ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് 'നന്ദഗോവിന്ദം ഭജന്‍സ്' ക്ഷേത്രത്തില്‍ ക്രിസ്ത്യന്‍ ഭക്തിഗാനം പാടിയതും ശ്രദ്ധേയമായിരുന്നു

കോട്ടയം: മതസൗഹാർദം ഇല്ലാതാക്കി മനുഷ്യരെ തമ്മിൽ അകറ്റാൻ പല കോണുകളിൽ നിന്നും ശ്രമങ്ങൾ ഉണ്ടാകുമ്പോൾ, സ്‌നേഹത്തിന്റെ വരികൾ പാടി അതിനെ പ്രതിരോധിക്കുകയാണ് ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള ഇത്തിത്താനം സെന്റ് മേരീസ് പള്ളിയിലെ വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട്. പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഗാനമേളയിലാണ് അവിചാരിതമായി ഈ മനോഹരമായ നിമിഷം പിറന്നത്. പെരുന്നാൾ കാണാനെത്തിയ ഹൈന്ദവ വിശ്വാസികളുടെ സ്‌നേഹാഭ്യർഥന മാനിച്ചാണ് വൈദികൻ സ്റ്റേജിൽ കയറി ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ചത്.
മയിൽപ്പീലി എന്ന ആൽബത്തിലെ യേശുദാസ് ആലപിച്ച 'രാധതൻ പ്രേമത്തോടാണോ കൃഷ്ണാ' എന്ന ഗാനമാണ് ഫാ. ഫ്രാൻസിസ് ആലപിച്ചത്. വളരെ ഭക്തിയോടും ആർദ്രതയോടും കൂടി അദ്ദേഹം പാടിയ ഗാനം കേൾവിക്കാരുടെ മനസ് നിറച്ചു.
ഗാനം ആലപിക്കാനുള്ള ആവശ്യം തനിക്ക് നിരസിക്കാൻ കഴിഞ്ഞില്ലെന്ന് ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് പറയുന്നു. പാട്ടു പാടിത്തീർന്നയുടൻ അവിടെയുണ്ടായിരുന്ന വിശ്വാസികൾ ഓടിയെത്തി വൈദികനെ കെട്ടിപ്പിടിച്ച് സ്‌നേഹം പ്രകടിപ്പിച്ചപ്പോൾ സന്തോഷം കൊണ്ട് തന്റെ കണ്ണ് നിറഞ്ഞു. ഹൈന്ദവ സഹോദരങ്ങളുടെ ഗുരുവായൂരപ്പനോടുള്ള ഭക്തി ഒരു പാട്ടിലൂടെ പ്രകടിപ്പിക്കാൻ കഴിഞ്ഞത് തനിക്കും വലിയൊരു സന്തോഷമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏതാനും മാസങ്ങൾക്ക് മുൻപ് കോട്ടയത്തെ ഒരു ക്ഷേത്രത്തിൽ 'നന്ദഗോവിന്ദം ഭജൻസ്' ക്രിസ്ത്യൻ ഭക്തിഗാനം പാടിയതും മതസൗഹാർദത്തിന്റെ സന്ദേശം ഉയർത്തിയിരുന്നു. എന്നാൽ അന്ന് ഇത് ചില തീവ്ര മതവാദികൾ വിവാദമാക്കി. 'പള്ളിയിൽ ഹൈന്ദവഭക്തിഗാനം ആലപിക്കാൻ അനുവദിക്കുമോ?' എന്നാണ് അവരിൽ പലരും അന്ന് ചോദിച്ചത്. അതിനുള്ള പരോക്ഷമായ മറുപടി കൂടിയായിരിക്കുകയാണ് ഈ സംഭവം.
വിദ്വേഷ പ്രചാരണങ്ങൾ വർധിക്കുന്ന കാലത്ത് മതസൗഹാർദത്തിന്റെ സന്ദേശമായ ഫാ. ഫ്രാൻസിസ് പുല്ലുകാട്ടിന്റെ ശ്രീകൃഷ്ണ ഭക്തിഗാനാലാപനം സാമൂഹികമാധ്യമങ്ങളിലും ഇതിനകം വൈറലായിരിക്കുകയാണ്.
Content Highlights: Father Francis Pullukattu of St. Mary's Church in Ithithanam won hearts by singing a Lord Krishna devotional song at a church feast, presenting a powerful message of communal harmony and interfaith unity in Kottayam.
Published: 08 Sept 2026, 10:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented