തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരികയാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. എൽപിഎസ്ടി സമരക്കാർ ആവശ്യപ്പെടുന്ന 1:25 എന്ന അനുപാതം അംഗീകരിക്കാൻ നിർവാഹമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന് സാമ്പത്തിക ബാധ്യത വരുമെങ്കിലും അവർ ഉന്നയിച്ച മറ്റു നാല് ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
1:25 ആക്കിയാലും അധ്യാപക തസ്തിക കൂടില്ല. 1:30 ആണ് ചട്ടമെങ്കിലും നിലവിൽ തന്നെ സംസ്ഥാനത്ത് ശരാശരി 1:19 ആയി മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 'കേരളത്തിലെ സർക്കാർ എൽപി സ്കൂളുകളിലെ വിദ്യാർഥികളുടെ എണ്ണം 349000 ആണ്. അധ്യാപകരുടെ എണ്ണം 18856 ആണ്. സർക്കാർ ചട്ടപ്രകാരം നിലവിലെ അധ്യാപക-വിദ്യാർഥി അനുപാതം 1:30 ആണ്. എന്നാൽ നിലവിൽസംസ്ഥാനത്തുള്ള അധ്യാപകരുടെയും വിദ്യാർഥികളുടെ എണ്ണം എടുത്താൽ അത് 1:19 ആയി മാറിയിട്ടുണ്ട്. പല ജില്ലകളിലേയും കണക്കുകൾ എടുത്താൽ ഇതിനേക്കാൾ ഞെട്ടും. ഏറ്റവും കൂടുതൽ അനുപാതമുള്ളത് മലപ്പുറത്താണ്. അവിടെപോലും 1:25 ഉണ്ട് നിലവിൽ തന്നെ. പത്തനംതിട്ടയിൽ 11 കുട്ടികൾക്കാണ് ഒരു അധ്യാപകൻ. കോട്ടയത്തും 11 കുട്ടികൾക്ക് ഒരു അധ്യാപകൻ ആണ്. ഇടുക്കിയിൽ 1:12, കണ്ണൂരിൽ 1:14 ആണ്' മുഖ്യമന്ത്രി വിശദീകരിച്ചു.
ഈ യാഥാർഥ്യം സമരക്കാർ മനസ്സിലാക്കണം. ഇല്ലാത്ത വേക്കൻസികളിലേക്കാണ് കഴിഞ്ഞ സർക്കാർ പട്ടിക പ്രസിദ്ധീകരിച്ചത്. ഒന്നാം റാങ്കുകാർക്ക് പോലും ജോലി കൊടുക്കാൻ സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സമരം പിൻവലിക്കുമെന്ന ധാരണയിലെത്തിയാൽ മറ്റു നാലു ആവശ്യങ്ങൾ അംഗീകരിച്ച് ഉത്തരവിറക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Published: 25 Nov 2026, 12:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented