കൊച്ചി: സി.എം.ആർ.എൽ. കേസിലെ അഴിമതി അന്വേഷണം വിജിലൻസിനും ഇ.ഡി.ക്കും ദുഷ്കരമാകും. സംസ്ഥാന പോലീസ് മേധാവിക്ക് ഇ.ഡി. നൽകിയ തെളിവുകളിലേറെയും മൊഴികളാണ്. വിജിലൻസ് കേസ് മൊഴികളിൽ നിലനിൽക്കില്ല. അഴിമതിയിലൂടെ പ്രതികൾക്ക് ലഭിച്ച പണം എന്തുചെയ്തെന്നു കണ്ടെത്തണം. വിദേശത്ത് ഈ പണം നിക്ഷേപിച്ചെന്നാണ് ഇ.ഡി. അനുമാനിക്കുന്നത്. അന്വേഷണം വിദേശത്തേക്കുകൊണ്ടുപോകാൻ വിജിലൻസിന് സാധ്യമല്ല. സി.എം.ആർ.എൽ. കേസിൽ മുൻപുള്ള മൊഴികൾ ആരും ആവർത്തിച്ചേക്കില്ലെന്നുമാത്രമല്ല, പുതിയ കേസിൽ കടകവിരുദ്ധമായ മൊഴി നൽകാനും സാധ്യതയുണ്ട്. ഈ കാരണങ്ങൾകൊണ്ട് വിജിലൻസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്താലും അതിന്റെ അടിസ്ഥാനത്തിൽ ഇ.ഡി. കേസ് രജിസ്റ്റർ ചെയ്യുന്നത് സൂക്ഷ്മവിലയിരുത്തലിനുശേഷമാകും.

To advertise here,

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച വിജിലൻസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യും. പ്രതിപക്ഷനേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, വീണയുടെ ഭർത്താവും മുൻമന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്, സി.എം.ആർ.എൽ. സ്ഥാപക എം.ഡി. എസ്.എൻ. ശശിധരൻ കർത്ത തുടങ്ങി പന്ത്രണ്ടോളം പേർ പ്രതികളാകുമെന്നാണ് സൂചന.

അഴിമതിക്കേസിൽ പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും നേരിട്ട് ബന്ധിപ്പിക്കാൻ സാധിക്കുന്ന തെളിവുകൾ പുറത്തുവന്നിട്ടില്ല. ഇരുവർക്കുമെതിരേയുള്ള മൊഴികളാണ് ഇ.ഡി.ക്ക് ലഭിച്ചിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പി.എം.എൽ.എ.) സെക്‌ഷൻ 50 പ്രകാരം ഇ.ഡി.ക്ക് ലഭിക്കുന്ന മൊഴികൾക്ക് തെളിവുമൂല്യമുള്ളതിനാൽ കോടതിയിൽ നിലനിൽക്കും. ഇ.ഡി. കേസിൽ ഇ.ഡി. ഉന്നയിക്കുന്ന ആരോപണം തെറ്റാണെന്ന് തെളിയിക്കേണ്ട ബാധ്യത പ്രതിക്കാണ്. എന്നാൽ, വിജിലൻസിന്റെ കാര്യത്തിൽ പ്രതി കുറ്റം ചെയ്തു എന്ന് തെളിയിക്കേണ്ട ബാധ്യത വിജിലൻസിനാണ്.

അന്വേഷണത്തിൽ തെളിവുകളൊന്നും ലഭിച്ചില്ലെങ്കിൽ അത് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കുന്നു എന്ന റിപ്പോർട്ട് നൽകാനേ നിവർത്തിയുള്ളൂ. ഇത് കോടതി അംഗീകരിച്ചാൽ ഇ.ഡി. എടുത്ത കേസും റദ്ദാകും. അതിനുമുൻപേ പ്രതികൾ കോടതിയെ സമീപിച്ച് എഫ്.ഐ.ആർ. റദ്ദാക്കാൻ ഹർജി നൽകുകയും കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്താൽ രണ്ടു കേസും റദ്ദാകും.

വിജിലൻസ് എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ ഇ.ഡി. പി.എം.എൽ.എ. കേസെടുത്താലും അന്വേഷണം എത്രത്തോളം മുന്നോട്ട് പോകുമെന്ന് കണ്ടറിയണം. സാധാരണഗതിയിൽ അനധികൃത സ്വത്ത് സമ്പാദനം 10 കോടിക്ക് മുകളിലാണെങ്കിലേ ഇ.ഡി.കേസ് രജിസ്റ്റർ ചെയ്യാറുള്ളൂ. രാഷ്ട്രീയപ്രാധാന്യം ഏറെയുള്ളതിനാൽ ഇതിൽ ഇ.സി.ഐ.ആർ. രജിസ്റ്റർ ചെയ്തേക്കും.