
തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ-ഭരണ രംഗങ്ങളിലും കോർപ്പറേറ്റ് മേഖലകളിലും വലിയ തോതിലുള്ള ചർച്ചകൾക്കും നിയമയുദ്ധങ്ങൾക്കും വഴിവെച്ച ഒന്നാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്‌സാലോജിക് സൊല്യൂഷൻസും കരിമണൽ ഖനന കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡും (CMRL) ഉൾപ്പെട്ട മാസപ്പടി കേസ്. കൊച്ചി ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്നതും സിന്തറ്റിക് റൂട്ടൈൽ ഉത്പാദിപ്പിക്കുന്നതുമായ സ്വകാര്യ ലിമിറ്റഡ് കമ്പനിയായ സിഎംആർഎൽ, വീണയ്ക്കും അവരുടെ എക്‌സാലോജിക് കമ്പനിക്കും യാതൊരുവിധ ഐടി സേവനങ്ങളും നൽകാതെ തന്നെ 1.72 കോടി രൂപയോളം കൈമാറി എന്നതാണ് ഈ കേസിലെ പ്രധാന ആരോപണം. പിന്നീട് പുറത്തുവന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (SFIO) കണ്ടെത്തലുകൾ പ്രകാരം ഈ തുക ഏകദേശം 2.70 കോടിയോളം വരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ സാമ്പത്തിക ഇടപാടുകളുടെ പശ്ചാത്തലം പരിശോധിക്കുമ്പോൾ, ഇത് കേവലം രണ്ട് സ്വകാര്യ കമ്പനികൾ തമ്മിലുള്ള ബിസിനസ്സ് ഇടപാടല്ലെന്നും, മറിച്ച് അധികാരത്തിന്റെ സ്വാധീനമുപയോഗിച്ച് നടത്തിയ നിയമവിരുദ്ധമായ പ്രതിഫല കൈമാറ്റമാണെന്നും ആരോപിച്ചാണ് അഴിമതി ആരോപണങ്ങൾ വരുന്നത്. ഇതിനിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇടപെട്ടതോടെ കേസിന് വലിയ പ്രാധാന്യം കൈവന്നു.
മാസപ്പടി വിവാദത്തിൽ ആദ്യമായി ശക്തമായ നിയമപോരാട്ടവുമായി രംഗത്തിറങ്ങിയത് ഷോൺ ജോർജാണ്. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി നിയമവിരുദ്ധമായി പണം കൈപ്പറ്റി എന്ന് കാണിച്ച് കേന്ദ്ര അന്വേഷണ ഏജൻസികളെ സമീപിച്ചതും ഇദ്ദേഹമാണ്. ഷോൺ ജോർജ് നൽകിയ ഹർജികളെയും പരാതികളെയും തുടർന്നാണ് കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം എസ്എഫ്‌ഐഒ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിനൊടുവിൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും വീണാ വിജയനെ 11-ാം പ്രതിയാക്കുകയും ചെയ്തു. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മാത്യു കുഴൽനാടൻ തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പ്രാഥമിക തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി വിജിലൻസ് കോടതി ഈ ഹർജി തള്ളുകയാണുണ്ടായത്.
ഈ കേസിന് അടിസ്ഥാനമായ കണ്ടെത്തലുകൾ പുറത്തുവരുന്നത് 2019 ജനുവരി 25-ന് ആദായനികുതി വകുപ്പ് സിഎംആർഎൽ കമ്പനിയുടെ ഓഫീസുകളിലും അതിന്റെ പ്രൊമോട്ടർമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വസതികളിലും നടത്തിയ റെയ്ഡിലൂടെയാണ്. ഈ റെയ്ഡിൽ, ട്രാൻസ്പോർട്ടേഷൻ ചെലവുകളും സ്ലഡ്ജ് കൈകാര്യം ചെയ്യാനുള്ള ചെലവുകളും വ്യാജമായി വർദ്ധിപ്പിച്ച് കാണിച്ചുകൊണ്ട് കമ്പനി 133.82 കോടി മുതൽ 182 കോടി വരെ രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തി. ഇങ്ങനെ നിയമവിരുദ്ധമായി സമാഹരിച്ച കള്ളപ്പണം രാഷ്ട്രീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും വിതരണം ചെയ്യാൻ ഉപയോഗിച്ചതായും ആദായനികുതി വകുപ്പിന്റെ അന്വേഷണത്തിൽ വെളിപ്പെട്ടു. ഇതിൽ പ്രധാനപ്പെട്ട ഒരു വിഹിതമാണ് മുഖ്യമന്ത്രിയുടെ മകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയതെന്നാണ് ആരോപണമുയർന്നത്.
എക്‌സാലോജിക് കമ്പനിക്ക് എന്തിനാണ് സിഎംആർഎൽ ഇത്രയും വലിയ തുക നൽകിയതെന്ന ചോദ്യമാണ് ഇടതു സർക്കാരിനെ തന്നെ തന്നെ സംശയനിഴലിലാക്കിയത്. ആലപ്പുഴയിലെ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ എന്നീ തീരദേശ മേഖലകളിൽ കരിമണൽ ഖനനം നടത്തുന്നതിനായി സിഎംആർഎൽ വൻതോതിൽ ഭൂമി വാങ്ങിയിരുന്നു. എന്നാൽ തീരദേശ സംരക്ഷണ നിയമങ്ങളും പ്രാദേശികമായ എതിർപ്പുകളും കാരണം കമ്പനിക്ക് ഇവിടെ ഖനനാനുമതി ലഭിച്ചിരുന്നില്ല. ഈ ഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടുകൊണ്ട് റവന്യൂ വകുപ്പിനോട് കമ്പനിയുടെ പ്രൊമോട്ടറായ എസ്. ശശിധരൻ കർത്തയുടെ അപേക്ഷ പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടതായി ആരോപണമുയർന്നിരുന്നു. ഈ ഉന്നതതല ഇടപെടലിന് തൊട്ടുപിന്നാലെയാണ് വീണയ്ക്ക് സിഎംആർഎല്ലിൽ നിന്നും പ്രതിമാസം 5 ലക്ഷം രൂപ നിരക്കിൽ ഐടി, മാർക്കറ്റിംഗ് കൺസൾട്ടന്റായി നിയമിച്ചുകൊണ്ടുള്ള കത്ത് ലഭിക്കുന്നത്. 2016 ഡിസംബർ 20-ലെ കത്തിന് പിന്നാലെ 2017 മാർച്ച് 2-ന് എക്‌സാലോജിക് കമ്പനിയുമായി പ്രതിമാസം 3 ലക്ഷം രൂപയുടെ സോഫ്റ്റ്വെയർ പരിപാലന കരാറിലും ഏർപ്പെട്ടു. റവന്യൂ വകുപ്പിലെ അനുകൂലമായ സർക്കാർ തീരുമാനങ്ങൾക്ക് പകരമായി നൽകിയ നിയമവിരുദ്ധ പ്രതിഫലമാണ് ഈ പ്രതിമാസ പണമിടപാടുകളെന്നാണ് പ്രധാന ആരോപണം
2017-18 മുതൽ 2019-20 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ സിഎംആർഎൽ എക്‌സാലോജിക്കിന് നൽകിയ 1.72 കോടി രൂപ കമ്പനിയുടെ യഥാർത്ഥ ബിസിനസ്സ് ചെലവായി കാണിക്കാൻ കഴിയില്ലെന്ന് ആദായനികുതി വകുപ്പ് ഇടക്കാല സെറ്റിൽമെന്റ് ബോർഡ്- ഐടിഐഎസ്ബി രണ്ടാം ബെഞ്ച് വിധിച്ചതോടെ ആരോപണങ്ങൾക്ക് നിയമപരമായ അടിത്തറയായി. ഈ ഇടപാടിലൂടെ കമ്പനി ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് നേടിയെടുക്കാൻ ശ്രമിച്ചതായും ആദായനികുതി വകുപ്പ് കണ്ടെത്തി. സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയും കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറും നൽകിയ സത്യവാങ്മൂലങ്ങളിൽ, എക്‌സാലോജിക് തങ്ങൾക്ക് യാതൊരുവിധ വർക്കുകളോ സോഫ്റ്റ്വെയർ പരിപാലനങ്ങളോ നൽകിയിട്ടില്ലെന്ന് സമ്മതിച്ചിട്ടുണ്ട്. ഈ വിവരങ്ങൾ പിന്നീട് സത്യവാങ്മൂലം വഴി പിൻവലിക്കാൻ കമ്പനി ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും കൃത്യമായ ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെയും ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിൽ ആദായനികുതി വകുപ്പ് തങ്ങളുടെ കണ്ടെത്തലുകളിൽ ഉറച്ചുനിന്നു.
രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ ഇടപെടലുകളാണ് കേസിന് വീണ്ടും ഗതിവേഗം നൽകിയത്. ഗുരുതരമായ കണ്ടെത്തലുകളാണ് കമ്പനിയുടെ പണമിടപാടുകളിലാണ് രജിസ്ട്രാർ ഓഫ് കമ്പനീസ് രേഖപ്പെടുത്തിയത്. എക്‌സാലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടുകൾക്ക് ആധാരമായ സോഫ്റ്റ്വെയർ പരസ്യങ്ങളോ ആശയവിനിമയങ്ങളോ കരാറുകളുടെ കൃത്യമായ പകർപ്പുകളോ ഹാജരാക്കാൻ രണ്ട് കമ്പനികൾക്കും കഴിഞ്ഞിട്ടില്ല. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സി-ക്ക് (KSIDC) 13.4% ഓഹരി പങ്കാളിത്തമുള്ള സിഎംആർഎൽ കമ്പനിയിൽ, ബോർഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ അനുമതിയില്ലാതെ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി ഇടപാട് നടത്തിയത് കമ്പനീസ് നിയമത്തിലെ സെക്ഷൻ 188-ന്റെ (Related Party Transaction) നഗ്‌നമായ ലംഘനമാണ് എന്നും കണ്ടെത്തി.
ബിജെപി നേതാവായ ഷോൺ ജോർജ് വിഷയത്തിൽ കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിനെ സമീപിച്ചു. തുടർന്ന് 2024 ജനുവരി 31-ന് കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ച് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) അന്വേഷണം ആരംഭിച്ചു. 2025 ഏപ്രിലിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വീണയെ 11-ാം പ്രതിയാക്കി തട്ടിപ്പുകൾ തടയുന്നതിനുള്ള സെക്ഷൻ 447 പ്രകാരമാണ് എസ്എഫ്‌ഐഒ കേസെടുത്തിട്ടുള്ളത്. പ്രധാനമായും, സിഎംആർഎല്ലിൽ നിന്നും ലഭിച്ച പണം വീണ തന്റെ വ്യക്തിഗത ബാധ്യതകൾ തീർക്കാനായി വകമാറ്റിയെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. പ്രത്യേകിച്ചും, സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയുടെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും ഉടമസ്ഥതയിലുള്ള 'എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ്‌സ്' എന്ന സ്ഥാപനത്തോടുണ്ടായിരുന്ന കടബാധ്യതകൾ തീർക്കാനാണ് എക്‌സാലോജിക് ഈ പണം വിനിയോഗിച്ചത്. പൊതുജന പങ്കാളിത്തമുള്ള ഒരു കമ്പനിയുടെ ഫണ്ട് ഇത്തരത്തിൽ വകമാറ്റിയത് വഴി സിഎംആർഎല്ലിന് നേരിട്ട് സാമ്പത്തിക നഷ്ടമുണ്ടായതായി എസ്എഫ്‌ഐഒ കണ്ടെത്തി. ചെന്നൈയിലെ ഓഫീസിൽ വെച്ച് ചോദ്യം ചെയ്തപ്പോൾ തങ്ങളുടെ കമ്പനി യാതൊരുവിധ സേവനങ്ങളും നൽകിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായി എസ്എഫ്‌ഐഒ അവകാശപ്പെട്ടു. എന്നാൽ ഇത് വെറും അടിസ്ഥാനരഹിതമായ പ്രചാരണം മാത്രമാണെന്ന് പറഞ്ഞ് വീണ തള്ളിക്കളയുകയായിരുന്നു. എന്നാൽ കുറ്റപത്രത്തിന്റെ വിശദാംശങ്ങൾ ആർബിഐ (RBI), നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് അതോറിറ്റി (NFRA), സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോ, എൻസിഎൽടി (NCLT) എന്നിവർക്ക് തുടർനടപടികൾക്കായി എസ്എഫ്‌ഐഒ കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി ആരംഭിച്ചു.
ഐടിഐഎസ്ബി (ITISB) കണ്ടെത്തലുകളുടെയും എസ്എഫ്‌ഐഒ നടപടികളുടെയും അടിസ്ഥാനത്തിൽ, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി 2024 ഏപ്രിലിൽ കേസ് രജിസ്റ്റർ ചെയ്യുകയും സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് സമ്മൻസ് അയക്കുകയും ചെയ്തു. ചോദ്യം ചെയ്യൽ വേളയിൽ ഇഡി ഉദ്യോഗസ്ഥർ തങ്ങളെ നിയമവിരുദ്ധമായി തടങ്കലിൽ വെച്ചതായി സിഎംആർഎൽ സീനിയർ ഉദ്യോഗസ്ഥരായ ചന്ദ്രശേഖരൻ, അഞ്ജു റേച്ചൽ കുരുവിള, സുരേഷ് കുമാർ എന്നിവർ ആരോപിച്ചു. ഇതേ തുടർന്ന്, ചോദ്യം ചെയ്യൽ പ്രക്രിയയിലെ മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കുന്നതിനായി ചോദ്യം ചെയ്യലിന്റെ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിച്ചു വെക്കണമെന്ന് 2024 ജൂണിൽ കേരള ഹൈക്കോടതി ഇഡിയോട് ആവശ്യപ്പെടുകയുണ്ടായി. ഇതോടെ കേസിൽ പ്രതിസന്ധിയിലായ സർക്കാരിനെയും മുഖ്യമന്ത്രിയെയും പ്രതിരോധിക്കാൻ സിപിഎം നേരിട്ട് രംഗത്തിറങ്ങി.
മാസപ്പടി കേസ് രാഷ്ട്രീയമായി പ്രതിരോധിക്കുന്നതിനായി സിപിഎം തങ്ങളുടെ പാർട്ടി കേഡർമാർക്കായി 2024 ഫെബ്രുവരിയിൽ ഒരു വിശദീകരണ ലഘുലേഖ പുറത്തിറക്കുകയുണ്ടായി. പാർട്ടിയുടെ ചരിത്രത്തിൽ തന്നെ അസാധാരണമായ ഒരു നീക്കമായിരുന്നു ഇത്. മുമ്പ് സമാനമായ രീതിയിൽ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ അന്വേഷണം വന്നപ്പോൾ പാർട്ടി പുലർത്തിയ മൗനം ഈ കേസിൽ തിരുത്തപ്പെട്ടു. ഈ ലഘുലേഖയിൽ കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയുടെ വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണെന്നും, മുൻകാലങ്ങളിൽ സ്വർണ്ണക്കടത്ത് കേസ് ഉപയോഗിച്ച് നടത്തിയ രാഷ്ട്രീയ ഗൂഢാലോചനകളുടെ തുടർച്ചയാണിതെന്നും ആരോപിക്കുന്നു. എന്നാൽ ഈ ലഘുലേഖയിൽ എവിടെയും വീണയുടെയോ സിഎംആർഎൽ കമ്പനിയുടെയോ പേര് പരാമർശിച്ചിരുന്നില്ലെന്നത് ശ്രദ്ധേയമാണ്.
ജൂൺ 2025ൽ മുതിർന്ന പത്രപ്രവർത്തകനായ എം.ആർ. അജയൻ സമർപ്പിച്ച സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മകളും 2025 ജൂണിൽ ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലങ്ങൾ സമർപ്പിച്ചു. ഈ ഹർജി കേവലം രാഷ്ട്രീയ പ്രേരിതമാണെന്നും യാതൊരുവിധ യഥാർത്ഥ വസ്തുതകളും ഇല്ലാതെ നടത്തുന്ന അന്വേഷണ ശ്രമം (Fishing Expedition) മാത്രമാണെന്നും മുഖ്യമന്ത്രി വാദിച്ചു. തന്റെ മകളുടെ ബിസിനസ്സ് കാര്യങ്ങളിൽ തനിക്ക് യാതൊരുവിധ പങ്കുമില്ലെന്നും ഫെഡറൽ തത്വങ്ങളെ തകിടം മറിക്കുന്നതിനായി സംസ്ഥാന ഏജൻസികളെ അവഗണിച്ചുകൊണ്ട് നേരിട്ട് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം സമർപ്പിച്ചു. തന്റെ പിതാവ് മുഖ്യമന്ത്രിയാകുന്നതിന് രണ്ട് വർഷം മുമ്പ് അതായത് 2014-ൽ സ്ഥാപിച്ചതാണ് എക്‌സാലോജിക്കെന്നും ഇതിന് തന്റെ പിതാവിന്റെ പദവിയുമായി യാതൊരു ബന്ധവുമില്ലെന്നും വീണ വാദിച്ചു. എല്ലാ ഇടപാടുകളും സുതാര്യമായി ബാങ്ക് വഴിയാണ് നടന്നിട്ടുള്ളത്. കൂടാതെ തന്റെ ഭർത്താവും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിന്റെ സ്വത്ത് സത്യവാങ്മൂലവുമായി ബന്ധപ്പെടുത്തി ഉന്നയിക്കുന്ന ആരോപണങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകമാണെന്നും അദ്ദേഹം എക്‌സാലോജിക്കിന്റെ ഡയറക്ടറോ ഗുണഭോക്താവോ അല്ലെന്നും അവർ വ്യക്തമാക്കി.
ഈ നിയമ പോരാട്ടങ്ങൾക്കിടെ ബിജെപി നേതാവ് ഷോൺ ജോർജ്ജ് 2025 ജൂലൈയിൽ ഹൈക്കോടതിയെ സമീപിച്ചുകൊണ്ട്, ഈ തട്ടിപ്പുകൾ കേവലം കമ്പനീസ് നിയമത്തിൽ ഒതുങ്ങുന്നതല്ലെന്നും ഇതിൽ കള്ളപ്പണം വെളുപ്പിക്കൽ (PMLA), അഴിമതി നിരോധന നിയമം (PCA), ജനപ്രാതിനിധ്യ നിയമം (RPA) എന്നിവ അടങ്ങിയിട്ടുള്ളതിനാൽ സിബിഐയും ഇഡിയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും സംയുക്തമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ഹൈക്കോടതി വീണ വിജയൻ അടക്കമുള്ള 12 ഓളം എതിർകക്ഷികൾക്ക് നോട്ടീസ് അയക്കുകയുണ്ടായി.
കേസിന്റെ നാൾവഴികളിൽ ഏറ്റവും വലിയ നിയമപരമായ വഴിത്തിരിവുണ്ടായത് 2026 മേയ് 26-ന് കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് ടി.ആർ. രവി പുറപ്പെടുവിച്ച നിർണ്ണായക വിധിയിലൂടെയാണ്. ഇഡിയുടെ കേസ് അന്വേഷണവും സമ്മൻസുകളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയും ചീഫ് ഫിനാൻഷ്യൽ ഓഫീസറും സമർപ്പിച്ച റിട്ട് ഹർജികൾ കോടതി പൂർണ്ണമായും തള്ളി. സമ്മൻസ് ഘട്ടത്തിലെ ഹർജികൾ അകാലത്തിലുള്ളതാണ് (Premature). സമ്മൻസ് ഘട്ടത്തിൽ ഒരു വ്യക്തിയെ ചോദ്യം ചെയ്യുന്നതിനോ വിവരങ്ങൾ ആരായുന്നതിനോ ഉള്ള അധികാരം ഇഡിക്കുണ്ട്. ഇത് പ്രാഥമിക നടപടിയായതിനാൽ ഇതിനെതിരെ കോടതിയെ സമീപിക്കുന്നത് നിയമപരമായി നിലനിൽക്കില്ല. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം (PMLA) അന്വേഷണം തുടങ്ങുന്നതിനോ സെക്ഷൻ 50 പ്രകാരം സമ്മൻസ് അയക്കുന്നതിനോ മുൻകൂറായി ഒരു പ്രെഡിക്കേറ്റ് ഒഫൻസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കണമെന്ന വ്യവസ്ഥയില്ല. ആദായനികുതി ആക്ടിലെ സെക്ഷൻ 245എച്ച് പ്രകാരമുള്ള ക്രിമിനൽ നടപടികളിൽ നിന്നുള്ള സംരക്ഷണം മറ്റ് കേന്ദ്ര നിയമങ്ങൾക്കോ (PMLA പോലുള്ളവ) ഐപിസി വകുപ്പുകൾക്കോ ബാധകമല്ല. 2007 ജൂൺ ഒന്നിന് ശേഷം സമർപ്പിച്ചിട്ടുള്ള അപേക്ഷകളിൽ ഈ സംരക്ഷണം ബാധകമല്ലെന്ന പ്രൊവിസോയും കോടതി വ്യക്തമായി എടുത്തുപറഞ്ഞു. കേസ് പരിഗണിക്കുന്നതിനിടയിൽ, 2025 ഏപ്രിൽ 3-ന് എസ്എഫ്‌ഐഒ സമർപ്പിച്ച കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള കമ്പനീസ് നിയമത്തിലെ സെക്ഷൻ 447 (തട്ടിപ്പ്) ഒരു ഷെഡ്യൂൾഡ് കുറ്റകൃത്യമായതിനാൽ ഇഡി രജിസ്റ്റർ ചെയ്ത കേസിലെ ആധികാരികത കൂടുതൽ വർദ്ധിച്ചതായി കോടതി നിരീക്ഷിച്ചു. ഹൈക്കോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെ തങ്ങൾക്ക് സുപ്രീം കോടതിയെ സമീപിക്കുന്നതിനായി രണ്ട് ആഴ്ചത്തേക്ക് താൽക്കാലിക സ്റ്റേ അനുവദിക്കണമെന്ന സിഎംആർഎൽ ഉദ്യോഗസ്ഥരുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. പുതിയ സമ്മൻസുകൾ നൽകാതെ ഇഡിക്ക് പെട്ടെന്ന് അറസ്റ്റ് പോലുള്ള കടുത്ത നടപടികളിലേക്ക് കടക്കാൻ കഴിയില്ലെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. ഈ സാഹചര്യത്തിൽ, ഇഡിയുടെ പണമിടപാട് കേസിലെ നിയമപരമായ തടസ്സങ്ങളെല്ലാം നീങ്ങിയതോടെയാണ് റെയ്ഡ് അടക്കമുള്ള നടപടികളിലേക്ക് ഇഡി കടന്നത്. ഇതോടെ അന്വേഷണം വീണ്ടും ഊർജ്ജിതമായി. വരും ദിവസങ്ങളിൽ വീണ വിജയൻ, ശശിധരൻ കർത്ത എന്നിവരെ നേരിട്ട് ചോദ്യം ചെയ്യുന്നതിനായി ഇഡി പുതിയ സമ്മൻസുകൾ അയക്കുമെന്നാണ് റിപ്പോർട്ടുകൾ.
CMRL - എക്സാലോജിക് കേസ്: പ്രധാന വിവരങ്ങൾ
1. ആദായനികുതി വകുപ്പ് (I-T Department)
-
തീയതി: 25 ജനുവരി 2019
-
നടപടി/കണ്ടെത്തൽ: CMRL ഓഫീസുകളിൽ നടത്തിയ റെയ്ഡിൽ ₹133.82 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. കൂടാതെ വീണ വിജയന് ലഭിച്ച പണത്തിന്റെ രേഖകളും പിടിച്ചെടുത്തു.
-
നിലവിലെ അവസ്ഥ: അന്വേഷണം പൂർത്തിയായി, കണ്ടെത്തലുകൾ മറ്റ് ഏജൻസികൾക്ക് കൈമാറി.
2. ആദായനികുതി ഇടക്കാല സെറ്റിൽമെന്റ് ബോർഡ് (ITISB)
-
തീയതി: ജൂൺ 2023
-
നടപടി/കണ്ടെത്തൽ: വീണ വിജയനും എക്സാലോജിക്കിനും നൽകിയ ₹1.72 കോടി രൂപ ബിസിനസ്സ് ചിലവല്ലെന്നും, യാതൊരു സേവനവും നൽകാതെ വാങ്ങിയ നിയമവിരുദ്ധ പണമാണെന്നും വിധിച്ചു.
-
നിലവിലെ അവസ്ഥ: അന്തിമ വിധി പുറപ്പെടുവിച്ചു. ഇതിന്മേൽ അപ്പീൽ നൽകാൻ വ്യവസ്ഥയില്ല.
3. രജിസ്ട്രാർ ഓഫ് കമ്പനീസ് (RoC) ബംഗളൂരു
-
തീയതി: 18 ജനുവരി 2024
-
നടപടി/കണ്ടെത്തൽ: എക്സാലോജിക് കമ്പനി, കമ്പനീസ് നിയമത്തിലെ സെക്ഷൻ 188 (Related Party Transactions), സെക്ഷൻ 448 (Falsification of documents) എന്നിവ ലംഘിച്ചതായി കണ്ടെത്തി. ഇഡി, സിബിഐ അന്വേഷണങ്ങൾക്ക് ശുപാർശ ചെയ്തു.
-
നിലവിലെ അവസ്ഥ: റിപ്പോർട്ട് കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് സമർപ്പിച്ചു.
4. കർണാടക ഹൈക്കോടതി (Karnataka HC)
-
തീയതി: 16 ഫെബ്രുവരി 2024
-
നടപടി/കണ്ടെത്തൽ: SFIO അന്വേഷണ ഉത്തരവ് ചോദ്യം ചെയ്ത് എക്സാലോജിക് നൽകിയ റിട്ട് ഹർജി തള്ളി. അന്വേഷണവുമായി മുന്നോട്ട് പോകാൻ അനുമതി നൽകി.
-
നിലവിലെ അവസ്ഥ: ഹർജി പൂർണ്ണമായും തള്ളി.
5. തിരുവനന്തപുരം വിജിലൻസ് കോടതി
-
തീയതി: 6 മേയ് 2024
-
നടപടി/കണ്ടെത്തൽ: മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ നൽകിയ ഹർജി തള്ളി.
-
നിലവിലെ അവസ്ഥ: ഹർജി നിരസിക്കപ്പെട്ടു.
6. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO)
-
തീയതി: 3 ഏപ്രിൽ 2025
-
നടപടി/കണ്ടെത്തൽ: കൊച്ചി സാമ്പത്തിക കുറ്റവിചാരണ കോടതിയിൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് 160 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. ഇതിൽ വീണ വിജയനെ 11-ാം പ്രതിയാക്കി.
-
നിലവിലെ അവസ്ഥ: വിചാരണ നടപടികൾ പുരോഗമിക്കുന്നു.
7. കേരള ഹൈക്കോടതി (Kerala HC)
-
തീയതി: 26 മേയ് 2026
-
നടപടി/കണ്ടെത്തൽ: ഇഡി (ED) അന്വേഷണം റദ്ദാക്കണമെന്ന CMRL കമ്പനിയുടെ ഹർജി ജസ്റ്റിസ് ടി.ആർ. രവി തള്ളി. ഇഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാൻ പൂർണ്ണ അനുമതി നൽകി.
-
നിലവിലെ അവസ്ഥ: ഇഡി അന്വേഷണം ശക്തമായി തുടരുന്നു.
Content Highlights: Kerala HC dismissed CMRL's plea to quash ED summons in May 2026., Veena Vijayan named 11th accused in the 2025 SFIO charge sheet., Allegations of illegal Rs 1.72-2.70 crore payments without service delivery., ED investigation now has full legal clearance to proceed with questioning., Case involves violations of Companies Act Section 188 and PMLA.
Published: 27 May 2026, 09:20 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented