കോഴിക്കോട്: ഒന്നുചലിക്കാൻ പോലുമാകാത്ത മൂന്നു കുഞ്ഞുങ്ങൾ. അവരുടെ ജീവൻ രക്ഷിക്കാൻ കുടുക്കപൊട്ടിച്ചും പാട്ടുപാടിയും വലുപ്പച്ചെറുപ്പമില്ലാതെ നാടൊരുമിക്കുമ്പോൾ ഒരുകോടി രൂപയുടെ ചികിത്സാ സഹായവുമായി 'മാതൃഭൂമി'യും.

To advertise here,

കല്ലുരുട്ടിയിലെ എസ്.എം.എ. രോഗ ബാധിതരായ കുഞ്ഞുങ്ങളുടെ കണ്ണീരൊപ്പാനാണ് ഈ തുക നൽകുക. മാതൃഭൂമി മാനേജ്‌മെന്റ് നൽകുന്ന തുകയും എല്ലാ ജീവനക്കാരുടെയും ഒരുദിവസത്തെ ശമ്പളവും ചേർത്താണ് ഒരു കോടി കൈമാറുന്നത്. അടുത്ത ദിവസംതന്നെ ചികിത്സാസഹായ സമിതിയെ ഏൽപ്പിക്കും.

പൂവത്തിരിച്ചാലിൽ അരുൺ-ഷാൽമി ദമ്പതിമാരുടെ മക്കളായ ഡേവിഡ് മാഗ്‌നസ്, ഈഥൻ മോസസ്, ഒലിവർ ജോനോ എന്നീ കുട്ടികളുടെ ചികിത്സയ്ക്കായി 50 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മാതൃഭൂമി ഫെഡറൽബാങ്കുമായി ചേർന്ന് സ്ത്രീകൾക്കായി നടത്തുന്ന രാത്രിനടത്തം -ഹെർ നൈറ്റ് ഔട്ടിന്റെ രജിസ്‌ട്രേഷൻ വരുമാനവും പൂർണമായി കുട്ടികൾക്കായി നൽകും.

ഒറ്റപ്രസവത്തിൽ ജനിച്ചവരാണ് മൂന്നു കുഞ്ഞുങ്ങൾ. ഇപ്പോൾ ഒന്നേമുക്കാൽ വയസ്സുമാത്രം. ഇവരുടെ ജീവൻ രക്ഷിക്കാനായി ഇതുവരെ 26.35 കോടിയാണ് നാടൊന്നാകെ സമാഹരിച്ചത്. ഡിസംബർ മൂന്നിനകം ചികിത്സയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങേണ്ടതുണ്ട്. ഇതിനായുള്ള നെട്ടോട്ടത്തിലാണ് ചികിത്സാ സഹായസമിതി.

രണ്ടുവയസ്സിനകം ജീൻ തെറപ്പി നൽകിയാൽ കുഞ്ഞുങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരാനാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഒരു കുട്ടിക്ക് 16.5 കോടിയാണ് ചെലവാകുക. പാട്ടുവണ്ടി, ബക്കറ്റ് പിരിവ്, വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ധനശേഖരണം, ആക്രി പെറുക്കി ധനസമാഹരണം, ബിരിയാണി ചലഞ്ച് തുടങ്ങി ഒട്ടേറെ മാർഗങ്ങളിലൂടെയാണ് ചെറുതും വലുതുമായ തുകകൾ ചികിത്സാസഹായ സമിതിയുടെ ഓഫീസിലെത്തുന്നത്. ചികിത്സാവിഷയം ശ്രദ്ധയിൽപ്പെട്ടപ്പോൾമുതൽ മാതൃഭൂമി തുടർച്ചയായി ഇതുസംബന്ധിച്ച് റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നുണ്ട്.

കൈമാറുന്നത് മാതൃഭൂമി മാനേജ്‌മെന്റിന്റെ വിഹിതവും ജീവനക്കാരുടെ ഒരുദിവസത്തെ ശമ്പളവുമടങ്ങുന്ന തുക