
കണ്ണൂർ: രണ്ടുദിവസങ്ങളിലായി നടക്കുന്ന സി.പി.എം. വിശാല ജില്ലാ കമ്മിറ്റി കണ്ണൂരിൽ തുടങ്ങി. ഞായറാഴ്ച രാവിലെ 11-ഓടെ ഉദ്ഘാടന സമ്മേളനം നടന്നു. പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷനേതാവുമായ പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, കെ.എൻ. ബാലഗോപാൽ, പുത്തലത്ത് ദിനേശൻ എന്നിവരുടെ സാന്നിധ്യത്തിൽ 156 പ്രതിനിധികളുടെ മുന്പാകെ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലയിൽ പാർട്ടിയുടെ കുതിപ്പും കിതപ്പും അക്കമിട്ട് നിരത്തിയാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. നിയമസഭാ തിരഞ്ഞടുപ്പിലെ കനത്ത പരാജയത്തിന് ശേഷം തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഒരു സീറ്റ് നിലനിർത്തുകയും ഒരെണ്ണം പിടിച്ചെടുക്കുകയും ചെയ്തുവെന്നും കണ്ണൂരിൽ ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണെന്നും പറഞ്ഞ് വിമർശങ്ങൾക്ക് പ്രതിരോധം തീർക്കുന്നതായിരുന്നു ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ട്.
തുടർന്ന് വർഗബഹുജന സംഘടനകളുടെ ജില്ലാ സെക്രട്ടറിമാരും പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വൈകിട്ടോടെ ഗൗരവമേറിയ വിഷയങ്ങളിൽ ഗ്രൂപ്പ് ചർച്ച ആരംഭിച്ചു. പാർട്ടിയെ അടിതെറ്റിച്ച രണ്ട് പരാജയങ്ങളാണ് പയ്യന്നൂരിലെയും തളിപ്പറമ്പിലെതും. ഇവിടെ സ്ഥാനാർഥി നിർണയത്തിൽ വീഴ്ചവരുത്തിയെന്ന് കാണിച്ച് കോഴിക്കോട്ട് നടന്ന സംസ്ഥാന വിശാല കമ്മിറ്റിയിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ശാസന ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. സമാനമായ വീഴ്ച കണ്ണൂർ ജില്ലാ സെക്രട്ടറിക്കും സംഭവിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കെ.കെ. രാഗേഷിന് നേരേ വിമർശം ഉയരുന്നത്.
ജില്ലാ കമ്മിറ്റി യോഗത്തിൽ ആദ്യമായി ‘മറുനാട്ടുകാർ’
സി.പി.എമ്മിന്റെ കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ ഇതാദ്യമായി ജില്ലക്ക് പുറത്തുനിന്നുള്ള നേതാക്കളും. വിശാല ജില്ലാ കമ്മിറ്റി യോഗം ഞായറാഴ്ച തുടങ്ങിയപ്പോൾ അതൊരു പുതിയ തുടക്കം കൂടിയായി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ എന്ന നിലയിൽ മുൻ മന്ത്രി കെ.എൻ. ബാലഗോപാൽ, പി.കെ. ബിജു, ദിനേശൻ പുത്തലത്ത് എന്നിവരാണ് ആദ്യമായി ജില്ലാ കമ്മിറ്റി യോഗത്തിൽ എത്തിയ ജില്ലക്ക് പുറത്ത് നിന്നുള്ളവർ. ജില്ലയിലെ പാർട്ടി ചർച്ചകളിൽ മറ്റ് ജില്ലക്കാർക്ക് സാന്നിധ്യംകൊണ്ടോ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചോ ഇതുവരെ അവസരം ലഭിച്ചിരുന്നില്ല. അതേസമയം ഇതര ജില്ലകളിലെ യോഗങ്ങളിൽ നിരവധി കണ്ണൂർ നേതാക്കൾ നിരീക്ഷകരായി പങ്കെടുക്കുന്നത് പതിവായിരുന്നു താനും.
കണ്ണൂർ ജില്ലക്കാരനായ ജോൺ ബ്രിട്ടാസ് എം.പി. ഇതാദ്യമായി സ്വന്തം ജില്ലയിലെ കമ്മിറ്റി യോഗത്തിൽ എത്തി എന്നതും ശ്രദ്ധേയമാണ്. സംസ്ഥാന സെക്രട്ടേറിയറ്റിൽ എത്തിയതോടെയാണ് ബ്രിട്ടാസിനും അതിനുള്ള വഴി തുറന്നത്. രാജ്യസഭാഗം ആയപ്പോഴും പിണറായിയുടെ വിശ്വസ്ഥൻ എന്നറിയപ്പെട്ടപ്പോഴുമെല്ലാം ജോൺ ബ്രിട്ടാസിനെ ജില്ലാ കമ്മിറ്റി പരിപാടികൾക്ക് പരിഗണിച്ചിരുന്നില്ല.
പയ്യന്നൂർ തോൽവി; റിപ്പോർട്ട് ഏരിയ വിപുലീകരണ യോഗത്തിൽ
പയ്യന്നൂരിൽ പാർട്ടിക്കേറ്റ കനത്ത തോൽവിയെ കുറിച്ച് അന്വേഷിക്കുന്ന കമ്മിഷൻ റിപ്പോർട്ട് ജില്ലാ കമ്മിറ്റി യോഗത്തിൽ അവതരിപ്പിക്കില്ലെന്നറിയുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എൻ. ചന്ദ്രൻ, പി. ഹരീന്ദ്രൻ എന്നിവരടങ്ങുന്ന കമ്മിഷനാണ് പയ്യന്നൂരിലെ പരാജയത്തെക്കുറിച്ച് അന്വേഷിക്കുന്നത്. വിശാല ജില്ലാ കമ്മിറ്റിയിൽ അവതരിപ്പിക്കേണ്ടെന്ന് സംസ്ഥാന കമ്മിറ്റി ഇടപെട്ടതായി അറിയുന്നു. പയ്യന്നൂരിൽ കടുത്ത വിഭാഗീയതയുണ്ടെന്നും ഒന്നിച്ച് പാർട്ടിക്കൊപ്പം നടന്നവർപോലും വോട്ട് ചെയ്തില്ലെന്നും കമ്മിഷന്റെ കണ്ടെത്തൽ.
കിഫ്ബി അട്ടിമറിക്കുന്നതിനെതിരേ പ്രതിഷേധമുയരണം
കേരളത്തിന്റെ പശ്ചാത്തലസൗകര്യ വികസനത്തിൽ സമാനതകളില്ലാത്ത മുന്നേറ്റം നടത്തിയ കിഫ്ബിയെ അട്ടിമറിക്കാൻ യു.ഡി.എഫ്. സർക്കാർ ശ്രമിക്കുന്നതായി സി.പി.എം. വിശാല ജില്ലാ കമ്മിറ്റി യോഗം.10 വർഷത്തിനിടയിൽ ജില്ലയിലും വലിയ വികസനക്കുതിപ്പാണ് കിഫ്ബി വഴിയുണ്ടായത്. എന്നാൽ അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ച് മുഖ്യമന്ത്രി തന്നെ കിഫ്ബിയെ തകർക്കാൻ ശ്രമിക്കുകയാണ്.
വികസനത്തിൽ പിന്നാക്കം നിൽക്കുന്ന വടക്കൻ കേരളത്തിൽ വിമാനത്താവളവും തുറമുഖവും കേന്ദ്രീകരിച്ച് വ്യവസായ പാർക്കുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് കിഫ്ബി വിഭാവനം ചെയ്തത്. വികസന അസന്തുലിതാവസ്ഥ മറികടക്കാനാണിത്. അതിനെ ദുർവ്യാഖ്യാനിച്ച് വിവാദമുണ്ടാക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയവൈകല്യം മാത്രമാണ്. വിപണിവിലയുടെ അഞ്ചിരട്ടി നൽകി കിഫ്ബി ഭൂമി ഏറ്റെടുത്തു എന്ന ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.
ഏറ്റെടുത്ത ഭൂമി മുഴുവനായും ഉപയോഗിച്ചില്ലെന്ന വാദവും തെറ്റാണ്. പ്രാരംഭഘട്ടത്തിൽ എത്ര ഭൂമി ഉപയോഗിച്ചെന്നു നോക്കി വലിയ പദ്ധതികളെ അളക്കുന്നത് യുക്തിസഹമല്ല. കിഫ്ബിയെ അട്ടിമറിക്കാനുള്ള നീക്കത്തിൽ വൻ ബഹുജന പ്രതിഷേധം ഉയർന്നുവരണമെന്നും യോഗം അഭ്യർഥിച്ചു.
കണ്ണൂർ: വിവിധ ജില്ലകളിൽ നടന്ന വിശാല ജില്ലാ കമ്മിറ്റി യോഗങ്ങൾ ഫലപ്രദമായ മാറ്റമുണ്ടാക്കിയെന്ന് പിണറായി വിജയൻ പറഞ്ഞു. വിശാല ജില്ലാ കമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയത്തോടെ സി.പി.എം. ഇനിയില്ലെന്ന് പറഞ്ഞവർക്കെല്ലാം തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലത്തോടെ കാര്യങ്ങൾ ബോധ്യപ്പെട്ടു.
വിശാലയോഗങ്ങൾ ഫലപ്രദമായെന്ന് പിണറായി
രാജ്യത്ത് സി.പി.എമ്മിന്റെ ഇടപെടൽശേഷി എല്ലാവരും അംഗീകരിക്കാൻ തുടങ്ങി. രാജ്യതലസ്ഥാനത്ത് നടക്കുന്ന സമരത്തിൽ ഇടതുപാർട്ടികളുടെ ഇടപെടൽ എന്താണെന്ന് എല്ലാവർക്കും ബോധ്യപ്പെട്ടു. തങ്ങൾക്കിഷ്ടപ്പെട്ടവർ മാത്രം വോട്ട് ചെയ്താൽ ഭരണം നിലനിർത്താമെന്നാണ് കേന്ദ്രസർക്കാർ കരുതുന്നത്. അതിന് അവർ തിരഞ്ഞെടുപ്പ് കമ്മിഷനെ ഉപയോഗിക്കുന്നു. ആർ.എസ്.എസ്. അജൻഡ നടപ്പാക്കാനിറങ്ങിയ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം കനക്കുകയാണ്. ആർ.എസ്.എസ്. അജൻഡ നടപ്പാക്കാനാണ് കേരളത്തിൽ കോൺഗ്രസിന്റെ താത്പര്യം. ഗവർണർക്കെതിരേ സംസാരിച്ചുകൂടാ എന്ന നിലപാടാണ് സർക്കാരിനെന്നും അദ്ദേഹം ആരോപിച്ചു.
എ.കെ.ജി. ഹാളിൽ നടക്കുന്ന വിശാല ജില്ലാ കമ്മിറ്റിയോഗത്തിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, കെ.എൻ. ബാലഗോപാൽ എം.എൽ.എ., കെ.കെ. ശൈലജ, ദിനേശൻ പുത്തലത്ത്, ക്ഷണിതാവ് ജോൺ ബ്രിട്ടാസ് എം.പി., സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പി.കെ. ബിജു, എം.വി. ജയരാജൻ, പി. ജയരാജൻ, ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, സംസ്ഥാനസമിതിയംഗങ്ങളായ പി. ശശി, വി. ശിവദാസൻ എം.പി., ടി.വി. രാജേഷ്, എ.എൻ. ഷംസീർ, പനോളി വത്സൻ, വി.കെ. സനോജ് എം.എൽ.എ., എൻ. ചന്ദ്രൻ, എം. പ്രകാശൻ, എം. വിജിൻ എം.എൽ.എ., എ. സജീവൻ, എൻ. സുകന്യ, പി.എസ്. സഞ്ജീവ് തുടങ്ങിയ നേതാക്കൾ പങ്കെടുക്കുന്നുണ്ട്.
ജില്ലാസെക്രട്ടേറിയറ്റംഗം എം. സുരേന്ദ്രൻ പതാക ഉയർത്തി. പി. പുരുഷോത്തമൻ രക്തസാക്ഷിപ്രമേയവും പി.വി. ഗോപിനാഥ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. പി. ഹരീന്ദ്രൻ, ടി. ഷബ്ന, ജോയൽ തോമസ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്.
Published: 19 Oct 2026, 06:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented