തേഞ്ഞിപ്പലം: എം.എ. ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷയുടെ ഫലം വന്നപ്പോൾ മൈക്രോ ഇക്കണോമിക്സ് പേപ്പറിന് 46 മാർക്കായിരുന്നു ജെസ്‌മിക്ക്. ഉത്തരക്കടലാസ് പുനർമൂല്യനിർണയം നടത്തിയപ്പോൾ മാർക്ക് 79 ആയി.
ഒരുവർഷം മുൻപ് എഴുതിയ പരീക്ഷയ്ക്ക് ഇതു കിട്ടിയാൽ പോരല്ലോ എന്ന ഉറച്ചവിശ്വാസത്തിൽ വി.സി.യുടെ പ്രത്യേക അനുമതിയോടെ വീണ്ടും മൂല്യനിർണയത്തിന് അനുമതി നേടിയെടുത്തു.
അപ്പോൾ മാർക്ക് 105 ആയി ഉയർന്നു. തനിക്ക് 128 മാർക്ക് കിട്ടേണ്ടതാണെന്ന് ചൂണ്ടിക്കാട്ടി ജെസ്‌മി സർവകലാശാലയിലെത്തി സമരം ചെയ്തു.
അങ്ങനെ വിദഗ്ധരായ മൂന്ന് മുതിർന്ന അധ്യാപകരെ നിയോഗിച്ച് ഉത്തരക്കടലാസ് വീണ്ടും വിശദമായി മൂല്യനിർണയം നടത്തി. അതോടെ 105 മാർക്ക് 117 ആയി.
ചാലക്കുടി സ്വദേശി മുരിങ്ങൂർ ചാതേലി വീട്ടിൽ ജെസ്‌മി ജോൺസൺ ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ ഗവ. കോളേജിലെ വിദ്യാർഥിയാണ്.
വിദ്യാർഥിനിക്ക് അർഹതപ്പെട്ട മാർക്ക് നൽകുന്നതിൽ വീഴ്‌ചവരുത്തിയ സംഭവത്തിൽ ഉത്തരക്കടലാസ് മൂല്യനിർണയം നടത്തിയ അധ്യാപകരോട് വിശദീകരണം തേടുമെന്ന് കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ പറഞ്ഞു.
മറുപടി തൃപ്തികരമല്ലെങ്കിൽ കർശന നടപടിയെടുക്കും. 'സിസ്റ്റത്തിന്റെ തകരാർ' ആയാണ് താനതിനെ കാണുന്നതെന്നും വി.സി. പറഞ്ഞു.
Published: 26 Sept 2026, 07:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented