മലപ്പുറം: മുസ്‌ലിം ലീഗ് വിട്ട് ഇടതുസ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ മാധ്യമങ്ങളെ നേരിട്ടുകണ്ട് മുൻ എംഎൽഎയും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുറഹിമാൻ രണ്ടത്താണി. ആദർശപരമായി താൻ ലീഗുകാരനാണെന്നും ഇന്നുവരെ ആ ട്രാക്കിൽനിന്ന് തെറ്റിപ്പോയിട്ടില്ലെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിനെ തെറ്റായി വ്യാഖാനിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, എൽഡിഎഫ് സ്ഥാനാർഥിയാകുമോ എന്ന ചോദ്യത്തിന് ഇത്തരം കാര്യങ്ങളെക്കുറിച്ച് ഇനി പ്രതികരിക്കാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

To advertise here,

എല്ലാ കാര്യങ്ങളും ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പ്രകടമാണെന്നാണ് അബ്ദുറഹിമാൻ രണ്ടത്താണി പറഞ്ഞത്. ലീഗിന്റെ സ്ഥാനാർഥി പട്ടികയിൽ ചിലരുടെ താത്പര്യങ്ങൾ നടപ്പാക്കാൻ ശ്രമിച്ചെന്ന് പറഞ്ഞല്ലോ, എന്താണ് ആ താത്പര്യമെന്ന ചോദ്യത്തിന് അതൊക്കെ എല്ലാവർക്കും സ്വാഭാവികമായി അറിയുന്ന കാര്യമാണെന്നായിരുന്നു മറുപടി. ഒരു പാർട്ടിക്കാരൻ എന്ന നിലയിലുള്ള വികാരം മാത്രമാണ് പ്രകടിപ്പിച്ചത്. ആദർശപരമായി താൻ ലീഗുകാരനാണ്. ഇന്നുവരെ ആ ട്രാക്കിൽനിന്ന് തെറ്റിപ്പോയിട്ടുള്ള ആളല്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം നേതാക്കളുമായി സംസാരിച്ചോ എന്ന ചോദ്യത്തിന് ഈ പരിസരത്തുള്ള സിപിഎം നേതാക്കളുമായെല്ലാം തനിക്ക് സൗഹൃദമുണ്ടല്ലോ എന്ന ഒഴുക്കൻ മറുപടിയാണ് രണ്ടത്താണി നൽകിയത്. ഫെയ്‌സ്ബുക്ക് പോസ്റ്റിനെ തെറ്റായി വ്യാഖാനിക്കുകയാണെന്നും അത് ഒരു പ്രതികരണം മാത്രമല്ലേയെന്നും രണ്ടത്താണി പറഞ്ഞു.

മുസ്‌ലിംലീഗ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് അബ്ദുറഹിമാൻ രണ്ടത്താണി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിമർശനവുമായി രംഗത്തെത്തിയത്. തിരൂരങ്ങാടിയിൽ പി.എം.എ. സമീറിനെ സ്ഥാനാർഥിയാക്കിയതിനെയായിരുന്നു അദ്ദേഹം പ്രധാനമായും എതിർത്തത്. പ്രാദേശിക കമ്മിറ്റികളോ പ്രവർത്തകരോ ആവശ്യപ്പെടാതെ സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പിഎംഎ സമീർ എന്നയാളെ അർഹതപ്പെട്ടവരുണ്ടായിട്ടും സ്ഥാനാർഥിയാക്കിയെന്നും നിഷ്‌കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താത്പര്യത്തിനായാണ് സമീറിനെ സ്ഥാനാർഥിയാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന്റെ മാനദണ്ഡം ചോദ്യംചെയ്യുന്നത് അച്ചടക്കലംഘനമായി കാണരുതെന്നും പാർട്ടിക്കായി കഠിനാധ്വാനംചെയ്യുന്നവർ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്നും രണ്ടത്താണി ഫെയ്‌സ്ബുക്കിൽ കുറിച്ചു.

അതേസമയം, മുസ്‌ലിം ലീഗിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ പരസ്യപ്രതികരണവുമായി രംഗത്തെത്തിയ അബ്ദുറഹിമാൻ രണ്ടത്താണി തിരൂരിലോ താനൂരിലോ എൽഡിഎഫ് സ്ഥാനാർഥിയാകുമെന്നും സൂചനയുണ്ട്. താനൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച വി. അബ്ദുറഹിമാൻ ഇതുവരെ മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചിട്ടില്ല. താനൂരിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചിട്ടും എൽഡിഎഫ് സ്ഥാനാർഥിയാക്കിയതിലുള്ള നീരസമാണ് ഇതിനുകാരണമെന്ന് അറിയുന്നു. തിരൂരിലേക്ക് മാറാനും വി. അബ്ദുറഹിമാന് ആഗ്രഹമുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് അബ്ദുറഹിമാൻ രണ്ടത്താണിയുമായി സിപിഎം നേതാക്കൾ ബന്ധപ്പെട്ടെന്ന സൂചനകളും പുറത്തുവരുന്നത്. തിരൂരിൽ ഇതുവരെ എൽഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഒരുപക്ഷേ, വി. അബ്ദുറഹിമാനെ തിരൂരിലേക്ക് മാറ്റി, അബ്ദുറഹിമാൻ രണ്ടത്താണിയെ താനൂരിൽ എൽഡിഎഫ് സ്ഥാനാർഥിയാക്കുമെന്നാണ് സൂചന. അല്ലെങ്കിൽ അബ്ദുറഹിമാൻ രണ്ടത്താണിയെ തിരൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായേക്കുമെന്നും സൂചനയുണ്ട്.