
തിരുവനന്തപുരം: കിഴുവിലം സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ പേരിൽ തനിക്കെതിരെ ആസൂത്രിതമായ വലിയൊരു ഗൂഢാലോചനയാണ് നടക്കുന്നതെന്ന് ചിറയിൻകീഴ് എം.എൽ.എ രമ്യ ഹരിദാസ്. താൻ പരാതിക്കാരന്റെ മകളെ ഒരിടത്തും അപകീർത്തിപ്പെടുത്തിയിട്ടില്ലെന്നും, തന്നെ സ്‌നേഹത്തോടെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി മനഃപൂർവ്വം കുടുക്കാൻ കെണിയൊരുക്കുകയായിരുന്നുവെന്നും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയ ശേഷം മാധ്യമങ്ങളെ കണ്ട രമ്യ ഹരിദാസ് വ്യക്തമാക്കി.
കിഴുവിലം ഗ്രാമപഞ്ചായത്ത് പരിധിയിലെ കോൺഗ്രസ് പ്രവർത്തകർ ബാങ്ക് തിരഞ്ഞെടുപ്പിൽ രണ്ട് വിഭാഗങ്ങളായി മത്സരിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. കെ.പി.സി.സി. നിർദ്ദേശപ്രകാരം സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിങ്കര സനൽ മുൻകൈയെടുത്ത് ഡി.സി.സി. ഭാരവാഹി വിശ്വനാഥൻ നായർ, ബ്ലോക്ക് പ്രസിഡന്റ് അഭയൻ എന്നിവരെ വിളിച്ച് സംസാരിച്ചെങ്കിലും വിട്ടുവീഴ്ചയ്ക്ക് ഇരുകൂട്ടരും തയ്യാറായില്ല.
ഒരു ജനപ്രതിനിധി എന്ന നിലയിൽ ഇരുപക്ഷത്തും നിൽക്കുന്നവർ കോൺഗ്രസ് പ്രവർത്തകരായതിനാൽ താൻ ഒരു പക്ഷം പിടിക്കാതെ നിഷ്പക്ഷ നിലപാട് സ്വീകരിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണമായതെന്ന് രമ്യ ഹരിദാസ് പറയുന്നു. രണ്ട് വിഭാഗങ്ങളുടെയും കൺവെൻഷനുകളിൽ പങ്കെടുക്കാതിരിക്കാൻ തീരുമാനിക്കുകയും ഇത് ഇരുവിഭാഗങ്ങളെയും അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ നിഷ്പക്ഷ നിലപാടാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്.
ബാങ്ക് തിരഞ്ഞെടുപ്പിൽ അനുകൂല നിലപാട് സ്വീകരിക്കാത്തതിനെ തുടർന്ന് സജിത്ത്, വിശ്വനാഥൻ നായർ എന്നിവരുടെ നേതൃത്വത്തിൽ തനിക്കെതിരെ സോഷ്യൽ മീഡിയയിലും വാട്‌സാപ്പ് ഗ്രൂപ്പുകളിലും മാധ്യമങ്ങളിലൂടെ പറയാൻ പോലും കഴിയാത്ത തരത്തിൽ മോശമായ അപവാദപ്രചരണങ്ങളും രൂക്ഷമായ സൈബർ ആക്രമണങ്ങളും ആരംഭിച്ചു. കഴിഞ്ഞ രണ്ട് മാസമായി ഈ അപകീർത്തിപ്പെടുത്തൽ തുടരുകയാണ് എന്നും രമ്യ ഹരിദാസ് ആരോപിച്ചു.
ഇതേക്കുറിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, ഷാഫി പറമ്പിൽ എം.പി, സുധീർഷാ പാലോട് എം.എൽ.എ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷജീർ എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തി പരാതി നൽകിയിരുന്നതായും രമ്യ ഹരിദാസ് വ്യക്തമാക്കി.
വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി കെണിയൊരുക്കി
കഴിഞ്ഞ ദിവസം കണ്ടപ്പോൾ സജാദ് എന്ന വ്യക്തി തന്നോട് സംസാരിച്ചിരുന്നതായും ബാങ്ക് തിരഞ്ഞെടുപ്പിൽ സഹകരിക്കാത്തതിനാൽ സജിത്തും വിശ്വനാഥൻ നായരും പറഞ്ഞിട്ടാണ് തനിക്കെതിരെ ഇത്തരം കാര്യങ്ങൾ ചെയ്തതെന്ന് അദ്ദേഹം സമ്മതിച്ചതായും രമ്യ ഹരിദാസ് പറയുന്നു. തുടർന്ന്, തന്റെ വീട് 200 മീറ്റർ ദൂരമേയുള്ളൂവെന്നും ഭാര്യയും രണ്ട് മക്കളും അവിടെയുണ്ടെന്നും പറഞ്ഞ് അദ്ദേഹം സ്‌നേഹത്തോടെ തന്നെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു എന്നും അവർ വ്യക്തമാക്കി.
'പുളിമൂട് ജംഗ്ഷനിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാൽ അദ്ദേഹം തന്നെ വഴി കാണിച്ച് സന്തോഷത്തോടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത് കാണാം. എന്നാൽ വീട്ടിലെത്തിയപ്പോൾ മറ്റ് ചിലർ കൂടി അവിടേക്ക് വരികയും എന്നെ തടഞ്ഞുവെച്ച് വലിയ തോതിൽ ആസൂത്രിതമായ നീക്കം നടത്തുകയുമായിരുന്നു.' സജാദിന്റെ മകളെക്കൊണ്ട് നിർബന്ധിച്ച് ഒന്നും വായിപ്പിച്ചിട്ടില്ലെന്നും കുട്ടിയെ അപകീർത്തിപ്പെടുത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.
വാട്‌സാപ്പ് ഗ്രൂപ്പുകളിൽ മോശമായ രീതിയിൽ ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് എന്തിനാണെന്ന് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും രമ്യ ഹരിദാസ് പറയുന്നു. ഇതുകൂടാതെ, തന്റെ കൂടെയുണ്ടായിരുന്ന പാളയം പ്രദീപിനെക്കുറിച്ചുള്ള ആരോപണങ്ങളും രമ്യ ഹരിദാസ് തള്ളിക്കളഞ്ഞു. പാളയം പ്രദീപ് താൻ ആലത്തൂർ എംപിയായിരുന്ന കാലം മുതൽ ഒപ്പമുള്ള ജീവനക്കാരനാണെന്നും ഇപ്പോഴും തന്റെ കൂടെയുള്ള ഡെപ്യൂട്ടേഷൻ സ്റ്റാഫും ഡ്രൈവറുമാണ് അദ്ദേഹമെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി.
കിഴുവിലം പഞ്ചായത്ത് സ്വദേശിയായ അദ്ദേഹത്തിന് ഈ നിയോജക മണ്ഡലത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളതിനാലാണ് പ്രദീപിനെ ഒപ്പം നിർത്തിയിരിക്കുന്നത്. തന്റെ കൂടെ മറ്റ് സ്റ്റാഫംഗങ്ങളായ അശ്വന്ത് ഉൾപ്പെടെയുള്ളവരും ഉണ്ടായിരുന്നുവെന്നും അവർ വിശദീകരിച്ചു. തനിക്കെതിരെ ഉണ്ടായ സൈബർ ആക്രമണങ്ങളിലും ഈ കെണിവെക്കൽ ഗൂഢാലോചനയിലും ആഭ്യന്തര വകുപ്പിൽ നിന്നും പാർട്ടിയുടെ ഭാഗത്തുനിന്നും ശക്തമായ നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേർത്തു.
Content Highlights: Ramya Haridas, former MP, claims a conspiracy against her related to the Kizhuvilam Cooperative Bank election, asserting she was deliberately trapped and defamed on social media for maintaining neutrality between conflicting Congress factions.
Published: 05 Sept 2026, 11:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented