തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തീരുമാനിച്ചിരുന്ന പേര് തന്റെതാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞിരുന്നെന്ന് ജെ.എസ്. അഖിൽ. ആ തീരുമാനം ഒരു കുറിപ്പായി ഉമ്മൻചാണ്ടി നൽകിയിരുന്ന കാര്യവും തനിക്ക് അറിയാമായിരുന്നു. ആ കുറിപ്പ് കണ്ടതുമാണ്. പാർട്ടിയുടെ വിവിധ തലങ്ങളിലെ മുതിർന്ന നേതാക്കന്മാർ തീരുമാനത്തെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു.

To advertise here,

പക്ഷേ, ഒരു രാത്രികൊണ്ട് അത് എങ്ങനെ മാറിമറിഞ്ഞെന്ന് അറിയില്ല. മാധ്യമങ്ങൾ ഒന്നുകൂടി സജീവമായി അന്വേഷിച്ചാൽ അത് എങ്ങനെയെന്ന് അറിയാമായിരിക്കുമെന്നും അഖിൽ കൂട്ടിച്ചേർത്തു. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി നിർദേശിച്ചിരുന്ന പേര് ജെ.എസ്. അഖിലിന്റേത് ആയിരുന്നെന്ന് കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ ഇന്ന് നടത്തിയ പ്രതികരണം വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. പിന്നാലെയാണ് അഖിലിന്റെ പ്രതികരണം.

‘ഇത്തരത്തിൽ ഒരു പ്രതികരണം നടത്തണമെന്ന് ഒരിക്കൽപോലും കരുതിയതല്ല. ഉമ്മൻചാണ്ടി മോശം ആരോഗ്യസ്ഥിതിയിൽ ഉള്ളപ്പോൾ പറഞ്ഞ പേരായിരുന്നു തന്റേത്. അത് നടക്കാതെ പോയതിൽ അദ്ദേഹത്തിന് വിഷമവും ഉണ്ടായിരുന്നു’, അഖിൽ കൂട്ടിച്ചേർത്തു.

അന്നത്തെ തീരുമാനത്തിൽ വിയോജിപ്പുണ്ടായിട്ടും താൻ മാറിനിൽക്കുകയായിരുന്നെന്നും അഖിൽ പറഞ്ഞു. ആരെയും വേദനിപ്പിക്കാൻ ആയിരുന്നില്ല അത്. എന്റെ മനസ്സിൽ താനാണ് എന്ന് ഉമ്മൻചാണ്ടി സാർ നേരിട്ട് പറഞ്ഞിട്ടുണ്ട്. ഇന്ന് രാവിലെ മുതൽ താൻ നേരുന്നത് കടുത്ത സൈബർ ആക്രമണമാണ്. ഫോൺ വിളിച്ച് തെറിയാണ് പറയുന്നത്. ഷാഫി പറമ്പിൽ എ ഗ്രൂപ്പ് ആണോ എന്ന് താൻ അല്ലല്ലോ പറയേണ്ടത്. ഷാഫി പറമ്പിലുമായി ബന്ധപ്പെട്ട് ഒരു പരാതിയോ പരിഭവമോ തനിക്കില്ലെന്നും അഖിൽ പറഞ്ഞു.

കെഎസ്‌യുവിന്റെ സംസ്ഥാന അധ്യക്ഷനായി പരിഗണിക്കുമ്പോഴും യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായി പരിഗണിക്കുമ്പോഴും സംസ്ഥാന രാഷ്ട്രീയത്തിൽ കിട്ടേണ്ടിയിരുന്ന ഒരു ഇടത്തെ ആരൊക്കയോ ബോധപൂർവമായി ഇല്ലാതാക്കിയതിന്റെ വിഷമം നന്നായിട്ടുണ്ടെന്നും അഖിൽ പറഞ്ഞു. അത് ഇല്ലെന്ന് ഒരിക്കലും പറയില്ല. പാവപ്പെട്ടവരെ കേൾക്കാനും അവർക്കിടയിൽ അവർക്കുവേണ്ടി പ്രവർത്തിക്കാനുമാണ് ഉമ്മൻചാണ്ടി പഠിപ്പിച്ച രാഷ്ട്രീയം, അഖിൽ പറഞ്ഞു. 

സൈബർ അറ്റാക്കും ബുള്ളിയിങ്ങും തനിക്ക് നേരെയും ഉണ്ടായി. എതിർപാർട്ടിയിൽ ഉള്ളവർ നടത്തുന്ന സൈബർ അറ്റാക്ക് മനസ്സിലാക്കാം. പക്ഷേ, ഇത്തരത്തിലൊരു സൈബർ ബുള്ളിയിങ്, അത് ആരുടെ നേതൃത്വത്തിൽ എവിടെ ഇരുന്നായാലും ശരിയല്ല. കാലത്തിന്റെ കാവ്യനീതി എപ്പോഴും കാത്തുകൊള്ളുന്ന, നന്മയുള്ള നേതാവാണ് ഉമ്മൻചാണ്ടി. അതുകൊണ്ട് അദ്ദേഹത്തിന്റെ തീരുമാനത്തിന് വിരുദ്ധമായി എടുത്ത തീരുമാനം യൂത്ത് കോൺഗ്രസ് അധ്യക്ഷന്റെയൊക്കെ അവസ്ഥ എന്താണെന്നുള്ളത് നമുക്കൊക്കെ വളരെ നന്നായി അറിയാം, അഖിൽ കൂട്ടിച്ചേർത്തു.

ഉമ്മൻചാണ്ടിയ്‌ക്കൊപ്പം അവസാനനിമിഷംവരെ ആരൊക്കെയുണ്ടായിരുന്നു എന്ന് മറ്റാരേക്കാളും ബോധ്യമുള്ളത് അദ്ദേഹത്തിന്റെ കുടുംബത്തിനും പിന്നെ ഞങ്ങൾ കുറച്ചാളുകൾക്കാണെന്നും അഖിൽ പറഞ്ഞു.