ന്യൂഡല്‍ഹി: പ്രമുഖ ബ്രിട്ടീഷ് ബഹുരാഷ്ട്ര കമ്പനിയായ 'മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സറുമായി(M&S) ബന്ധപ്പെട്ട യുകെ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ തള്ളി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്(ടിസിഎസ്). മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍ ടിസിഎസുമായുള്ള ഒരു ബില്യണ്‍ ഡോളറിന്റെ(ഏകദേശം 8821 കോടി രൂപ) കരാര്‍ അവസാനിപ്പിച്ചെന്ന റിപ്പോര്‍ട്ടുകളാണ് ഇന്ത്യയിലെ ഐടി കമ്പനിയായ ടിസിഎസ് നിഷേധിച്ചത്. യുകെ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വസ്തുതാവിരുദ്ധമാണെന്നും ടിസിഎസ് പ്രതികരിച്ചു.

To advertise here,

സൈബര്‍ ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതിലെ വീഴ്ചകളെത്തുടര്‍ന്ന് മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍ ടിസിഎസുമായുള്ള ഒരു ബില്യണ്‍ ഡോളറിന്റെ കരാര്‍ അവസാനിപ്പിച്ചെന്നായിരുന്നു യുകെ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്നാല്‍, ഈ റിപ്പോര്‍ട്ടില്‍ നിരവധി തെറ്റായവിവരങ്ങളാണുള്ളതെന്നും റിപ്പോര്‍ട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നുമാണ് ടിസിഎസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ വിശദീകരണം. റിപ്പോര്‍ട്ടില്‍ പറയുന്നത് മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സറിന്റെ സര്‍വീസ് ഡെസ്‌ക് കരാറിനെക്കുറിച്ചാണ്. ഇത് 2025 ജനുവരിയില്‍ ആരംഭിച്ചതാണ്. മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സറുമായുള്ള പങ്കാളിത്തതിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഈ സര്‍വീസ് ഡെസ്‌ക് കരാറെന്നും ടിസിഎസ് വ്യക്തമാക്കി. 2025 ഏപ്രിലിലെ സൈബര്‍ ആക്രമണങ്ങള്‍ക്ക് മുന്‍പ് തന്നെ മറ്റുചില കമ്പനികളുമായി പ്രവര്‍ത്തിക്കാന്‍ മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍ തീരുമാനമെടുത്തിരുന്നു. അതിനാല്‍, ഈ രണ്ട് കാര്യങ്ങളും പരസ്പരബന്ധമില്ലാത്തതാണെന്നും ടിസിഎസ് അറിയിച്ചു. സൈബര്‍ആക്രമണവുമായി ബന്ധപ്പെട്ട് തങ്ങളുടെ ഭാഗത്ത് വിശദമായ പരിശോധന നടത്തിയിരുന്നു. ഇതില്‍ യാതൊരുപ്രശ്‌നങ്ങളും കണ്ടെത്തിയിട്ടില്ല. മാത്രമല്ല, മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സറിന് ടിസിഎസ് സൈബര്‍സുരക്ഷാ സേവനങ്ങള്‍ നല്‍കുന്നില്ലെന്നും മറ്റൊരു കമ്പനിയാണ് ഈ സേവനങ്ങള്‍ നല്‍കുന്നതെന്നും ടിസിഎസ് വ്യക്തമാക്കി. മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സറിന്റെ തന്ത്രപരമായ പങ്കാളിയെന്ന നിലയില്‍ മറ്റുനിരവധി മേഖലകളില്‍ ടിസിഎസ് പ്രവര്‍ത്തിക്കുന്നുണ്ട്. മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സറുമായി തുടരുന്ന ദീര്‍ഘകാല പങ്കാളിത്തതില്‍ കമ്പനിക്ക് ഏറെ അഭിമാനമുണ്ടെന്നും ടിസിഎസ് പറഞ്ഞു.

സൈബര്‍ആക്രമണത്തെ തുടര്‍ന്ന് മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സറിന് 300 മില്യണ്‍ പൗണ്ടിന്റെ നഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നത്. ഇതുകാരണം ടിസിഎസുമായുള്ള ഒരു ബില്യണ്‍ ഡോളറിന്റെ കരാര്‍ പുതുക്കേണ്ടെന്ന് മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍ തീരുമാനിച്ചെന്നും യുകെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തിരുന്നു. എന്നാല്‍, ഇത് തീര്‍ത്തും വസ്തുതാവിരുദ്ധമാണെന്നാണ് ഇന്ത്യന്‍ ഐടി ഭീമനായ ടിസിഎസിന്റെ പ്രതികരണം.