തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയിൽ നിന്ന് ചാണ്ടി ഉമ്മനെ ഒഴിവാക്കിയതിൽ കോൺഗ്രസിലെ എ ഗ്രൂപ്പിനുള്ളിൽ കടുത്ത അതൃപ്തി പുകയുന്നു. യാതൊരുവിധ കൂടിയാലോചനകളും ഇല്ലാതെയാണ് ചാണ്ടി ഉമ്മനെ മന്ത്രിസ്ഥാനത്ത് നിന്ന് തഴഞ്ഞതെന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ ആരോപണം. ചാണ്ടി ഉമ്മനെ ഒഴിവാക്കിയതിലുള്ള പ്രതിഷേധം എ ഗ്രൂപ്പ് നേതാക്കൾ ഇതിനോടകം തന്നെ കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. ബെന്നി ബെഹനാൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഈ വിഷയത്തിൽ തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. എന്നാൽ നിലവിലെ സാഹചര്യത്തിൽ പരസ്യപ്രതികരണം നടത്തി പാർട്ടിയെ പ്രതിസന്ധിയിലാക്കേണ്ടതില്ലെന്നാണ് ഗ്രൂപ്പിന്റെ തീരുമാനം.

To advertise here,

അര ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച ചാണ്ടി ഉമ്മന് മന്ത്രിസഭയിലെത്താൻ എല്ലാ യോഗ്യതയുമുണ്ടായിരുന്നുവെന്നാണ് എ ഗ്രൂപ്പിന്റെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് കാലത്ത് ഉമ്മൻ ചാണ്ടിയുടെ പേരും ചിത്രവും ഉപയോഗിച്ച് വോട്ട് പിടിച്ച ശേഷം, അദ്ദേഹത്തിന്റെ മകനെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയത് ഉമ്മൻ ചാണ്ടിയോടുള്ള അവഹേളനമായാണ് ഗ്രൂപ്പ് നേതാക്കൾ കാണുന്നത്. കൂടാതെ, ചാണ്ടി ഉമ്മന് ഓർത്തഡോക്‌സ് സഭയുടെ വലിയ പിന്തുണയുണ്ടായിരുന്നു എന്നതും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

അതേസമയം താൻ മന്ത്രിസ്ഥാനത്തിന് വേണ്ടി ശ്രമിച്ചിട്ടില്ലെന്നാണ് ചാണ്ടി ഉമ്മൻ വ്യക്തമാക്കുന്നത്. ജനങ്ങൾക്കും മാധ്യമങ്ങൾക്കും തന്നോടുള്ള സ്‌നേഹം കൊണ്ടാണ് ഇത്തരമൊരു ആവശ്യം ഉയർന്നുവന്നതെന്നും, ജനങ്ങൾ വെട്ടുന്ന വഴിയിലൂടെ സഞ്ചരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹം മുതിർന്ന നേതാവ് എ.കെ. ആന്റണിയെ സന്ദർശിച്ചിരുന്നു. വിഷയത്തിൽ പാർട്ടിക്കുള്ളിലെ പൊട്ടലും ചീറ്റലും പരിഹരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് ഇടപെട്ടേക്കുമെന്നാണ് സൂചന. ഏതെങ്കിലും വിഭാഗത്തിന് പരാതിയുണ്ടെങ്കിൽ അത് നേരിട്ട് കേട്ട് പരിഹരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ രീതി.

ലത്തീൻ സഭയുടെ പരാതികൾ കേൾക്കാൻ അദ്ദേഹം നേരിട്ട് പോയത് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ചാണ്ടി ഉമ്മന്റെ കാര്യത്തിലും വി.ഡി. സതീശന്റെ ഭാഗത്തുനിന്ന് സമാനമായ അനുനയ നീക്കങ്ങൾ ഉണ്ടാകാനാണ് സാധ്യത. മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തെ ചൊല്ലിയുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് എ ഗ്രൂപ്പിന്റെ ഭാഗത്തുനിന്നുള്ള ഈ നീരസം പുറത്തുവരുന്നത്. വരും ദിവസങ്ങളിൽ പാർട്ടി മീറ്റിംഗുകളിൽ ഈ വിഷയം ഗൗരവമായി ചർച്ച ചെയ്യപ്പെട്ടേക്കാം.