടാകും. വ്യാവസായിക ഉപഭോക്താക്കൾക്ക് ബില്ലിന്റെ നിശ്ചിത നിരക്കായിരിക്കും സർച്ചാർജ്. മറ്റുവിഭാഗങ്ങൾക്ക് ഫിക്സഡ് ഡിപ്പോസിറ്റിന്റെയും വൈദ്യുതിനിരക്കിന്റെയും നിശ്ചിതശതമാനവും.
ഇന്ധനസർച്ചാർജും കൂടും
വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ചെലവിൽ ഇന്ധനവിലവർധനകൊണ്ടുള്ള അധികബാധ്യത ഈടാക്കാൻ മാസംതോറും ഇന്ധനസർച്ചാർജ് ചുമത്താറുണ്ട്. ഇതുവരെ ദീർഘകാല വൈദ്യുതിക്കരാറുകളിൽ മാത്രമായിരുന്നു. ഇനി ഹ്രസ്വകാല, അടിയന്തര വാങ്ങലുകളിലെ അധികബാധ്യതയും കണക്കാക്കും. ഇത് കമ്മിഷന്റെ അംഗീകാരമില്ലാതെതന്നെ കമ്പനിക്ക് നേരിട്ട് ഈടാക്കാം. അധികബാധ്യത ഉടനെത്തന്നെ ഉപഭോക്താക്കളിൽനിന്ന് ഈടാക്കാനാണ് കേന്ദ്രം ഈ ചട്ടം കൊണ്ടുവന്നത്. എന്നാൽ, ഇന്ധന സർച്ചാർജായി ശരാശരി വൈദ്യുതിവിലയുടെ നാലുശതമാനത്തിൽ കൂടുതൽ നേരിട്ട് ഈടാക്കുന്നതിന് നിയന്ത്രണമുണ്ടാവും.
പീക്ക് സമയം കൂടുന്നു; ബില്ലും കൂടും
വൈദ്യുതി കൂടുതൽ ആവശ്യമായിവരുന്ന പീക്ക് സമയത്തിന്റെ നിർവചനവും മാറ്റി. ഇതുവരെ വൈകീട്ട് ആറുമുതൽ 10 വരെയായിരുന്നു. ഇത് ആറുമുതൽ രാത്രി 11.30 വരെയാക്കി. പീക്ക് സമയത്ത് കൂടിയനിരക്ക് ഈടാക്കാൻ കൂടുതൽ വിഭാഗങ്ങൾക്ക് ടി.ഒ.ഡി. മീറ്റർ സ്ഥാപിക്കണമെന്നും നയം നിർദേശിക്കുന്നു. രാവിലെ എട്ടുമുതൽ വൈകുന്നേരം ആറുവരെയും രാത്രി 11.30 മുതൽ രാവിലെ എട്ടുവരെയും നിരക്ക് കുറയ്ക്കാനും നയം ആവശ്യപ്പെടുന്നു.
മറ്റ് പ്രധാനനിർദേശങ്ങൾ
- വൈദ്യുതിവിതരണത്തിനുള്ള ചെലവിനനുസരിച്ച് നിരക്ക് നിശ്ചയിക്കണമെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. അത് പാലിക്കണം
- ഗാർഹിക ഉപഭോക്താക്കൾക്ക് ഫിക്സഡ് ചാർജ് കണക്ടഡ് ലോഡിന്റെ അടിസ്ഥാനത്തിലാകണം
- വീട്ടിൽ സ്റ്റോറേജ് സംവിധാനം ഏർപ്പെടുത്തി രാത്രിയിൽ വൈദ്യുതി ഗ്രിഡിലേക്ക് നൽകുന്നവർക്ക് പ്രോത്സാഹനകരമായ വിലനൽകണം
Content Highlights: The Kerala Electricity Regulatory Commission has notified a new tariff policy effective from April 1, 2027, to recover KSEB's past losses of 5,000 crore rupees through surcharges over four years while extending peak hours and modifying fixed charges.
Published: 19 Oct 2026, 06:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented