യാതൊരു മുന്നറിയിപ്പുമില്ലാതെ സ്വകാര്യ ഐടി കമ്പനി അടച്ചുപൂട്ടിയതോടെ പ്രതിസന്ധിയിലായി 700-ലധികം ജീവനക്കാരും ഇന്റേണുകളും. പുണെയിലെ ഐടി ഹബ്ബായ ഹിൻജവാടിയിൽ പ്രവർത്തിച്ചിരുന്ന Thynk Tech India OPC Pvt Ltd ആണ് അടച്ചുപൂട്ടിയത്. യു.പിയിലെ നോയ്ഡ ആണ് കമ്പനിയുടെ ആസ്ഥാനം. ജോലിയും ശമ്പളവും ആനുകൂല്യങ്ങളും നഷ്ടമായ ജീവനക്കാർ നൽകിയ പരാതിയിൽ കമ്പനി സിഇഒ ഹർഷൽ താക്കറെയെ പോലീസ് അറസ്റ്റ് ചെയ്തു.

To advertise here,

കമ്പനിയുടെ എച്ച്ആർ മാനേജരും പോലീസ് നിരീക്ഷണത്തിലാണ്. 25-കാരനായ ഒരു ഇന്റേണിന്റെ പരാതിയിലാണ് സിഇഒ അറസ്റ്റിലായത്. കമ്പനിയുടെ പരിശീലന - വികസന വിഭാഗത്തിന്റെ തലവനും അദ്ദേഹം ആയിരുന്നു. നിലവിൽ 30-ഓളം ജീവനക്കാർ സ്ഥാപനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സ്ഥാപനത്തിനും സിഇഓയ്ക്കും എതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. വഞ്ചനയ്ക്കും വിശ്വാസവഞ്ചനയ്ക്കും എതിരായ വകുപ്പുകൾ അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ടെന്ന് എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

മാസങ്ങളായി ശമ്പളമോ സ്‌റ്റൈപ്പൻഡോ ലഭിക്കുന്നില്ലെന്നും ലാപ്ടോപ്പ് നൽകാം എന്ന് വാഗ്ദാനം ചെയ്ത് 15,000 രൂപ ആവശ്യപ്പെട്ടിരുന്നുവെന്നും ജീവനക്കാർ പറയുന്നു. ഒന്നു മുതൽ മൂന്നു മാസം വരെ ശമ്പളം ലഭിക്കാനുണ്ടെന്നാണ് മിക്ക ജീവനക്കാരും പരാതിപ്പെടുന്നത്. ജോലി നഷ്ടപ്പെട്ടവർ സഹായം തേടി സംഘടനയെ സമീപിച്ചതായി ഐടി ജീവനക്കാരുടെ ഫോറമായ എഫ്.ഐ.ടി.ഇ പറയുന്നു. ഇന്റേണുകൾ പരാതി നൽകിയതിനെത്തുടർന്ന് സംഘടനയാണ് സ്ഥാപന ഉടമകൾക്കെതിരെ പോലീസിനെ സമീപിച്ചത്.

കഴിഞ്ഞ വർഷം പ്രവർത്തനംആരംഭിച്ച കമ്പനിയാണിത്. തുടക്കത്തിൽ ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകിയിരുന്നു. എന്നാൽ ജനുവരി മുതൽ ശമ്പളം മുടങ്ങിയെന്നാണ് ജീവനക്കാർ പറയുന്നത്. അവർ സമീപിക്കുമ്പോഴെല്ലാം ശമ്പള വിതരണത്തിനുള്ള പുതിയ തീയതി അറിയിക്കുകയാണ് ഉടമകൾ ചെയ്തുകൊണ്ടിരുന്നത്. മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള നിരവധി എഞ്ചിനീയറിംഗ് ബിരുദധാരികളെ സ്ഥാപനം നിയമിച്ചിരുന്നു. ഏപ്രിൽ 22-ന് സ്ഥാപനം പൂട്ടിയെന്നാണ് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ടു ചെയ്യുന്നത്. ജീവനക്കാർക്ക് എത്രത്തോളം വഞ്ചിക്കപ്പെട്ടുവെന്ന് കണ്ടെത്താൻ കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾ പോലീസ് നിലവിൽ പരിശോധിച്ച് വരികയാണ്.