തിരുവനന്തപുരം: ഷാഫി പറമ്പിലിന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ഗൂഢാലോചന നടന്നുവെന്ന് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് നേമം ഷജീർ. സിപിഎമ്മിന് വേണ്ടി പണിയെടുക്കുന്ന രീതിയിലാണ് ഉണ്ണിത്താനും ജെ.എസ് അഖിലും ഗൂഢാലോചന നടത്തിയിരിക്കുകയാണ്. ഷാഫി പറമ്പിലിന്റെ പ്രതിച്ഛായ ഇല്ലാതാക്കുകയെന്നാൽ അത് സിപിഎമ്മിനും ബിജെപിക്കും വിടുപണി ചെയ്യുന്നതിന് തുല്യമാണ്. ആ ഗൂഢാലോചന കെപിസിസി നേതൃത്വം അന്വേഷിക്കണം. അതാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കെപിസിസിക്കും പരാതി കൊടുക്കുമെന്നും നേമം ഷജീർ പറഞ്ഞു.

To advertise here,

ജെ.എസ് അഖിലിനെതിരെയും കടുത്ത വിമർശനമാണ് നേമം ഷജീർ ഉന്നയിച്ചത്. വീരശൂര പരാക്രമിയായ അഖിലിന്റെ യോഗ്യത എന്താണെന്ന് താൻ പരസ്യമായി ചോദിക്കുന്നു. താൻ പങ്കെടുത്ത ഒരു സമരത്തിൽ പോലും അഖിലിനെ കണ്ടിട്ടില്ല. പോലീസുകാരന്റെ തല്ല് കൊള്ളാൻ പോലും കൂടെയുണ്ടായിരുന്നില്ല. ജലപീരങ്കിയുടെ ഒരുതുള്ളി വെള്ളം പോലും ദേഹത്ത് വീണിട്ടില്ല. ഉമ്മൻചാണ്ടി സാറിന്റെ വീട്ടിൽ കിടന്നാൽ സംസ്ഥാന അധ്യക്ഷൻ ആകാമെന്ന് ധാരണ ഉണ്ടെങ്കിൽ അത് വേണ്ട. ഉമ്മൻചാണ്ടി സാറിന്റെ ഭക്തനായതിനാൽ സംസ്ഥാന പ്രസിഡണ്ട് ആകണം എന്നതിന്റെ ഉളുപ്പില്ലായ്മയാണത്. മാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തിക്കൊടുത്ത ചാരപ്പണി മാത്രമാണ് അഖിൽ എടുത്തത്. അഖിൽ യൂസ് ലെസ് ആണെന്നും നേമം ഷജീർ പ്രതികരിച്ചു.

അഖിലിന്റെ പേര് പറയുന്നത് അഖിൽ മാത്രമാണ്. മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി കൊടുക്കുന്നതാണ് അഖിലിന്റെ രാഷ്ട്രീയ പ്രവർത്തനം. അഖിലിന് സാമാന്യ ബുദ്ധിയില്ല. സ്വയം പൊങ്ങിയാണ്. രാജ്‌മോഹൻ ഉണ്ണിത്താനും ജെ.എസ് അഖിലും സാധാരണക്കാരായ ആളുകൾക്ക് വേണ്ടി മുമ്പിൽ വന്നു സംസാരിച്ചത് കണ്ടിട്ടുണ്ടോ. ഉമ്മൻചാണ്ടിയുടെ ഡയറിയിൽ പല ആളുകളുടെയും പേര് ഉണ്ടാകാം. ഉമ്മൻചാണ്ടിയുടെ കത്ത് എന്ന് പറയുന്നത് തന്നെ കള്ളമാണ്. ഉമ്മൻചാണ്ടി പറഞ്ഞ പേര് രാഹുൽ മാങ്കൂട്ടത്തിലെന്റെതാണ്. രാജ്‌മോഹൻ ഉണ്ണിത്താന് അതേ രീതിയിൽ മറുപടി പറയാൻ യൂത്ത് കോൺഗ്രസിന് അറിയാമെന്നും നേമം ഷജീർ പറഞ്ഞു.

ജെ.എസ് അഖിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാക്കാൻ ഉമ്മൻചാണ്ടി നിർദേശിച്ചുവെന്ന രാജ്‌മോഹൻ ഉണ്ണിത്താന്റെ അവകാശവാദത്തോടായിരുന്നു ഷജീറിന്റെ പ്രതികരണം.