പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചയാള്‍ പ്രദേശവാസിയല്ലെന്ന് നാട്ടുകാർ പറഞ്ഞു

പാലാ (കോട്ടയം): ക്രിസ്തീയ ദേവാലയത്തിലെ പെരുന്നാളിന്റെ ഭാഗമായി നടന്ന ഗാനമേളയിൽ അയ്യപ്പ ഭക്തിഗാനം തടസ്സപ്പെടുത്താൻ ശ്രമിച്ചയാളെ നാട്ടുകാരും പള്ളിക്കമ്മിറ്റിക്കാരും ചേർന്ന് സ്റ്റേജിൽനിന്ന് ഇറക്കിവിട്ടു. വർഗീയത പറഞ്ഞ് ഗാനമേള തടസപ്പെടുത്തിയ ആളെ ഇറക്കിവിട്ട ശേഷം അയ്യപ്പഭക്തിഗാനങ്ങൾ ആലപിക്കാൻ ഗാനമേള അവതരിപ്പിച്ച സംഘത്തോട് ആവശ്യപ്പെട്ടുകൊണ്ട് പള്ളിക്കമ്മിറ്റി മതസൗഹാർദ്ദത്തിന്റെ തിളക്കമാർന്ന മാതൃക കാണിച്ചു.
കോട്ടയം ജില്ലയിലെ പാലാ കിഴപ്പാറ ഗ്രിഗോറിയസ് പള്ളിയുടെ നൂറാം വാർഷികവും പള്ളി പെരുന്നാളും ഒരുമിച്ച് ആഘോഷിക്കുന്ന വേളയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ഞായരാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു ആഘോഷങ്ങളുടെ ഭാഗമായുള്ള ഗാനമേള അരങ്ങേറിയത്. ആലപ്പുഴ റൈബാൻ ട്രൂപ്പാണ് പെരുന്നാൾ ആഘോഷത്തിൽ ഗാനമേള അവതരിപ്പിച്ചത്.
ഗാനമേളയ്ക്കിടെ 'പള്ളിക്കെട്ട് ശബരിമലയ്ക്ക്' എന്ന അയ്യപ്പ ഭക്തിഗാനം ഗായക സംഘം ആലപിച്ചുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി ഒരാൾ പ്രശ്‌നങ്ങൾ സൃഷ്ടിച്ചത്.
വെളുത്ത വസ്ത്രം ധരിച്ചെത്തിയ ഇയാൾ സ്റ്റേജിലേക്ക് അതിക്രമിച്ചു കയറുകയും ഗാനം തടസ്സപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ക്രിസ്തീയ ദേവാലയ പരിസരത്ത് അയ്യപ്പ ഭക്തിഗാനം ആലപിക്കേണ്ടതില്ല എന്ന് പറയുകയും വർഗീയ പരാമർശങ്ങൾ നടത്തുകയും ചെയ്തുകൊണ്ടാണ് ഇയാൾ ഗാനമേള തടസപ്പെടുത്തിയത്. എന്നാൽ ഇതുകണ്ട് സദസ്സിലുണ്ടായിരുന്ന ആളുകളും പള്ളി കമ്മിറ്റി ഭാരവാഹികളും ഉടൻതന്നെ ശക്തമായി ഇടപെടുകയും ഇയാളെ സ്റ്റേജിൽനിന്ന് ഇറക്കിവിടുകയുമായിരുന്നു.
അതിനിടെ നാട്ടുകാരും ഇയാളും തമ്മിൽ ചെറിയ കൈയ്യാങ്കളിയുമുണ്ടായി. എന്നാൽ കാര്യങ്ങൾ കൂടുതൽ വഷളാകാതെ പള്ളി കമ്മിറ്റിക്കാരും നാട്ടുകാരും ചേർന്ന് സ്ഥിതിഗതികൾ പെട്ടെന്നുതന്നെ ശാന്തമാക്കി. തുടർന്ന് പള്ളിക്കമ്മിറ്റി ഭാരവാഹികൾ സ്റ്റേജിലെത്തി ഗാനമേള ട്രൂപ്പിനോട് നിർത്തിവെച്ച അതേ അയ്യപ്പ ഭക്തിഗാനം തന്നെ വീണ്ടും പാടാൻ ആവശ്യപ്പെടുകയായിരുന്നു. പള്ളി ഭാരവാഹികളുടെ അഭ്യർത്ഥന സ്വീകരിച്ച് ട്രൂപ്പ് 'പള്ളിക്കെട്ട് ശബരിമലയ്ക്ക്' എന്ന ഗാനം ഉൾപ്പെടെയുള്ള അയ്യപ്പ ഭക്തിഗാനങ്ങൾ പള്ളി മുറ്റത്ത് വീണ്ടും ആലപിച്ചശേഷമാണ് സംഗീത പരിപാടി അവസാനിപ്പിച്ചത്.
Also Read: ഭജനമണ്ഡലങ്ങൾ, മതബോധം, കേരളസമൂഹം
പ്രശ്‌നമുണ്ടാക്കാൻ ശ്രമിച്ചയാൾ പ്രദേശവാസിയല്ലെന്നും മറ്റെവിടെയോ നിന്ന് എത്തിയ ആളാണെന്നുമാണ് പള്ളിക്കമ്മിറ്റിക്കാരും നാട്ടുകാരും വ്യക്തമാക്കുന്നത്. മതേതരത്വം നിലനിൽക്കുന്ന പ്രദേശത്ത് വർഗീയത കലർത്താനാണ് ഇയാൾ ശ്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.
Content Highlights: At Kizhappara St. Gregorios Church in Pala, locals and church committee members removed a man who disrupted an Ayyappa devotional song during a festival concert, and asked the troupe to resume singing Ayyappa hymns.
Published: 24 Nov 2026, 11:19 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented