ആലപ്പുഴ: പാചകവാതക പ്രതിസന്ധിയും കനത്ത വേനൽച്ചൂടും ചേർന്നതോടെ ജില്ലയിൽ കോഴിയിറച്ചിവിലയിൽ ഗണ്യമായ ഇടിവ്. ഹോട്ടലുകൾ പലതും അടച്ചതും ചിലത് വിഭവങ്ങൾ ചുരുക്കിയതും കോഴിയുടെ ആവശ്യകത കുറച്ചു. ഇതോടെ രണ്ടാഴ്ചമുൻപ് കിലോയ്ക്ക് 150 രൂപവരെ എത്തിയിരുന്ന കോഴിയിറച്ചി വില ഇപ്പോൾ 120 രൂപയിലെത്തി.

To advertise here,

മുൻപ് ഒരുദിവസം ശരാശരി ഒന്നേകാൽ ലക്ഷം കിലോ കോഴിയിറച്ചി ജില്ലയിൽ ആവശ്യമായിരുന്നെങ്കിൽ, ഇപ്പോഴത് പകുതിയായി കുറഞ്ഞു. ഹോട്ടലുകളുടെ ആവശ്യക്കുറവു കാരണം വിപണിയിൽ കോഴി സുലഭമായി. ഇതാണ് വിലക്കുറവിനു കാരണം.

വിൽപ്പന കുറഞ്ഞത് വ്യാപാരികൾക്കും കർഷകർക്കും തിരിച്ചടിയായിട്ടുണ്ട്. സ്റ്റോക്ക് കൂടുന്നതോടെ നഷ്ടഭീഷണി ഉയർന്നു. ഇതോടെ പുതുതായി കോഴിക്കുഞ്ഞുങ്ങളെ വാങ്ങാനോ വളർത്താനോ കർഷകർ മടിക്കുന്നുണ്ട്. ഒരുമാസം മുൻപ് 55 രൂപയായിരുന്ന കോഴിക്കുഞ്ഞിന്റെ വില ഇപ്പോൾ 15 രൂപയിലേക്കു താഴ്‌ന്നു.

ശുദ്ധജലം കിട്ടാനില്ല

ഇപ്പോഴത്തെ സാഹചര്യത്തിൽ ആയിരം കോഴിയെ വളർത്തണമെങ്കിൽ കുറഞ്ഞത് 700 ലിറ്റർ ശുദ്ധജലമെങ്കിലും വേണം. കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വെള്ളം പണംകൊടുത്തു വാങ്ങേണ്ട സ്ഥിതിയാണ്. ചൂടിനെ പ്രതിരോധിക്കാൻ മരുന്നുകളുണ്ടെങ്കിലും അതിനും വലിയ വില നൽകണം. ചൂടു കുറയ്ക്കുന്നതിന് കോഴികൾക്ക് ഇടയ്ക്കിടെ വെള്ളം സ്പ്രേ ചെയ്തു കൊടുക്കുന്ന രീതിയുമുണ്ട്. അതിനും ജലം കൂടുതൽ ആവശ്യമാണ്. പ്രതിസന്ധിഘട്ടത്തിൽ ഇത്തരം അധികച്ചെലവ് താങ്ങാനാവാത്ത സ്ഥിതിയാണെന്ന് കർഷകർ പറയുന്നു.