അടിമാലി: നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നും കണ്ടെത്തി. വെള്ളത്തൂവൽ പോലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട തോക്കുപാറ സൗഹൃദഗിരിക്ക് സമീപത്തെ പുരയിടത്തിലാണ് മൃതദേഹം കണ്ടത്. ആൺകുട്ടിയുടെതാണെന്നാണ് പ്രാഥമിക വിവരം. ഏതാനും ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് വെള്ളത്തൂവൽ പോലീസ് പറഞ്ഞു.

To advertise here,

പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പുരയിടത്തിൽ ഞായറാഴ്ച വൈകീട്ട് 5 മണിയോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉറുമ്പരിച്ച അവസ്ഥയിൽ ആയിരുന്നു. ഡി.എൻ.എ പരിശോധന ഉൾപ്പെടെയുള്ള നടപടികൾക്കായി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

സമീപ പ്രദേശത്തുള്ള ഒരു യുവതിയെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശനിയാഴ്ച പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ഈ യുവതി ഏതാനും ദിവസങ്ങൾക്കു മുമ്പ് പ്രസവിച്ചതായി മനസ്സിലാക്കി. പ്രസവത്തെക്കുറിച്ച് യാതൊരു വിവരവും യുവതിയോ, ബന്ധുക്കളോ ആശുപത്രി അധികൃതരോട് പറഞ്ഞിട്ടില്ല. കോട്ടയം മെഡിക്കൽ കോളേജ് അധികൃതർ മെഡിക്കൽ കോളജ് പോലീസിൽ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് വെള്ളത്തൂവൽ പോലീസ് യുവതിയുടെ വിലാസം ഉൾപ്പെട്ട വീടും പരിസരവും പരിശോധന നടത്തിയത്.യുവതി മെഡിക്കൽ കോളേജിൽ പോലീസ് നിരീക്ഷണത്തിലാണ്.