കണ്ണൂർ: സി.പി.എം. പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിൽ തർക്കം. വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ കണക്ക് അവതരിപ്പിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടതോടെ നേതാക്കൾ തമ്മിൽ യോഗത്തിൽ വാക്കേറ്റമുണ്ടായി. സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തർക്കമുണ്ടായത്.

To advertise here,

കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങളിൽ കണക്ക് അവതരിപ്പിക്കണമെന്ന് നേതാക്കളിൽ ഒരുവിഭാഗം ആവശ്യമുന്നയിച്ചു. എന്നാൽ മറുവിഭാഗം ഇതിനെ എതിർത്തു. ഇതോടെയാണ് വാക്കേറ്റമുണ്ടായത്. തുടർന്ന് കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്ന ഒരുവിഭാഗം യോഗത്തിൽനിന്ന് ഇറങ്ങിപ്പോകാൻ ശ്രമം നടത്തി. ഇവരെ അനുനയിപ്പിച്ച് കെ.കെ. രാഗേഷ് യോഗത്തിലേക്കുതന്നെ തിരികെ എത്തിക്കുകയായിരുന്നു.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ടി.ഐ. മധുസൂദനൻ വീണ്ടും മത്സരിക്കുമെന്ന ധാരണ കഴിഞ്ഞദിവസത്തെ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായിരുന്നു. പിന്നാലെയാണ് കണക്ക് അവതരിപ്പിക്കണമെന്ന് വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്ന നേതാക്കൾ വീണ്ടും നിർബന്ധം പിടിച്ചത്.

ബഹുജനങ്ങൾക്ക് മുൻപാകെ ഈ കണക്ക് അവതരിപ്പിക്കുമെന്ന് നേരത്തേ ജില്ലാ സെക്രട്ടറി പറഞ്ഞിരുന്നെങ്കിലും അത് ഇതുവരെ നടപ്പായിട്ടില്ല. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണമടക്കം മൂന്ന് തട്ടിപ്പ് ആരോപണങ്ങളാണ് വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ചിരുന്നത്. പക്ഷേ, ഈ ആരോപണങ്ങളിൽ ഇതുവരെയും കണക്ക് അവതരിപ്പിക്കാൻ പാർട്ടി തയ്യാറായിട്ടില്ല. പാർട്ടി അംഗങ്ങൾക്കോ അനുഭാവികൾക്കോ മുൻപാകെ ഈ കണക്ക് അവതരിപ്പിക്കണമെന്നതാണ് ഒരുവിഭാഗം നേതാക്കൾ ആവശ്യപ്പെട്ടത്.