
കൊച്ചി: “ഈ കുട്ടിയെ ഓർമ്മയുണ്ടോ...” അവതാരകയുടെ ചോദ്യമെത്തുമ്പോൾ ഓർമ്മയിലേക്ക് തൊടാനെന്ന പോലെ മുഖ്യമന്ത്രിയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. അവൾ നീട്ടിയ പൂക്കൾ സ്വീകരിച്ച് അഭിവാദ്യം ചെയ്യുമ്പോഴും ആരാണ് ഈ പെൺകുട്ടി എന്ന് ഓർത്തെടുക്കാനുള്ള ശ്രമം മുഖ്യമന്ത്രി പുഞ്ചിരിയിലൊളിപ്പിച്ചു. അപ്പോഴേക്കും അവതാരക തുടർന്നു- “ഇത് ആയിഷ ഫാത്തിമ, കഴിഞ്ഞയാഴ്ച ടൗൺഹാളിൽവെച്ച് സല്യൂട്ട് തന്നിരുന്നു...”. അതു കേട്ടപ്പോൾ അന്നത്തെ വൈറലായ അമ്പരപ്പ് വീണ്ടും മുഖ്യമന്ത്രിയുടെ മുഖത്ത് തെളിഞ്ഞു. അവളെ ചേർത്തുപിടിച്ച് തലയിൽ വാത്സല്യത്തോടെ തലോടുമ്പോൾ സദസ്സ് മുഴുവൻ പുഞ്ചിരിയോടെ കൈയടിച്ചു.
ഉത്തരേന്ത്യൻ വ്ളോഗർമാർ പോലും ഏറ്റെടുത്ത് ദേശീയതലത്തിൽ വൈറലായ വീഡിയോയിലെ നായികയെയാണ് ഞായറാഴ്ച ‘മാതൃഭൂമി’യുടെ വേദിയിൽവെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ അപ്രതീക്ഷിതമായി കണ്ടുമുട്ടിയത്. എറണാകുളം ടൗൺഹാളിൽ കഴിഞ്ഞയാഴ്ച നടന്ന ജീവ-സുയാത്ര മിഷൻ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രിക്ക് ബൊക്കെ നൽകുന്ന ചേരാനല്ലൂർ അൽ ഫാറൂഖ്യ ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി ആയിഷ ഫാത്തിമയുടെ ദൃശ്യമാണ് വൈറലായിരുന്നത്. മുഖ്യമന്ത്രിക്ക് ബൊക്കെ നൽകിയശേഷം കൃത്യമായ അച്ചടക്കത്തോടെ ആയിഷ സല്യൂട്ട് നൽകി. എന്നാൽ ഉപഹാരം താഴെവെക്കുന്ന തിരക്കിനിടയിൽ സല്യൂട്ട് ശ്രദ്ധിക്കാതിരുന്ന മുഖ്യമന്ത്രി സീറ്റിലിരിക്കാൻ ഒരുങ്ങി. എന്നാൽ അപ്പോഴേക്കും തൊട്ടുമുന്നിൽ സല്യൂട്ട് ചെയ്ത് നിൽക്കുന്ന കെഡേറ്റിനെ കണ്ട അദ്ദേഹം, അമ്പരപ്പോടെ ചിരിച്ച് സല്യൂട്ട് മടക്കി നൽകുകയായിരുന്നു.
ഞായറാഴ്ച ‘മാതൃഭൂമി’യുടെ ലവ് പ്ലാസ്റ്റിക് ചടങ്ങിൽ ഉദ്ഘാടകനായി മുഖ്യമന്ത്രിയെത്തുമ്പോൾ സ്വാഗത ബൊക്കെ നൽകാൻ കാത്തുനിന്നതും ആയിഷയായിരുന്നു. സാധാരണ പോലെ ബൊക്കെ സ്വീകരിച്ച് മുഖ്യമന്ത്രി സീറ്റിലേക്ക് തിരികെയിരിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അവതാരക ആളെ ഓർമ്മയുണ്ടോ എന്ന ചോദ്യവുമായി വന്നത്. ‘മാതൃഭൂമി’യും ആയിഷയും കാത്തുവെച്ച സർപ്രൈസ് മനസ്സിലായതോടെ നേരത്തേ വൈറലായ അമ്പരപ്പിന്റെ തനിയാവർത്തനമായിരുന്നു മുഖ്യമന്ത്രിയുടെ മുഖത്ത്. ‘മാതൃഭൂമി’യുടെ പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴേക്കും മുഖ്യമന്ത്രി ഈ വീഡിയോയും സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ആയിഷയെ വീണ്ടും കണ്ടുമുട്ടാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി വീഡിയോയ്ക്കൊപ്പം കുറിച്ചു. ജീവ- സുയാത്ര മിഷൻ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യുന്ന ആയിഷയുടെ ചിത്രം പ്രസിദ്ധീകരിച്ച ‘മാതൃഭൂമി’ പത്രത്തിന്റെ ഫോട്ടോ ഫ്രെയിം ചെയ്തത് മുഖ്യമന്ത്രി ആയിഷയ്ക്ക് സമ്മാനിച്ചു.
Content Highlights: Kerala CM VD Satheesan unexpectedly reunited with viral cadet Aysha Fathima at a Mathrubhumi event., Aysha had previously gone viral for giving a smart salute to the CM, which he missed initially before returning it., The CM gifted Aysha a framed newspaper photograph of their original encounter., CM VD Satheesan shared the heartwarming reunion video on his social media handles.
Published: 23 Nov 2026, 06:36 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented