തൃക്കരിപ്പൂര്‍: മൂന്നുവര്‍ഷം മുന്‍പ് പഠിച്ചിറങ്ങിയ ക്ലാസ് മുറി ഇന്ന് അബിന്‍ മൈക്കിളിന് സ്വന്തം ഓഫീസ് മുറിയാണ്. ചെറുപുഴ നവജ്യോതി കോളേജ് പഠനകാലത്തെ ക്ലാസ് മുറിയിലാണ് ഇന്ന് 'ടു സ്‌ക്രോള്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന പേരില്‍ ഈ 23-കാരന്‍ ഐ.ടി. കമ്പനി തുടങ്ങിത്. നവജ്യോതിയിലെത്തിയ കാലംമുതല്‍ സ്വന്തമായൊരു കമ്പനിയെന്ന സ്വപ്നത്തിനു പിറകെയായിരുന്നു അബിന്‍. പൂര്‍വവിദ്യാര്‍ഥികളും കൂട്ടുകാരും അധ്യാപകരുമായുള്ള ചര്‍ച്ചയില്‍ സ്വപ്നത്തിന് ചിറകുവെച്ചു.

To advertise here,

2022-ല്‍ ബി.സി.എ. അവസാന സെമസ്റ്റര്‍ പരീക്ഷയ്ക്ക് മുന്‍പുതന്നെ സൈബര്‍ പാര്‍ക്കിലെ ജോലി അബിനെ തേടിയെത്തി. രാത്രി ജോലിചെയ്തും പകല്‍ പരീക്ഷയെഴുതിയും ബി.സി.എ. പൂര്‍ത്തിയാക്കിയ അബിന്‍ തുടര്‍ന്ന് ടെക്‌നോപാര്‍ക്കിലും ജോലിചെയ്തു. ഇതിനിടെ കോളേജിലെ കുട്ടികള്‍ക്ക് ഇന്റേണ്‍ഷിപ്പ് നല്‍കാം എന്ന ആശയവുമായാണ് അബിന്‍ കോളേജിനെ സമീപിക്കുന്നത്. സ്വന്തമായൊരു കമ്പനിയെന്ന ആശയത്തിന് പിന്തുണ നല്‍കിയ കോളേജ് അടിസ്ഥാനസൗകര്യങ്ങളൊരുക്കിക്കൊടുത്തു. ജോലിചെയ്ത് സ്വരുക്കൂട്ടിയ സാമ്പാദ്യവുമായി കമ്പനി തുടങ്ങി.

മാതാപിതാക്കളായ കോഴിച്ചാലിലെ ബിജു തോമസും ശോഭാ ബിജുവും പൂര്‍ണ പിന്തുണ നല്‍കി. ശോഭാ ബിജു കമ്പനിയുടെ മാനേജിങ് ഡയറക്ടറുമായി. ജനുവരി 23-നായിരുന്നു ഉദ്ഘാടനം. ചെറുപുഴയില്‍ ഒരു ഐ.ടി. കമ്പനി വെല്ലുവിളിയല്ലേ എന്ന ചോദ്യത്തിന് 'വെല്ലുവിളികള്‍ ഉണ്ടായാലേ വിജയകരമായ ബിസിനസ് ചെയ്യാന്‍ കഴിയൂ' എന്നാണ് അബിന്റെ മറുപടി. അബിനടക്കം മൂന്ന് ജീവനക്കാരുമായിട്ടാണ് നിലവിലെ പ്രവര്‍ത്തനം.

ക്ലാസ് മുറിയിലെ പഠനം എന്നതിലുപരി പ്രായോഗിക തൊഴില്‍പരിശീലനത്തിനും അതുവഴി തൊഴിലിലുള്ള അനുഭവപരിചയം വര്‍ധിപ്പിക്കുന്നതിനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. മൂന്നുമുതല്‍ ആറുമാസംവരെ ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍, ഓഫ് ലൈന്‍ ഇന്റേണ്‍ഷിപ്പ് നല്‍കാനുള്ള ശ്രമത്തിലാണിപ്പോള്‍. വെബ് ഡിവലപ്മെന്റ്, മൊബൈല്‍ ആപ്പ് ഡിവലപ്മെന്റ്, എ.ഐ. ആന്‍ഡ് മെഷീന്‍ ലേണിങ് ബേസിക്‌സ്, ക്ലൗഡ് ടെക്‌നോളജി തുടങ്ങിയ ഐ.ടി. മേഖലയിലെ പ്രധാന ആഡ് ഓണ്‍ കോഴ്‌സുകള്‍ വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കാം. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. പഠനശേഷം കൂടുതല്‍ നൈപുണിയുമുള്ളവരായി ജോലിനേടാവുന്ന തരത്തില്‍ പഠനസമയത്തുതന്നെ പരിശീലനം നല്‍കുകയെന്ന കോളേജിന്റെ ചിന്തയുടെ ആദ്യപടികൂടിയാണ് ഐ.ടി. കമ്പനി. ഭാവിയില്‍ ഒരു ഐ.ടി. പാര്‍ക്കാണ് ലക്ഷ്യമിടുന്നത്.