തിരുവനന്തപുരം: കേരളത്തിലെ പ്രധാനപാതയായ എംസി റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട് ആരോപണ കുരുക്കുകളിൽപെട്ട ഉദ്യോഗസ്ഥനാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. കരാർ കമ്പനിയിലെ ആത്മഹത്യാക്കുറിപ്പായിരുന്നു ഗ്യാനേഷ് കുമാറിനെ കുരുക്കിലാക്കിയത്. മുൻധനമന്ത്രി ടി.എം തോമസ് ഐസക് ആണ് തിരഞ്ഞെടുപ്പ് വിവാദങ്ങൾക്കിടെ ഈ വിഷയം വീണ്ടും ചർച്ചകളിലേക്കെത്തിച്ചിരിക്കുന്നത്.

To advertise here,

ലോകബാങ്കിന്റെ സഹായത്തോടെ എംസി റോഡ് വികസിപ്പിക്കാനുള്ള കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിന്റെ(കെഎസ്ടിപി)കരാർ മലേഷ്യൻ കമ്പനിയായ പതിയും കൊച്ചി ആസ്ഥാനമായുള്ള ഭഗീരഥയും ചേർന്നുള്ള പതിബെൽ എന്ന കമ്പനിക്കായിരുന്നു. ഈ കമ്പനിയുടെ കേരള പ്രോജക്ട് മാനേജറായിരുന്നു ലീ ബിൻ സീൻ. 2006 നവംബറിൽ കേരളത്തിൽ നിന്ന് മടങ്ങിയ ശേഷം ക്വാലാലംപൂരിലെ വസതിയിൽ ഇദ്ദേഹം ആത്മഹത്യ ചെയ്തു. മരിക്കുന്നതിന് മുൻപ് രണ്ട് കത്തുകളാണ് ലീ ബിൻ സീൻ എഴുതിയത്. അതിലൊന്ന് ഭാര്യയ്ക്കുള്ളതായിരുന്നു. മറ്റൊന്ന് പതിബെൽ കമ്പനിക്കുള്ളതും. രണ്ട് കത്തിലും അന്നത്തെ സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറിന്റെ പേരുണ്ടായിരുന്നു. മറ്റ് ചില ഉദ്യോഗസ്ഥരുടെ പേരും കത്തിലുണ്ടായി. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടെ അഴിമതിയും പീഡനവും മാനസിക ബുദ്ധിമുട്ടുകളും മൂലം ജീവിതം അവസാനിപ്പിക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു ലീ ബിൻ സീന്റെ ആത്മഹത്യാക്കുറിപ്പ്. ഇതിൽ കൈക്കൂലി ആവശ്യപ്പെട്ടതടക്കമുള്ള ആരോപണങ്ങളുണ്ടായി. കമ്പനിക്ക് ലഭിക്കേണ്ട 13 കോടി രൂപയുടെ അവസാനഘട്ട ബില്ലുകൾ ഗ്യാനേഷ് കുമാറും ഉദ്യോഗസ്ഥരും ചേർന്ന് വൈകിപ്പിച്ചുവെന്നായിരുന്നു ആരോപണം. എന്നാൽ നിർമാണം വൈകിപ്പിച്ചതിന് കമ്പനിക്ക് നൽകിയ പിഴയാണെന്നായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം.

മലേഷ്യൻ കമ്പനി ഉദ്യോഗസ്ഥന്റെ ആത്മഹത്യയും ഗ്യാനേഷ് കുമാറിനെതിരേയുള്ള ആരോപണങ്ങളും കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി. അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ ഇടപെട്ട് പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്തുനിന്ന് ഗ്യാനേഷ് കുമാറിനെ മാറ്റി. ഉദ്യോഗസ്ഥർക്കെതിരേയും നടപടിയുണ്ടായി. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും പ്രാഥമിക അന്വേഷണത്തിൽ മാത്രം അത് ഒതുങ്ങിപ്പോയി. ഒരു എഫ്.ഐ.ആറോ കുറ്റപത്രമോ പോലും ഉണ്ടാവാതെ കേസ് ഒതുങ്ങിയെന്നതാണ് വാസ്തവം.