കല്പറ്റ: മുഖ്യമന്ത്രി വി.ഡി. സതീശൻ ആർ.എസ്.എസിന് അപ്പം പങ്കുവെക്കുന്നുവെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. സി.പി.എം. ജില്ലാകമ്മിറ്റി കല്പറ്റയിൽ സംഘടിപ്പിച്ച ജില്ലാറാലിക്കുശേഷമുള്ള പൊതുയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ മതനിരപേക്ഷത തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇടതുപക്ഷത്തെ തകർക്കുന്നതിനുവേണ്ടി വർഗീയത ഉപയോഗിക്കുകയാണ് കോൺഗ്രസ് ചെയ്തത്. ആർ.എസ്.എസിനോട് വിട്ടുവീഴ്ചയില്ലെന്നുപറഞ്ഞ മുഖ്യമന്ത്രി വി.ഡി. സതീശൻ, ആർ.എസ്.എസ്. താത്പര്യങ്ങൾ സംരക്ഷിക്കുകയാണ്. പത്തുവർഷം ആർ.എസ്.എസിനോടും ബി.ജെ.പി.യോടും പടവെട്ടിയാണ് കേരളത്തിൽ എൽ.ഡി.എഫ്. ഭരിച്ചത്. എന്നാൽ, ബി.ജെ.പി.യുമായി തർക്കിക്കാനില്ലെന്നാണ് യു.ഡി.എഫ്. സർക്കാരിന്റെ നയം. എല്ലാ സർവകലാശാലകൾക്കുമുകളിലും ആർ.എസ്.എസുകാരെ പ്രതിഷ്ഠിക്കുകയാണ് യു.ഡി.എഫ്. സർക്കാർ. വൈസ് ചാൻസലർ, സെനറ്റ്, സിൻഡിക്കേറ്റ് തുടങ്ങി സർവതും ആർ.എസ്.എസിന് അടിയറവുവെച്ച് ബി.ജെ.പി.ക്ക് വളരാനുള്ള സാഹചര്യമൊരുക്കുകയാണ്. മുസ്‌ലിംലീഗ് ഭരണം കൈയാളുന്നതിന് ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടിയിരിക്കുകയാണ്. എല്ലാതരം വർഗീയതയോടും കൂട്ടുകൂടി ഇടതുപക്ഷത്തെ തകർക്കുക എന്നതാണ് യു.ഡി.എഫിന്റെ ലക്ഷ്യം. ഒരു ഹൈന്ദവവിശ്വാസിക്ക് മുസ്‌ലിംകുടുംബം ചിതയൊരുക്കുന്നത് കേരളത്തിൽമാത്രമേ കാണാൻ കഴിയൂ. ഈ സ്നേഹത്തെയാണ് ബി.ജെ.പി. തകർക്കാൻ ശ്രമിക്കുന്നത്. രാജ്യത്തിന്റെ ഭരണഘടനയെയും പാർലമെന്ററിസംവിധാനത്തെയും തകർക്കാനുള്ള ശ്രമങ്ങൾക്കാണ് ബി.ജെ.പി. നേതൃത്വം നൽകുന്നത്. ബി.ജെ.പി.ക്കുനേരേ രാജ്യത്തുടനീളം വലിയപ്രതിഷേധങ്ങൾ ശക്തിപ്പെട്ടുവരുന്നുണ്ട്. ഇതിനെല്ലാം നേതൃത്വം നൽകുന്നത് സി.പി.എമ്മാണ്. പാർലമെന്റിലെ അംഗബലമല്ല, തെരുവിലെ സമരശേഷിയാണ് കരുത്തെന്നും തിരഞ്ഞെടുപ്പുകളിൽ തോറ്റാലും വർഗീയതയ്‌ക്കെതിരായുള്ള പോരാട്ടഭൂമിയിൽ തോൽക്കില്ലെന്നും എ. വിജയരാഘവൻ പറഞ്ഞു.

To advertise here,